'റാങ്ക് ലിസ്റ്റ് അട്ടിമറിച്ചാണത്രേ എന്റെ ഭാര്യയുടെ നിയമനം,മാതൃഭൂമീ ക്ഷമക്കും ഒരതിരുണ്ട്, ഇനി കോടതിയില്‍ കാണാം'

മാതൃഭൂമിയും ചിലരും ചേര്‍ന്ന് നടത്തുന്ന വ്യക്തിഹത്യക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എം ബി രാജേഷ് പറഞ്ഞു

'റാങ്ക് ലിസ്റ്റ് അട്ടിമറിച്ചാണത്രേ എന്റെ ഭാര്യയുടെ നിയമനം,മാതൃഭൂമീ ക്ഷമക്കും ഒരതിരുണ്ട്, ഇനി കോടതിയില്‍ കാണാം'
dot image

പാലക്കാട്: മാതൃഭൂമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി എം ബി രാജേഷ്. ഭാര്യയ്ക്ക് നിയമനം നല്‍കിയത് റാങ്ക് ലിസ്റ്റ് അട്ടിമറിച്ചാണെന്നുള്ള മാതൃഭൂമി വാര്‍ത്തയ്‌ക്കെതിരെയാണ് എം ബി രാജേഷ് രംഗത്തെത്തിയത്. ക്ഷമക്കും ഒരതിരുണ്ടെന്നും ഇനി കോടതിയില്‍ കാണാമെന്നും എം ബി രാജേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. മാതൃഭൂമി ക്രിമിനല്‍ ഗൂഢാലോചന നടത്തുകയാണ്. തന്നോടുള്ള രാഷ്ട്രീയ വിരോധം മൂലം കുടുംബത്തെ തന്നെ നശിപ്പിക്കാനാണ് പത്രത്തിലെ ചില നികൃഷ്ട ജീവികള്‍ ചില സാമൂഹിക വിരുദ്ധര്‍ക്കൊപ്പം ഗൂഢാലോചന നടത്തുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.

ഭാര്യയുടെ നിയമനം അനധികൃതമാണെന്നാണ് മാതൃഭൂമിയുടെ മറ്റൊരു വാദം. അങ്ങനെയാണെങ്കില്‍ പത്രാധിപര്‍ അത് കോടതിയില്‍ തെളിയിക്കണം. നിയമനങ്ങളെല്ലാം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ശരിവെച്ചാലും നുണ ആവര്‍ത്തിക്കുകയോ?. ഹൈക്കോടതിയേക്കാള്‍ വലിയ വിധികര്‍ത്താക്കളാണോ ഇവര്‍? കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്തയും അതിലെ നുണകള്‍ പലതും നിലനില്‍ക്കില്ലെന്ന് വന്നപ്പോള്‍ ഇന്ന് മാറ്റം വരുത്തി നല്‍കിയ വാര്‍ത്തയും ഗൂഢാലോചനയില്‍ നിന്നുണ്ടായതാണ്. ഒരു സാമൂഹിക വിരുദ്ധന് വിരോധമുള്ളവരെ അപമാനിക്കാനുള്ള ആയുധമായി ഈ പത്രത്തിലെ ചിലര്‍ നിന്നുകൊടുക്കുമ്പോള്‍ ചോദിക്കാനും പറയാനും അവിടെ ആളും നാഥനുമില്ലാതായെന്നും എം ബി രാജേഷ് പറഞ്ഞു.

മാതൃഭൂമിയും ചിലരും ചേര്‍ന്ന് നടത്തുന്ന വ്യക്തിഹത്യക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലഭ്യമായ രേഖകളെല്ലാം അഭിഭാഷകര്‍ക്ക് കൈമാറി. മാനനഷ്ടക്കേസ് മാത്രമല്ല, അതിനൊപ്പം മറ്റ് ചില നിയമനടപടികളുമായിക്കൂടി മുന്നോട്ടു പോകാനാവും എന്നാണ് നിയമോപദേശം. ആസൂത്രിത ഗൂഡാലോചനയിലൂടെ ബോധപൂര്‍വ്വം പച്ചക്കള്ളം വാര്‍ത്തയായി നല്‍കുക, അതിലൂടെ സൈബറാക്രമണത്തിനുള്ള ആയുധം യുഡിഎഫ് സൈബര്‍ ക്രിമിനലുകള്‍ക്ക് നല്‍കുക, ആ ഉദ്ദേശ്യം നടന്ന് കഴിഞ്ഞാല്‍ ആദ്യ വാര്‍ത്തയില്‍ പറഞ്ഞ കള്ളങ്ങള്‍ പതുക്കെ വിഴുങ്ങുക എന്നതാണ് വ്യക്തിഹത്യയുടെ ആസൂത്രിത രൂപം. ഗൂഢാലോചന വാര്‍ത്തയില്‍ മാത്രം ഒതുങ്ങുന്നില്ല. വാര്‍ത്ത മാത്രമല്ല, പുറത്തുനിന്ന് വളയമില്ലാത്ത ചാട്ടമാണ്. എത്ര ചാടുമെന്ന് കാണാമെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

ക്രൂരമായ വ്യക്തിഹത്യ സഹിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. ക്ഷമിക്കുന്നതിന് ഒരു പരിധിയുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്തെ ദുരാരോപണമാണ് മാതൃഭൂമി വീണ്ടും ആവര്‍ത്തിച്ചത്. അന്ന് ചിലര്‍ ഉയര്‍ത്തിയ മറ്റൊരു നീചമായ ആരോപണം വാളയാര്‍ കേസുമായി ബന്ധപ്പെട്ടായിരുന്നു. സിബിഐ കുറ്റപത്രം സത്യം പുറത്തുകൊണ്ടുവന്നപ്പോഴാണ് അപവാദപ്രചാരകര്‍ ഗത്യന്തരമില്ലാതെ നിര്‍ത്തിയത്. പക്ഷേ താന്‍ കൊടുത്ത മാനഷ്ടക്കേസ് ഇപ്പോള്‍ വിചാരണ ഘട്ടത്തിലാണ്. നിയമനത്തിന്റെ പേരിലെ വ്യക്തിഹത്യക്കെതിരെയും അന്ന് തന്നെ നിയമനടപടിക്ക് ഒരുങ്ങിയതാണ്. ആവശ്യമായ നിര്‍ണായക വിവരങ്ങളെല്ലാം കയ്യിലെത്തിയപ്പോഴേക്കും സ്പീക്കറായി. ഉന്നത ഭരണഘടനാ പദവിയിലുള്ള സ്പീക്കര്‍ ഒരു നിയമനടപടിക്ക് കോടതി കയറിയിറങ്ങുന്നതിന്റെ അനൗചിത്യം ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് അന്ന് കേസ് നല്‍കാതിരുന്നത്. അന്ന് അതിന് നേതൃത്വം നല്‍കിയവര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വ്യക്തിഹത്യ നിര്‍ത്തുകയും ചെയ്തു. അക്കൂട്ടത്തിലെ ഒരുവന്‍ മാത്രമാണിപ്പോള്‍ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത്. കാലടി സമരമാണ് ഇപ്പോഴത്തെ കാരണം. യുഡിഎഫിന് വേണ്ടിയാണിതെന്നും എം ബി രാജേഷ് ആരോപിച്ചു. 'നിയമത്തിനപ്പുറം ചാടിയ ഒരു ആപ്പീസറുണ്ട് ഗൂഢാലോചനയില്‍. ഒന്നും ആര്‍ക്കും മനസ്സിലാവില്ലെന്ന് കരുതരുത്. ഭരണസ്വാധീനം കൊണ്ട് രക്ഷപ്പെടാം എന്നും കരുതണ്ട. വളയമില്ലാതെ ചാടാന്‍ ഉപദേശിച്ച ശശികുമാരന്‍ തന്നെ നിയമപരിരക്ഷ നല്‍കുമെന്ന് ആപ്പീസര്‍ ഉറപ്പാക്കുന്നതു നന്നാവും', എന്ന് പറഞ്ഞുകൊണ്ടാണ് എം ബി രാജേഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Content Highlights- M B Rajesh strongly criticised Mathrubhumi over a report alleging that his wife's appointment involved manipulation of the rank list. He said there were limits to his patience and indicated that he would take the matter to court.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us