നാറ്റ്‌കോ കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല, ആരോഗ്യ മന്ത്രിയെ കാണാൻ പലരും വരും; കെ മുരളീധരൻ

ടാസ്ക് ഫോഴ്‌സില്‍ കേരളത്തിന്റെ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്ന ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു

നാറ്റ്‌കോ കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല, ആരോഗ്യ മന്ത്രിയെ കാണാൻ പലരും വരും; കെ മുരളീധരൻ
dot image

തിരുവനന്തപുരം: നാറ്റ്‌കോ കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ദൃശ്യങ്ങള്‍ തെളിവായി നില്‍ക്കെയാണ് നാറ്റ്കോ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറയുന്നത്. ആരോഗ്യ മന്ത്രിയെ കാണാന്‍ പലരും വരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പലരും എന്റെ ഓഫീസില്‍ വന്ന് സന്ദര്‍ശിക്കാറുണ്ട്. വാദിയും പ്രതിയും ഓഫീസില്‍ വന്ന് കാണും പലരും ഡോക്യുമെന്റുകള്‍ തരും, എന്നാല്‍ അത് പരിശോധിച്ച് ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമെ ആരോഗ്യ വകുപ്പ് തീരുമാനം എടുക്കൂ എന്നും മന്ത്രി വ്യക്തമാക്കി. താന്‍ ഒരു കമ്പനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു. ടാസ്ക് ഫോഴ്‌സില്‍ കേരളത്തിന്റെ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്ന ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. താന്‍ മന്ത്രിയായിരുക്കുന്ന കാലത്തോളം ഒരു ഡേറ്റയും ചോരില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

സിഎംആര്‍എല്‍-എക്‌സാലോജിക് കേസിലും കെ മുരളീധരന്‍ പ്രതികരിച്ചു. കേസില്‍ സര്‍ക്കാര്‍ നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്ന് പറഞ്ഞാണ് അദ്ദേഹം പ്രതികരിച്ചത്. ഇ ഡി പറഞ്ഞാല്‍ സര്‍ക്കാര്‍ ചാടിക്കേറി കേസെടുക്കില്ല. ഇ ഡിയുടെ പരാതിയില്‍ പ്രഥമ ദൃഷ്ട്യാ കേസെടുക്കാന്‍ കഴിയുമോയെന്ന് സര്‍ക്കാര്‍ പരിശോധിച്ചു. തുടര്‍ന്ന് ഹൈക്കോടിതി നിര്‍ദേശത്തിലാണ് ഇ ഡിയുടെ പരാതിയില്‍ കേസെടുത്തത്. അതാണ് സര്‍ക്കാര്‍ നിലപാട്. ഇനി സുപ്രീംകോടതി പറയുന്നത് അനുസരിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് കണ്ണടച്ച് വിഴുങ്ങില്ലെന്നും എം ആര്‍ അജിത് കുമാറിനെ ആര് വിചാരിച്ചാലും രക്ഷിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

എസ്എംഎ രോഗികള്‍ക്കുള്ള മരുന്ന് വിവാദങ്ങള്‍ക്കിടെ, ആരോഗ്യമന്ത്രി കെ മുരളീധരനുമായി നാറ്റ്‌കോ കമ്പനി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങൾ റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. നാറ്റ്‌കോയുടെ കേരള ഹെഡ്ഡും നാഷണല്‍ ചുമതലക്കാരനുമാണ് മന്ത്രിയെ ഓഫീസില്‍ എത്തി കണ്ടത്. ഇതിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നത്. കമ്പനി പ്രതിനിധികള്‍ക്കൊപ്പം എസ്എടി ഡയറക്ടര്‍ ഡോ ഐ റിയാസും ചീഫ് ഫാര്‍മസിസ്റ്റ് എ ബിജുവും ഉണ്ടായിരുന്നു.

Content Highlights: K Muraleedharan said he had not met representatives of Natco company, adding that many people visit the Health Minister. His statement addresses questions surrounding the alleged meeting

dot image
To advertise here,contact us
dot image