ഫോണ്‍ സ്വിച്ച് ഓഫ്; കാണാതായ ഭാര്യയ്ക്കായുള്ള ഭര്‍ത്താവിൻ്റെ അന്വേഷണം എത്തിനിന്നത് സോഫയ്ക്കുള്ളില്‍

വീട്ടിലെ സോഫയ്ക്കുള്ളില്‍ ഒടിച്ചുമടക്കിയ നിലയിലായിരുന്നു സ്വപ്‌നാലിയുടെ മൃതദേഹം കണ്ടെത്തിയത്. പൂനെയിലായിരുന്നു സംഭവം

ഫോണ്‍ സ്വിച്ച് ഓഫ്; കാണാതായ ഭാര്യയ്ക്കായുള്ള ഭര്‍ത്താവിൻ്റെ അന്വേഷണം എത്തിനിന്നത് സോഫയ്ക്കുള്ളില്‍
dot image

പൂനെ: കാണാതായ ഭാര്യയ്ക്കായുള്ള ഭര്‍ത്താവിന്റെ അന്വേഷണം എത്തിനിന്നത് താന്‍ കിടന്നുറങ്ങുന്ന സോഫയ്ക്കുള്ളില്‍. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. സ്വപ്‌നാലി ഉമേഷ് പവാര്‍ എന്ന 24കാരിയാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഏഴാം തീയതി മുതല്‍ സ്വപ്‌നാലിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഉമേഷ് നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ സോഫയ്ക്കുള്ളില്‍ ഒടിച്ചുമടക്കിയ നിലയില്‍ സ്വപ്‌നാലിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ക്യാബ് ഡ്രൈവറാണ് ഉമേഷ്. സ്വപ്‌നാലിയെ കാണാതാകുന്ന ഏഴാം തീയതി ബീഡ് എന്ന സ്ഥലത്ത് ഒരു യാത്രക്കാരനെ ഇറക്കാന്‍ ഉമേഷ് പോയിരുന്നു. അന്ന് രാവിലെ പത്ത് മണിക്ക് ഉമേഷ് സ്വപ്‌നാലിയെ ഫോണില്‍ വിളിച്ചിരുന്നു. ഇതിന് ശേഷം സ്വപ്‌നാലിയെ ബന്ധപ്പെടാനായില്ല. പിറ്റേന്ന് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഭാര്യയെക്കുറിച്ചുള്ള വിവരം ലഭിക്കാതെ വന്നപ്പോള്‍ ഉമേഷ് ഒരു സുഹൃത്തിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും സ്വപ്‌നാലിയെ കണ്ടെത്തിയില്ല. എട്ടാം തീയതി വൈകിട്ട് ഉമേഷ് തിരിച്ചെത്തി വീട്ടിലും തൊട്ടടുത്ത തെരുവുകളിലും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീടുകളില്‍ അന്വേഷിച്ചു. എന്നാല്‍ സ്വപ്‌നാലിയെക്കുറിച്ച് വിവരം ലഭിച്ചില്ല.

കഴിഞ്ഞ ദിവസം രാവിലെ സ്വപ്‌നാലിയുടെ ചില വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായത് ഉമേഷിന്റെ ശ്രദ്ധയില്‍പ്പെട്ടത് വഴിത്തിരിവായി. വീടിന്റെ പലഭാഗങ്ങളിലും ഉമേഷ് തിരച്ചില്‍ നടത്തി. ഇതിനിടെയാണ് സോഫയ്ക്കുള്ളില്‍ ഒടിച്ചുമടക്കിയ നിലയില്‍ സ്വപ്‌നാലിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സ്വപ്‌നാലിയുടേത് കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. കഴുത്തുഞെരിച്ചാണ് കൊലപാതകമെന്നും കഴുത്തില്‍ നഖത്തിന്റെ പാടുള്ളതായും പൊലീസ് അറിയിച്ചു. ആരും വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയ ലക്ഷണങ്ങളില്ല. സ്വപ്‌നാലിക്ക് പരിചയമുള്ള ആളാകാം കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് വ്യക്തമാക്കി.

Content Highlights- Pune Man Discovers Missing Wife's Body In Sofa 

dot image
To advertise here,contact us
dot image