തര്‍ക്കത്തില്‍ സമവായം; വഖഫ് ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തിന് പ്രതിനിധിയെ നല്‍കും

കെ പി നൗഷാദലി എംഎല്‍എ ഇടപെട്ട് നടത്തിയ ചര്‍ച്ചകളിലാണ് പ്രശ്‌ന പരിഹാരം ഉണ്ടായത്

തര്‍ക്കത്തില്‍ സമവായം; വഖഫ് ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തിന് പ്രതിനിധിയെ നല്‍കും
dot image

തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തിന് പ്രതിനിധിയെ നല്‍കാന്‍ തീരുമാനം. നിലവിലുള്ള അംഗം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഒഴിയും. പകരം കാന്തപുരം വിഭാഗത്തിന് പദവി നല്‍കാനാണ് തീരുമാനം. ഹജ്ജ് ചെയര്‍മാന്‍ പദവി കാന്തപുരം വിഭാഗത്തിലെ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് രാജിവെക്കും. പകരം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ആകും. കെ പി നൗഷാദലി എംഎല്‍എ ഇടപെട്ട് നടത്തിയ ചര്‍ച്ചകളിലാണ് പ്രശ്‌ന പരിഹാരം ഉണ്ടായത്.

വഖഫ് ബോര്‍ഡ് പുനഃസംഘടനയ്ക്ക് പിന്നാലെ സുന്നി വിഭാഗങ്ങളെ അവഗണിച്ചെന്ന് കാട്ടി രൂക്ഷ വിമര്‍ശനായിരുന്നു ഉയര്‍ന്നത്. സമസ്തയിലെ ഇരുവിഭാഗങ്ങള്‍ക്കും ബോര്‍ഡില്‍ പ്രാതിനിധ്യമുണ്ടായിരുന്നില്ല. പിന്നാലെ യുഡിഎഫിനെതിരെ സമ്മര്‍ദ്ദ തന്ത്രവുമായാണ് സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്. കേരള മുസ്‌ലിം ജമാ അത്ത് ഒക്ടോബര്‍ 22ന് സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും ബഹുജന മാര്‍ച്ചും പ്രഖ്യാപിച്ചിരുന്നു. കാന്തപുരം വിഭാഗത്തിന് വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കാന്‍ തീരുമാനച്ചതോടെ 22 ന് പ്രഖ്യാപിച്ച സമരം പിന്‍വലിച്ചേക്കും.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ രണ്ട് വഖഫ് ബോര്‍ഡുകളിലും കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധികളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ എം സി മായിന്‍ ഹാജിയെ ചെയര്‍മാനാക്കി പുനഃസംഘടിപ്പിച്ച വഖഫ് ബോര്‍ഡില്‍ സമസ്തയ്ക്ക് പ്രതിനിധികളില്ലാത്തത് രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. വഖഫ് സ്വത്തുക്കളും സ്പാപനങ്ങളും സംരക്ഷിക്കാന്‍ സജീവമായി ഇടപെടുന്ന സംഘടനയാണ് കേരള മുസ്‌ലിം ജമാഅത്ത് എന്നും നീതി നിഷേധിക്കപ്പെട്ടെന്നുമായിരുന്നു സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയത്. തുടര്‍ന്ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വഖഫ് ബോര്‍ഡ് പുനഃസംഘടന വഞ്ചനാപരം എന്ന തലക്കെട്ടില്‍ സമസ്ത മുഖപത്രം സിറാജ് മുഖപ്രസംഗം പുറത്തിറക്കിയിരുന്നു. അര്‍ഹമായ സുന്നി പ്രാതിനിധ്യം മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ ഈ വാഗ്ദാനം സര്‍ക്കാര്‍ കാറ്റില്‍ പറത്തിയെന്നും വിമര്‍ശനമുണ്ടായിരുന്നു. മുസ്ലിം ലീഗിനെതിരെയും എഡിറ്റോറിയലില്‍ വിമര്‍ശനമുണ്ടായിരുന്നു. മുസ്ലിം ലീഗാണ് നിലവില്‍ വഖഫ് ബോര്‍ഡ് കൈകാര്യം ചെയ്യുന്നത്. സമുദായാംഗങ്ങളുടെ ക്ഷേമത്തിനും സാമൂഹിക, വിദ്യാഭ്യാസ പുരോഗതിക്കുമായി രൂപവത്കരിക്കപ്പെട്ട പാര്‍ട്ടിയാണ് ലീഗ്. സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ ഒരു പോലെയും നീതിപരമായും പരിഗണിക്കണം. അതിന് പകരം ചില പ്രത്യേക വിഭാഗങ്ങളെ അവഗണിക്കുന്നത് കടുത്ത അനീതിയാണെന്നും എപി വിഭാഗം വിമര്‍ശനം ഉന്നയിച്ചിരുന്നു.

വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ വിഷയത്തില്‍ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും ഉള്‍പ്പെടെ രംഗത്തെത്തി. വഖഫ് ബോര്‍ഡ് പുനഃസംഘടയുമായി ബന്ധപ്പെട്ട പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമാണെന്നുമായിരുന്നു ഇന്നലെ ലീഗ് നേതാവും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പരാതി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: A decision has reportedly been taken to provide representation to the Kanthapuram faction on the Kerala Waqf Board. Current member Thodiyoor Muhammad Kunju Maulavi is expected to step down, with the position set to be given to a representative of the Kanthapuram faction.

dot image
To advertise here,contact us
dot image