
ന്യൂഡൽഹി: എത്തിക്സ് കമ്മിറ്റിയുടെ വൃത്തികെട്ട ചോദ്യങ്ങളുടെ റെക്കോഡുകൾ തന്റെ കൈവശമുണ്ടെന്ന് തൃണമൂൽ എംപി മഹുവ മൊയ്ത്ര. എത്തിക്സ് പാനൽ അദ്ധ്യക്ഷന്റെ വൃത്തികെട്ടതും അപ്രസക്തവുമായ ചോദ്യങ്ങൾക്ക് ഏതു തരത്തിലുളള മറുപടിയാണ് താൻ നൽകിയത് എന്നതിന്റെ കൃത്യമായ പകർപ്പ് തന്റെ കൈയിൽ ഉണ്ടെന്നും മഹുവ മൊയ്ത്ര എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പാര്ലമെന്റില് ചോദ്യംചോദിക്കാന് കോഴവാങ്ങിയെന്ന ആരോപണത്തില് ലോക്സഭാ എത്തിക്സ് കമ്മിറ്റിക്കുമുന്നില് ഹാജരായ മഹുവ മൊയ്ത്ര ഇറങ്ങിപ്പോയിരുന്നു.
'എന്റെ കൈയിൽ എത്തിക്സ് കമ്മിറ്റിയുടെ വാക്കുകളുടെ കൃത്യമായ പകർപ്പ് ഉണ്ട് എന്ന കാര്യം ഓർമിക്കണം. ചെയർമാന്റെ വിലകുറഞ്ഞ, നീചമായ അപ്രസക്ത ചോദ്യങ്ങൾ, പ്രതിപക്ഷത്തിന്റെ പ്രതിഷേധം, എന്റെ പ്രതിഷേധം എല്ലാം ഔദ്യോഗികമായിത്തന്നെ കൈയിൽ ഉണ്ട്,' മഹുവ മൊയ്ത്ര വ്യക്തമാക്കി.
തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് അറിയാമായിരുന്നു. അതിനെ സ്വാഗതം ചെയ്യുന്നുവെന്നും മഹുവ മൊയ്ത്ര പറഞ്ഞു. എന്നാൽ 13,000 കോടിയുടെ കൽക്കരി അഴിമതിക്കേസിൽ ഗൗതം അദാനിക്കെതിരെ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എപ്പോൾ കേസ് രജിസ്റ്റർ ചെയ്യുമെന്നും മഹുവ മൊയ്ത്ര ചോദിച്ചു.
മഹുവ മൊയ്ത്ര ഹിയറിങ്ങിനിടെ ഇറങ്ങിപ്പോയതിന് പിന്നാലെ ഹിയറിങ് രീതിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ എംപിമാരും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. എന്നാൽ മഹുവ മൊയ്ത്രയും പ്രതിപക്ഷ എംപിമാരും എത്തിക്സ് കമ്മിറ്റിയെ അപമാനിച്ചുവെന്നായിരുന്നു ബിജെപി എംപി നിഷികാന്ത് ദുബെയുടെ പ്രതികരണം. യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായാണ് മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയത്. അവർ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. വിഷയം ദേശസുരക്ഷയെ ബാധിക്കുന്നതാണെന്നും നിഷികാന്ത് ദുബെ പറഞ്ഞിരുന്നു.