അമുൽ: സഹകരണ പ്രസ്ഥാനത്തിൻ്റെ വിജയക്കൊടി; ഇന്ത്യയുടെ പാല്ക്കാരനെ' ഓർമ്മിക്കുമ്പോൾ

വര്ഗീസ് കുര്യന് വിടപറഞ്ഞിട്ട് ഇന്നേക്ക് 12 വര്ഷം

അമുൽ: സഹകരണ പ്രസ്ഥാനത്തിൻ്റെ വിജയക്കൊടി; ഇന്ത്യയുടെ പാല്ക്കാരനെ' ഓർമ്മിക്കുമ്പോൾ
dot image

'ഇന്ത്യയുടെ പാല്ക്കാരന്' എന്ന അപരനാമത്തിലാണ് ഡോ വര്ഗീസ് കുര്യന് അറിയപ്പെട്ടിരുന്നത്. പാല് സംഭരണത്തില് സ്വയം പര്യാപ്തതമല്ലാതിരുന്ന ഇന്ത്യയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പാലുത്പാദക രാജ്യങ്ങളിലൊന്നാക്കി മാറ്റാൻ കുര്യൻ നിസ്തുലമായ പങ്കാണ് വഹിച്ചത്. ക്ഷീര കര്ഷകരുടെ ജീവിതം മെച്ചപ്പെടുത്താനും അവരെ കൈപിടിച്ചുയര്ത്താനും വര്ഗീസ് കുര്യന് നടത്തിയ പ്രയത്നമാണ് ഇന്ത്യയെ വലിയ പാലുത്പാദക രാജ്യങ്ങളിലൊന്നാക്കി മാറ്റിയത്. 1921 നവംബര് 26 ന് കോഴിക്കോടായിരുന്നു വർഗീസ് കുര്യൻ്റെ ജനനം. ഫിസിക്സിലും മെക്കാനിക് എന്ജിനീയറിംഗിലും ബിരുദം നേടിയ കുര്യന് ജംഷഡ്പൂരിലെ ടാറ്റാ സ്റ്റീല് ടെക്നിക്കല് ഇന്സ്റ്റിറ്റ്യൂട്ടില് ചേര്ന്നു. അവിടെ നിന്നും ബിരുദമെടുത്ത എടുത്ത അദ്ദേഹം കേന്ദ്രസര്ക്കാരിന്റെ സ്കോളര്ഷിപ്പോടുകൂടി മെക്കാനിക്കല് എന്ജീനിയറിംഗില് മാസ്റ്റര് ഓഫ് സയന്സ് ബിരുദം എടുക്കാന് വേണ്ടി അമേരിക്കയിലേക്ക് പോയി. അവിടെ നിന്ന് ഡിസ്റ്റിന്ഷനോടെയാണ് അദ്ദേഹം പാസായത്.

അമുലിൻ്റെ പിറവിയുടെ ചരിത്രം

അപരിചിതമായ ഒരുമേഖലയില് വിദേശപഠനത്തിന് അവസരം കിട്ടിയപ്പോള് മനസ്സില്ലാ മനസ്സോടെ വര്ഗീസ് കുര്യന് ആ മേഖല തിരഞ്ഞെടുക്കുകയായിരുന്നു. രാജ്യത്തെ വലിയൊരു വിഭാഗം ജനതയുടെ ജീവിതഭാഗധേയം നിര്ണ്ണയിക്കുന്ന തീരുമാനമായി പിന്നീടത് മാറുകയായിരുന്നു. ഡയറി എന്ജിനീയറിംഗിലായിരുന്നു അദ്ദേഹത്തിന് വിദേശ ഉപരിപഠനത്തിന് അവസരം ലഭിച്ചത്. ആണവഭൗതിക ശാസ്ത്രവും ഡയറി എന്ജിനീയറിംഗും ഉപവിഷയങ്ങളാക്കി അമേരിക്കയിലെ മിഷിഗണ് സര്വ്വകലാശാലയില് നിന്നാണ് വര്ഗീസ് കുര്യന് എന്ജിനീയറിംഗില് ബിരുദാനന്തരബിരുദം പൂർത്തിയാക്കിയത്.

രാജ്യത്ത് തിരിച്ചെത്തിയ കുര്യൻ ഗുജറാത്തിലെ ആനന്ദില് പ്രവര്ത്തിച്ചിരുന്ന കേന്ദ്രസര്ക്കാരിന്റെ ഡയറി റിസര്ച്ച് ഇന്സിസ്റ്റ്യൂട്ടില് ഡയറി എന്ജിനീയറായി ജോലിയിൽ പ്രവേശിച്ചു. കയ്റ കോ-ഓപ്പറേറ്റീവിന്റെ നേതൃത്വത്തിലുള്ള ഡയറിയുടെ പ്രവര്ത്തനങ്ങള് ഇതോടെ കുര്യൻ്റെ സജീവശ്രദ്ധയിലെത്തി. അതിൻ്റെ നായകസ്ഥാനത്തുണ്ടായിരുന്ന ത്രിഭുവന്ദാസിനെ കുര്യൻ പരിചയപ്പെടുന്നത് പിന്നീട് ഇന്ത്യന് ക്ഷീരോത്പന്ന മേഖലയെ ലോകത്തെ തന്നെ ഏറ്റവും മികച്ച സേവനമേഖലയായി മാറ്റുന്നതിന് വഴിതെളിച്ചു.

കയ്റ സഹകരണ സെസൈറ്റിയുടെ ആദ്യ ജനറല് മാനേജരായി മാറിയ വര്ഗീസ് കുര്യന്റെ വിപ്ലവകരമായ ചിന്തകളാണ് പിന്നീട് അമുല് എന്ന സംരഭത്തിന്റെ പിറവിക്ക് വഴിതുറക്കുന്നത്. കര്ഷകരെ ഉത്പാദനത്തിലും വിപണനത്തിലും ഭരണനിര്വ്വഹണത്തിലും പങ്കാളിക്കുക എന്ന കാഴ്ചപ്പാടോടെ വര്ഗീസ് കുര്യന് 1960കളുടെ മധ്യത്തോടെ രൂപപ്പെടുത്തിയ അമുല് രാജ്യത്തിന്റെ സഹകരണ ചരിത്രത്തിലെ ഏറ്റവും മികച്ച വ്യവസായ സംരംഭം കൂടിയായി മാറിയത് ചരിത്രം. അമുലിനെ രാജ്യത്തെ ഏറ്റവും മാതൃകപരമായ സഹകരണ സ്ഥാപനമാക്കി മാറ്റുന്നതിനൊപ്പം സഹകരണമേഖലയുടെ നേതൃത്വത്തിലുള്ള ഉദ്പാദന സാധ്യതകളെക്കൂടി വിജയകരമായി നടപ്പിലാക്കാന് വര്ഗീസ് കുര്യന് സാധിച്ചു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില് ക്ഷീരമേഖലയില് വ്യാപകമായി സഹകരണസംഘങ്ങള് ഉയര്ന്ന് വന്നതിന്റെ പിന്നില് വര്ഗീസ് കുര്യന്റെ നേതൃത്വത്തില് നടന്ന വിജയകരമായ മുന്നേറ്റങ്ങളാണ്. രാജ്യത്ത് സഹകരണപ്രസ്ഥാനങ്ങള്ക്ക് ഭരണനിര്വ്വഹണത്തിനുള്ള പരിശീലനത്തിനും ഗവേഷണത്തിനും ഇന്സിസ്റ്റ്യൂട്ട് ഓഫ് റൂറല് മാനേജ്മെന്റ് എന്ന സ്ഥാപനവും വര്ഗീസ് കുര്യന്റെ നേതൃത്വത്തില് സ്ഥാപിക്കപ്പെട്ടു.

ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതത്തെ സഹകരണ പ്രസ്ഥാനങ്ങളിലൂടെ മാറ്റിമറിയ്ക്കാന് തന്റെ അറിവും പ്രാഗത്ഭ്യവും ജീവിതവും മാറ്റിവച്ച പ്രതിഭയായിരുന്നു വര്ഗീസ് കുര്യന്. അമുല് രാജ്യത്തെ സാമൂഹ്യവിപ്ളവത്തിന്റെ സഹകരണമാതൃകയായി വിജയിച്ചപ്പോള് അത്തരം ഇടപെടലുകള് ഇതരമേഖലയില് ഇല്ലാതെ പോയത് രാജ്യത്തെ സംബന്ധിച്ച് നഷ്ടമാണ്. ക്ഷീരമേഖലയില് കര്ഷകര്ക്ക് പങ്കാളിത്തമുള്ള മൂല്യവര്ദ്ധിത ഉത്പന്നങ്ങളുടെ ഒരു വ്യാവസായിക സംരംഭം എന്ന ആശയം ആറ് പതിറ്റാണ്ട് മുന്പ് വിജയകരമായി ആവിഷ്കരിച്ചുവെന്നത് കുര്യന്റെ സാമൂഹിക കാഴ്ചപ്പാടിന്റെ കൂടി ദൃഷ്ടാന്തമാകുന്നുണ്ട്. സ്ഥാപിക്കപ്പെട്ട് വെറും രണ്ട് പതിറ്റാണ്ടു കൊണ്ട് ഇന്ന് ഇന്ത്യയില് മാത്രമല്ല വിദേശരാജ്യങ്ങളില് പോലും അമൂല് ഉപഭോക്താക്കള്ക്ക് പ്രിയങ്കരമായ ഒരു ബ്രാന്ഡായ് മാറി.

അമൂലിൻ്റെ മാതൃകയിലുള്ള സഹകരണ പ്രസ്ഥാനത്തിന്റെ വിജയം ഇന്ത്യ മുഴുവന് വ്യാപിക്കണമെന്ന് അക്കാലത്ത് പ്രധാനമന്ത്രിയായിരുന്ന ലാല് ബഹദൂര് ശാസ്ത്രി ആഗ്രഹിച്ചത്. ഈ ഉദ്ദേശത്തോടെയാണ് നാഷ്ണല് ഡയറി ഡെവലെപ്മെന്റ് ബോര്ഡിന് രൂപം നല്കിയത്. സ്വഭാവികമായും കുര്യന് തന്നെയായിരുന്നു അതിന്റെ ചെയര്മാന്. പാൽ ഉദ്പാദനത്തിനായി രാജ്യം കടന്നുപോയ വഴികളെ ധവള വിപ്ലവം എന്ന പേരിലാണ് ഇന്ന് വിശേഷിപ്പിക്കപ്പെടുന്നത്. പാല് ഇറക്കുമതി ചെയ്തു കൊണ്ടിരുന്ന ഇന്ത്യ പാലും പാലുത്പന്നങ്ങളും കയറ്റി അയക്കുന്ന രാജ്യം എന്ന നിലയിലേയ്ക്ക് മാറിയതിൻ്റെ മുഴുവൻ ക്രെഡിറ്റും വർഗീസ് കുര്യനാണ്. അത് കൊണ്ട് കൂടിയാണ് 'ഇന്ത്യയുടെ പാല്ക്കാരന്' എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.

dot image
To advertise here,contact us
dot image