

കട്ടക്ക്: മുടങ്ങിപ്പോയ വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ ഉഭയ സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഒഡിഷ ഹൈക്കോടതി. ഭുവനേശ്വർ സ്വദേശിയായ യുവാവിനെതിരെയുള്ള ബലാത്സംഗ കുറ്റം പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. യുവാവിനെതിരായ ബലാത്സംഗ കുറ്റം റദ്ദാക്കുകയും ചെയ്തു.
ഇയാൾക്കെതിരേയുള്ള വഞ്ചന ഉൾപ്പടെയുളള ആരോപണങ്ങൾ അന്വേഷണത്തിന് വിടുന്നതായും ജസ്റ്റിസ് ആർ കെ പട്നായിക് ഉത്തരവിട്ടു. 'വാഗ്ദാനം നിറവേറ്റാൻ കഴിയാത്തതും വിവാഹം കഴിക്കുമെന്ന വ്യാജ വാഗ്ദാനം നൽകുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യം പറഞ്ഞത് പോലെയാണെങ്കിൽ, അത്തരം ലൈംഗിക ബന്ധത്തിൽ, ഐപിസി 376 വകുപ്പ് പ്രകാരമുള്ള ഒരു കുറ്റകൃത്യം ചെയ്യുന്നില്ല. എന്നാൽ രണ്ടാമത്തേതിൽ, ആ വാഗ്ദാനം തന്നെ വ്യാജമാണെങ്കിൽ ശിക്ഷയ്ക്ക് അർഹമാണ്' ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.
വിവാഹ വാഗ്ദാനത്തിന്മേൽ രണ്ട് പേർ ശാരീരിക ബന്ധത്തിലേർപ്പെടുകയും ചില കാരണങ്ങളാൽ അത് നടക്കാതെ പോവുകയും ചെയ്താൽ അതിനെ ബലാത്സംഗം എന്ന് വിളിക്കാനാകില്ലെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഒരു ബന്ധം തുടക്കത്തിൽ സൗഹൃദത്തോടെ ആരംഭിക്കുകയും പിന്നീട് ദുഷ്കരമാവുകയും ചെയ്താൽ ചെയ്താൽ, അത് അവിശ്വാസത്തിന്റെ ഉൽപ്പന്നമായി മുദ്രകുത്തപ്പെടരുത്. കൂടാതെ പുരുഷ പങ്കാളിയിൽ ഒരിക്കലും ബലാത്സംഗ കുറ്റം ആരോപിക്കരുത്," കോടതി പറഞ്ഞിരുന്നു.