ഖത്തര്‍ KMCC ഓഫീസിലെ കവര്‍ച്ച: 'ജോലിവാഗ്ദാനംചെയ്ത് വിദേശത്തെത്തിച്ച് കവർച്ചയിൽ പങ്കാളിയാക്കി'; പ്രതി ബാലകൃഷ്ണൻ

വെല്‍ഡിങ് തൊഴിലാളിയായ തന്നെ ഉപയോഗിച്ച് സ്ട്രോംഗ് റൂമിന്റെ പൂട്ട് തകര്‍ത്തെന്നും ബാലകൃഷ്ണന്‍ പറഞ്ഞു

ഖത്തര്‍ KMCC ഓഫീസിലെ കവര്‍ച്ച: 'ജോലിവാഗ്ദാനംചെയ്ത് വിദേശത്തെത്തിച്ച് കവർച്ചയിൽ പങ്കാളിയാക്കി'; പ്രതി ബാലകൃഷ്ണൻ
dot image

കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫീസില്‍ നടന്ന കോടികളുടെ കവര്‍ച്ചാ കേസില്‍ ബിജെപി പ്രാദേശിക നേതാവായ പ്രതി ബാലകൃഷ്ണന്‍ കീഴടങ്ങുന്നതിനു മുന്‍പ് ചിത്രീകരിച്ച വീഡിയോ പുറത്ത്. ജോലി വാഗ്ദാനം നല്‍കി തന്നെ മറ്റ് പ്രതികള്‍ ഖത്തറില്‍ എത്തിക്കുകയായിരുന്നുവെന്നും കവര്‍ച്ച നടത്താനെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് വീഡിയോയില്‍ പറയുന്നത്. വെല്‍ഡിങ് തൊഴിലാളിയായ തന്നെ ഉപയോഗിച്ച് സ്ട്രോംഗ് റൂമിന്റെ പൂട്ട് തകര്‍ത്തു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ അവിടെ ഉണ്ടായിരുന്ന പണം കവര്‍ന്നു. മടങ്ങിവരാനുള്ള ടിക്കറ്റ് തുകയായ 50,000 രൂപയാണ് തനിക്ക് നല്‍കിയതെന്നും ബാലകൃഷ്ണന്‍ പറയുന്നു.

മറ്റ് പ്രതികളില്‍ നിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്നും ബാലകൃഷ്ണന്‍ പറയുന്നുണ്ട്. ബോംബെ ഷാജഹാന്‍ എന്നറിയപ്പെടുന്ന ഷാജി എന്ന ആളാണ് തന്നെ ഖത്തറിലേക്ക് കൊണ്ട് പോയതെന്നാണ് ബാലകൃഷ്ണന്‍ പറയുന്നത്. കേസിലെ നാലാം പ്രതിയായ ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസമാണ് കീഴടങ്ങിയത്. ബാലകൃഷ്ണന്റെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. എട്ട് കോടി രൂപയാണ് ഖത്തറിലെ കെഎംസിസി ഓഫീസില്‍ നിന്ന് സംഘം കവര്‍ന്നത്. കവര്‍ച്ച നടത്തിയ മറ്റ് അഞ്ച് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്.

Also Read:

കൊയിലാണ്ടിയില്‍ നിന്ന് ഒരു സംഘം ഖത്തിറിലേക്ക് പോയി അവിടെ നിന്ന് കെഎംസിസിയുടെ ഓഫീസ് തകര്‍ത്ത് എട്ട് കോടി രൂപ കവര്‍ന്ന് തിരികെ വന്നതിൽ വലിയ ദുരൂഹതയാണുള്ളത്. ഒരു വര്‍ഷം മുമ്പാണ് കവര്‍ച്ച നടന്നത്. ഈ പണം ഇവിടെ പോയെന്നോ മറ്റുപ്രതികള്‍ എവിടെയാണെന്നോ എന്നതില്‍ യാതൊരു വ്യക്തതയുമില്ല. കഴിഞ്ഞമാസമാണ് ഇതുമായി ബന്ധപ്പെട്ട് ഒരു പരാതി കെഎംസിസി ഭാരവാഹി കൊയിലാണ്ടി പൊലീസിന് നല്‍കുന്നത്. ആറ് പ്രതികളാണ് ആകെ കേസില്‍ ഉള്ളത്. ഇതില്‍ നാലാം പ്രതിയാണ് കീഴടങ്ങിയ പ്രാദേശിക ബിജെപി നേതാവായ ബാലകൃഷ്ണന്‍. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ബാലകൃഷ്ണന്‍ തനിക്കുണ്ടായ അനുഭവം കഴിഞ്ഞ ദിവസം ചിലരോട് വെളിപ്പെടുത്തിയിരുന്നുവെന്നും ഇതാണ് പരാതിയായി എത്താന്‍ കാരണം എന്നുമാണ് പൊലീസ് പറയുന്നത്. കൊയിലാണ്ടിയിലുള്ള സംഘം ഖത്തറിലെ കെഎംസിസി ഒഫീസില്‍ ഇത്രയധികം പണം ഉണ്ടെന്ന് മനസിലാക്കി വെൽഡിങ്ങ് തൊഴിലാളിയെ കൂട്ടി കവര്‍ച്ചയ്ക്കായി പോയത് നിരവധി ചോദ്യങ്ങളാണ് ഇപ്പോഴും അവശേഷിപ്പിക്കുന്നത്. അതേസമയം ഈ സംഭവവുമായി ബന്ധപ്പെട്ട് ഖത്തറില്‍ ഒരു അന്വേഷണവും നടക്കുന്നില്ലെന്നാണ് കൊയിലാണ്ടി പൊലീസ് നല്‍കുന്ന വിവരം. ആറ് പ്രതികളും കൊയിലാണ്ടി, വടകര, പയ്യോളി സ്വദേശികളാണ്.

Content Highlights: A video recorded before BJP local leader Balakrishnan surrendered in the case involving the theft of crores of rupees from a KMCC office in Qatar has surfaced. In the video, he claims that the other accused brought him to Qatar with a job offer and that he did not know about the planned theft. He says he was asked to break the strong room lock and that the others took the money kept inside. According to his account, he received ₹50,000 to cover his return ticket.

dot image
To advertise here,contact us
dot image