
റാഞ്ചി: ഝാർഖണ്ഡ് നിയമസഭയിൽ ബഹളമുണ്ടാക്കിയ 18 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ. ഓഗസ്റ്റ് 2-ന് ഉച്ചയ്ക്ക് 2 മണി വരെയാണ് സ്പീക്കർ രബീന്ദ്ര നാഥ് മഹ്തോ ഇവരെ സസ്പെൻഡ് ചെയ്തത്. പുറത്തുപോവാൻ വിസമ്മതിച്ച എംഎൽഎമാരെ മാർഷലുകൾ ബലം പ്രയോഗിച്ചാണ് നീക്കിയത്. സഭ തുടങ്ങും മുമ്പ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നു. സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ബിജെപി നിയമസഭാംഗങ്ങൾ ഇരച്ചുകയറുകയും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഇവർ ചില രേഖകൾ വലിച്ചുകീറുകയും ചെയ്തു.
തുടർന്ന് ഹാജരായ 20 ബിജെപി എംഎൽഎമാരിൽ 18 പേരെ മഹ്തോ സസ്പെൻഡ് ചെയ്യുകയായിരുന്നു. സസ്പെൻഡ് ചെയ്തിട്ടും അവർ പിരിഞ്ഞുപോകാൻ വിസമ്മതിച്ചതിനാൽ അദ്ദേഹം മാർഷലുകളെ വിളിച്ച് പ്രതിപക്ഷ അംഗങ്ങളെ നീക്കി.
നിയമസഭാ എത്തിക്സ് കമ്മിറ്റി വിഷയം അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകുമെന്ന് സ്പീക്കർ പറഞ്ഞു. 12.30 വരെ സഭ നിർത്തിവച്ചു. ഝാർഖണ്ഡിൽ ഏകാധിപത്യമാണ് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അമർ ബൗരി ആരോപിച്ചു. ഈ സർക്കാരിനെ വേരോടെ പിഴുതുമാറ്റുമെന്നും ബൗരി കൂട്ടിച്ചേർത്തു.