

തിരുവനന്തപുരം: കോവളത്ത് പതിനാറുകാരി പീഡനത്തിനിരയായ സ്പാ സ്ഥാപനത്തിന്റെ യഥാർത്ഥ ഉടമ അറസ്റ്റിൽ. തിരുവനന്തപുരം കോർപ്പറേഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപാണ് പിടിയിലായത്. അറസ്റ്റിന് പിന്നാലെ ഇയാളെ മേയർ സസ്പെൻഡ് ചെയ്തു. പെൺകുട്ടിയുമായി അന്വേഷണ സംഘം സ്പായിൽ തെളിവെടുപ്പ് പൂർത്തിയാക്കി.
പെൺകുട്ടിയെ ബന്ധുക്കൾ വിറ്റ 'ഡ്രീംസ്' എന്ന സ്പാ സ്ഥാപനം ബിനാമി പേരിൽ നടത്തിയിരുന്നത് കോർപ്പറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപാണ്. പൂവാർ സ്വദേശി നിഷാന്തിനെ മുന്നിൽ നിർത്തിയായിരുന്നു പ്രവർത്തനം. സ്പായിലെ ക്യൂ ആർ കോഡ് വഴി കൈമാറിയ പണം എത്തിയിരുന്നത് അനുരൂപിന്റെ അക്കൗണ്ടിലേക്കാണ്. ദിവസം ഇരുപതിനായിരത്തിലധികം രൂപ ഇത്തരത്തിൽ അക്കൗണ്ടിലേക്ക് എത്തിയതായി പൊലീസ് കണ്ടെത്തി. തിരുവനന്തപുരം കോർപ്പറേഷനിലെ നിരന്തര പ്രശ്നക്കാരനാണ് അറസ്റ്റിലായ അനുരൂപ്.
വിഴിഞ്ഞത്ത് ചുമതലയിലരിക്കെ തിരുമലയിലേക്ക് സ്ഥലംമാറ്റി. ബാറിൽ മദ്യപിച്ച് സംഘർഷമുണ്ടാക്കിയതിനെ തുടർന്നാണ് മേയർ ആര്യ രാജേന്ദ്രന്റെ ഭരണസമിതി ഇയാളെ ഉള്ളൂർ സോണലിലേക്ക് മാറ്റിയത്. മൂന്നുമാസം മുൻപാണ് സ്പാ തുടങ്ങിയതെന്ന അനുരൂപിന്റെ മൊഴി പൊലീസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. പെൺകുട്ടിയെ എത്തിച്ച വിവരം അറിഞ്ഞിരുന്നോ എന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്.
അതിനിടെ, പെൺകുട്ടിയെ എത്തിച്ച സംഭവത്തിൽ മനുഷ്യക്കടത്തിന് കേസെടുത്ത പൊലീസ് മാതൃസഹോദരിയുടെയും ഭർത്താവിന്റെയും ഫോൺ രേഖകൾ ശേഖരിച്ചു. കേസിൽ സ്പായിൽ എത്തിയ ഇടപാടുകാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജൂലൈ മുതലുള്ള സന്ദർശകരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം പെൺകുട്ടിയെക്കൊണ്ട് തിരിച്ചറിയൽ പരേഡ് നടത്തും. സന്ദർശകരെ തിരിച്ചറിഞ്ഞാൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തും. പീഡിപ്പിക്കപ്പെട്ട സ്പാകളിൽ പെൺകുട്ടിയെ എത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കി.
Content Highlights: The actual owner of the spa where a 16-year-old girl Kovalam has been arrested