

ഒഡിഷയ്‌ക്കെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ നിര്‍ണായക ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി കേരളം. ഒന്നാം ഇന്നിങ്‌സില്‍ 404 റണ്‍സെടുത്ത കേരളം ഒഡിഷയെ 225 റണ്‍സില്‍ ഓള്‍ ഔട്ടാക്കി. നിലവില്‍ ഒഡിഷ ഫോളോ ഓണ്‍ ചെയ്യുകയാണ്. ഫോളോ ഓൺ ചെയ്ത ഒഡീഷ മൂന്നാം ദിനം അവസാനിക്കുമ്പോൾ 96 റൺസിന് രണ്ട് എന്ന നിലയിലാണ്.
4 വിക്കറ്റുകള്‍ വീഴ്ത്തിയ വിശാഖ് ചന്ദ്രന്റെ മികച്ച ബൗളിങാണ് കേരളത്തിനു കരുത്തായത്. ആദിത്യ സാര്‍വതെ 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ജലജ് സക്‌സേന 2 വിക്കറ്റ് സ്വന്തമാക്കി. എംഡി നിധീഷ് ഒരു വിക്കറ്റെടുത്തു.
ഒഡിഷ നിരയില്‍ ഗൗരവ് ചൗധരി (50), ക്യാപ്റ്റന്‍ സുബ്രാംശു സേനാപതി (50) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ശന്തനു മിശ്ര (32), രാജേഷ് ധുപര്‍ (34), ലളിത് യാദവ് (37) എന്നിവരും പിടിച്ചു നിന്നു. മറ്റാർക്കും തിളങ്ങാനായില്ല.
നേരത്തെ സച്ചിന്‍ ബേബിക്ക് പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീനും സെഞ്ച്വറി നേടിയതോടെയാണ് കേരളം ഒന്നാം ഇന്നിങ്സില്‍ 404 ടോട്ടല്‍ ഉയര്‍ത്തിയത്. ഹമ്മദ് അസറുദ്ധീൻ 139 റൺസും സച്ചിൻ ബേബി 113 റൺസും നേടി.
ഒഡീഷയ്ക്ക് വേണ്ടി ലളിത് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രാജേഷ് മൊഹന്തി, സൗമ്യ ലെങ്ക എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
content highlights: ranji trophy kerala vs odisha first innings lead bowlers shine