

ഇടുക്കി: ബിജെപി വിട്ട പത്മജ വേണുഗോപാലിനും പത്മിനി തോമസിനുമെതിരെ സിപിഐഎം വിട്ട് ബിജെപിയിലെത്തിയ എസ് രാജേന്ദ്രന്. പാര്‍ട്ടിയില്‍ എത്തിയാല്‍ ആഗ്രഹിക്കുന്നത് ഒന്നും ഉടന്‍ ലഭിക്കില്ലെന്ന് അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ആദ്യം സ്വന്തമായി പാര്‍ട്ടിക്ക് ചെയ്യേണ്ടത് ചെയ്യണം. പാര്‍ട്ടിയുടെ രീതി മനസ്സിലാക്കണം. ഇതൊന്നും ചെയ്യാതെ അവഗണിക്കപ്പെട്ടുവെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ബിജെപിയില്‍ പൂര്‍ണ്ണ തൃപ്തനാണ്. ബിജെപിക്ക് വേണ്ടി ചെയ്യേണ്ടതെല്ലാം താന്‍ ചെയ്യുന്നുണ്ട്. ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും കാണുന്നില്ല എന്ന് പറയുന്നതില്‍ കാര്യമില്ല. പാര്‍ട്ടി സംവിധാനം അനുസരിച്ച് താഴെ തട്ട് മുതല്‍ മുകള്‍ തട്ട് വരെ നിരവധി നേതാക്കളുണ്ട്. അവരുമായി ആശയവിനിമയം നടത്താം. സംസ്ഥാന പ്രസിഡന്റ് മുഴുവന്‍ സമയം കേരളത്തില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ലെന്നും രാജേന്ദ്രൻ പറഞ്ഞു. ടൈം ടേബിള്‍ പ്രകാരമാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും എസ് രാജേന്ദ്രന് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
അതേസമയം, പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസ് പ്രവേശനം അനിശ്ചിതത്വത്തില്‍ തുടരുകയാണ്. മുന്‍കാല പ്രസ്താവനകളില്‍ മാപ്പ് പറയാതെ പാര്‍ട്ടിയില്‍ അംഗത്വം നല്‍കരുതെന്ന നിലപാട് ഒരു വിഭാഗം നേതാക്കള്‍ സ്വീകരിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. തെറ്റ് തിരുത്തി പാര്‍ട്ടിയിലേക്ക് വരുന്നവരെ സ്വീകരിക്കാമെന്നതാണ് പൊതുനിലപാട് എങ്കിലും പത്മജയുടെ കാര്യത്തില്‍ ചര്‍ച്ച നടക്കണമെന്നാണ് ആവശ്യം.
കോണ്‍ഗ്രസിനും നേതാക്കള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി പാര്‍ട്ടി വിട്ട പത്മജ ബിജെപിയെയും നരേന്ദ്ര മോദിയെയും വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. ഇത് പത്മജയ്ക്ക് മുന്നില്‍ വലിയ തടസ്സമാണ്. പിതാവ് കെ കരുണാകരന് ജീവിച്ചിരുന്നെങ്കില്‍ തന്നേക്കാള്‍ മുന്നേ ബിജെപിയില്‍ എത്തിയേനെ, ഇല്ലാത്ത വര്‍ഗീയത കോണ്‍ഗ്രസ് പറയും, വളര്‍ത്തികൊണ്ടുവന്നവരെ നശിപ്പിക്കുകയെന്നതാണ് കോണ്‍ഗ്രസ് പാരമ്പര്യം എന്നതടക്കം പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന കടുത്ത പ്രസ്താവനകള്‍ പത്മജയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.
അങ്ങനെയിരിക്കെ പത്മജയ്ക്ക് മടങ്ങിവന്ന ഉടന്‍ പാര്‍ട്ടി അംഗത്വം നല്‍കുന്നത് ഗൗരവത്തോടെയല്ല കാര്യങ്ങള്‍ കാണുന്നതെന്ന പ്രതീതി സൃഷ്ടിക്ക് ഇടയാക്കുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അതേസമയം പത്മജയ്ക്ക് പിന്നാലെ ബിജെപി വിട്ടെത്തിയ പത്മിനി തോമസിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസില്‍ എതിര്‍പ്പില്ല.
അതേസമയം കോണ്‍ഗ്രസ് പ്രവേശനം ലക്ഷ്യമിടുന്ന പത്മജ ആദ്യം കെപിസിസി അധ്യക്ഷന്‍ കത്ത് കൈമാറാനാണ് തീരുമാനിച്ചിരുന്നതെങ്കില്‍ അതിന് മുമ്പ് പ്രധാന നേതാക്കളെ കണ്ടേക്കും. മുഖ്യമന്ത്രി വിഡി സതീശന്, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, എകെ ആന്റണി, വിഎം സുധീരന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പത്മജയുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയുമാണെന്നാണ് കെ മുരളീധരന് പ്രതികരിച്ചത്. പാര്‍ട്ടിക്ക് അതിനുള്ള സംവിധാനമുണ്ടെന്നും അനാവശ്യ ബഹളം വേണ്ടെന്നും കെ മുരളീധരനും പറഞ്ഞത്.
Content Highlights: s rajendran criticises padmaja venugopal and padmini thomas after joining bjp