നീതി ആയോഗ് യോഗം ഇന്ന്; കേരളം അടക്കം പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല

ഇന്‍ഡ്യാ സഖ്യ നേതൃയോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഇത്തരമൊരു നീക്കം

dot image

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നീതി ആയോഗ് യോഗം ഇന്ന് ചേരും. കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങളെ അവഗണിച്ചു എന്ന് വ്യക്തമാക്കി കേരളം അടക്കം പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്‌കരിക്കും. ഇന്‍ഡ്യാ സഖ്യ നേതൃയോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഇത്തരമൊരു നീക്കം.

മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, പുതുച്ചേരി മുഖ്യമന്ത്രിമാരും യോഗത്തിനെത്തില്ല. അതേസമയം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന താല്‍പര്യം കണക്കിലെടുത്താണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നാണ് വിശദീകരണം.

മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും മമതയോട് യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കുണ്ടായ അവഗണന യോഗത്തില്‍ മമത ഉയര്‍ത്തും. നീതി ആയോഗ് എടുത്ത് കളഞ്ഞ് പ്ലാനിങ് കമ്മീഷന്‍ പുനഃസ്ഥാപിക്കണം എന്ന ആവശ്യവും മമത ബാനാര്‍ജിക്കുണ്ട്. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം ബജറ്റിലെ വിവേചനം ഉയര്‍ത്തി കാട്ടി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ്. ഇന്ന് ബജറ്റിലെ അവഗണനയ്ക്ക് എതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്താനാണ് ഡിഎംകെ തീരുമാനം.

മുഴുവന്‍ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവരാണ് നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കേണ്ടത്.

dot image
To advertise here,contact us
dot image