


 
            ന്യൂഡൽഹി: മോദി സര്ക്കാരിന്റെ മൂന്നാമൂഴത്തില് രാജ്യസഭയില് പ്രതിപക്ഷത്തിനൊപ്പം ചേര്ന്ന് ബിജു ജനതാദള്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്ച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി പറയുന്നതിനിടെയായിരുന്നു പ്രതിപക്ഷത്തിനൊപ്പം ബിജെഡി രാജ്യസഭയില് നിന്നും ഇറങ്ങിപ്പോയത്. നേരത്തെ ബിജെപി സഖ്യകക്ഷിയായിരുന്നു ബിജെഡി. രണ്ടാം മോദി സര്ക്കാരിന്റെ കാലയളവില് രാജ്യസഭയില് ബിജെപിയെ പിന്തുണച്ചിരുന്നു. രണ്ടാം മോദി സര്ക്കാര് അവതരിപ്പിച്ച ഭരണഘടനാ ബില്ലുകള് രാജ്യസഭയില് പാസാക്കുന്നതില് നേരത്തെ ബിജെഡി സര്ക്കാരിനെ പിന്തുണച്ചിരുന്നു.
രണ്ടാം മോദി സര്ക്കാരിന്റെ കാലത്ത് സഖ്യകക്ഷികളെപ്പോലെയായിരുന്നു ബിജെഡി രാജ്യസഭയില് നിലപാട് സ്വീകരിച്ചിരുന്നത്. ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പില് ബിജെഡി എന്ഡിഎ സഖ്യത്തില് മത്സരിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ജമ്മു കാശ്മീരിനുള്ള പ്രത്യേക അവകാശം റദ്ദ് ചെയ്യുന്ന ബില്, ഭീരകവിരുദ്ധ നിയമമായ യുഎപിഎ ഭേദഗതി ബില്, വിവരാവകാശ നിയമം, ദില്ലി ഗവര്ണര്ക്ക് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനുള്ള അധികാരം നല്കുന്ന ബില് തുടങ്ങിയ നിയമങ്ങളെല്ലാം രാജ്യസഭയില് പാസ്സാകാന് ബിജെഡി പിന്തുണ നല്കിയിരുന്നു. ഈ സമയത്തെല്ലാം ബിജെപിയുമായും കോണ്ഗ്രസുമായി സമദൂര ബന്ധമായിരുന്നു പുലര്ത്തിയിരുന്നത്. കേന്ദ്ര സര്ക്കാരിന് പ്രശ്നാധിഷ്ഠിത പിന്തുണയാണ് ബിജെഡി നല്കിയിരുന്നത്.
ഇതിന് പിന്നാലെയാണ് ഒഡീഷയില് ബിജെപി ഒറ്റയ്ക്ക് മത്സരിക്കാന് തീരുമാനിക്കുന്നതും നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെഡിയെ നിലംപരിശാക്കിയതും. രാജ്യസഭയിലെ ഒന്പത് അംഗങ്ങള് ശക്തമായ പ്രതിപക്ഷമായി പ്രവര്ത്തിക്കുമെന്ന് തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നവീന് പട്നായിക്ക് വ്യക്തമാക്കിയിരുന്നു. ബിജെപിക്ക് പിന്തുണയില്ലെന്നും ഒഡീഷയുടെ താല്പ്പര്യം സംരക്ഷിക്കാന് ഏതറ്റംവരെയും പോകുമെന്നും രാജ്യസഭയിലെ ബിജെഡി നേതാവ് സസ്മിത് പത്രയും വ്യക്തമാക്കിയിരുന്നു. ഇത്തവണ ബിജെഡി വിഷയങ്ങള് പറയുക മാത്രമല്ല ഒഡീഷയുടെ താല്പ്പര്യങ്ങള് അവഗണിച്ചാല് കേന്ദ്ര സര്ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്ത്തിക്കൊണ്ടുവരുമെന്നും സസ്മിത് വ്യക്തമാക്കി.
യുപിഎ അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയെ പരിഹസിക്കുന്ന പരാമര്ശം പ്രസംഗത്തിനിടെ മോദി നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം രാജ്യസഭ ബഹിഷ്കരിച്ചത്. 'ഇത്തരക്കാര് ഓട്ടോ പൈലറ്റിലും റിമോട്ട് പൈലറ്റിലും സര്ക്കാര് പ്രവര്ത്തിപ്പിക്കുന്നത് പതിവാണ്. അവര് ജോലിയില് വിശ്വസിക്കുന്നില്ല, അവര്ക്ക് എങ്ങനെ കാത്തിരിക്കണമെന്ന് മാത്രമേ അറിയൂ' എന്നായിരുന്നു സോണിയാഗാന്ധിയെ പരേക്ഷമായി സൂചിപ്പിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പരാമർശം.
ഇതിന് മറുപടി പറയാന് ഖാര്ഗെയെ അനുവദിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ എംപിമാര് 'എല്ഒപി കോ ബോള്നേ ദോ' എന്ന മുദ്രാവാക്യം വിളിച്ചു. ഖാര്ഗെയും ചെയര്മാനോട് ഇടപെടാനുള്ള അവസരം ആവര്ത്തിച്ച് അഭ്യര്ത്ഥിച്ചു. പിന്നീട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഒടുവില് പ്രതിപക്ഷത്തിന്റെ പെരുമാറ്റം ഉചിതമല്ലെന്ന് ധന്കര് പറഞ്ഞു. 'അണ്പാര്ലമെന്ററി സമ്പ്രദായത്തെ ഞാന് ശക്തമായി അപലപിക്കുന്നു, ദയവായി നിങ്ങളുടെ ഇരിപ്പിടങ്ങളില് ഇരിക്കൂ' എന്നായിരുന്നു ധന്കർ സഭയില് പറഞ്ഞു.
പ്രധാനമന്ത്രി മോദി കള്ളം പറയുന്നതിനാലാണ് ഇൻഡ്യ സഖ്യത്തിലെ പാര്ട്ടികള് ഇറങ്ങിപ്പോയതെന്ന് ഖാര്ഗെ പിന്നീട് സോഷ്യല് മീഡിയ പോസ്റ്റില് പറഞ്ഞിരുന്നു. 'ഞങ്ങള് ഭരണഘടനക്കെതിരാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു, എന്നാല് ബിജെപി-ആര്എസ്എസും ജനസംഘവും അവരുടെ രാഷ്ട്രീയ പൂര്വ്വികരും ഇന്ത്യന് ഭരണഘടനയെ ശക്തമായി എതിര്ത്തിരുന്നു എന്നതാണ് സത്യം' എന്നായിരുന്നു ഖാര്ഗെ സോഷ്യല് മീഡിയയില് കുറിച്ചത്.
 
                        
                        