ഹോർട്ടി വൈന് ലൈസൻസ് നൽകിയ സംഭവം: തെറ്റിദ്ധരിപ്പിച്ചതെന്ന് എക്സൈസ് കമ്മീഷണറുടെ വിശദീകരണം

തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ഡെപ്യൂട്ടി കമ്മീഷണർ തീരുമാനം നടപ്പിലാക്കിയത് എന്നും എക്സൈസ് കമ്മീഷണറുടെ വിശദീകരണം

ഹോർട്ടി വൈന് ലൈസൻസ് നൽകിയ സംഭവം: തെറ്റിദ്ധരിപ്പിച്ചതെന്ന് എക്സൈസ് കമ്മീഷണറുടെ വിശദീകരണം
dot image

തിരുവനന്തപുരം: ഹോർട്ടി വൈന് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു എക്സൈസ് മന്ത്രിക്ക് വിശദീകരണം നൽകി. തന്റെ ഭാഗത്തുനിന്ന് ചട്ടപരമായി ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്ന് കമ്മീഷണർ എക്സൈസ് മന്ത്രി എം ലിജുവിനെ അറിയിച്ചു. സ്ഥലം മാറ്റപ്പെട്ട ഡെപ്യൂട്ടി കമ്മീഷണർ സി കെ അനിൽ കുമാറിൻ്റ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ഡെപ്യൂട്ടി കമ്മീഷണർ തീരുമാനം നടപ്പിലാക്കിയത് എന്നും സാംബശിവ റാവുവിൻ്റെ വിശദീകരണം. വിശദീകരണം തൃപ്തികരമായതിനാലാണ് വിഷയത്തിൽ എക്സൈസ് കമ്മീഷണർക്കെതിരെ നടപടി എടുക്കാതിരുന്നത്.

എക്സൈസ് കമ്മീഷണറായി ചുമതലയേറ്റ് രണ്ടാമത്തെ ദിവസമാണ് ഫയലുമായി ഡെപ്യൂട്ടി കമ്മീഷണർ സമീപിക്കുന്നതെന്നും സാംബശിവ രാവു വിശദീകരിച്ചിട്ടുണ്ട്. സാങ്കേതിക കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് തീരുമാനം എടുത്തിട്ടുള്ളത്. ഡെപ്യൂട്ടി കമ്മീഷണറുടെ ഇടപെടലുകളിൽ സംശയമുണ്ടെന്നും എക്സൈസ് കമ്മീഷണർ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഓഗസ്റ്റിലാണ് കമ്മീഷണറേറ്റിന് സർക്കാർ നിർദ്ദേശം ലഭിക്കുന്നത്. അതിനുശേഷം സർക്കാർ നയത്തിന് അനുസൃതമായിട്ടാണ് എല്ലാ നടപടികളും കൈക്കൊണ്ടത്. വൈനുമായി ബന്ധപ്പെട്ട തീരുമാനം ജൂൺ മാസം ആണ് എടുത്തത്. ഇത് വിവാദങ്ങൾക്കും മദ്യനയ ചർച്ചകൾക്കും മുൻപേ ഉള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ളതാണ്. നിയമപരമായി മാത്രമേ താൻ നടപടികൾ സ്വീകരിച്ചിട്ടുള്ളൂ എന്നും എക്സൈസ് കമ്മീഷണർ സാംബശിവ റാവു എക്സൈസ് മന്ത്രിക്ക് വിശദീകരണം നൽകി.

ചാലക്കുടിയിലെ എം ആർ സി സ്റ്റോർസ് ആൻഡ് ബേക്കറി എന്ന സ്ഥാപനത്തിൽ നൽകിയ ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് നേരത്തെ എക്സൈസ് വകുപ്പ് റദ്ദാക്കിയിരുന്നു. ഹോർട്ടി വൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ തുടർ നടപടികളും മദ്യനയം വരുംവരെ നിർത്തിവെക്കാനും എക്സൈസ് കമ്മീഷണർക്ക് വകുപ്പ് മന്ത്രി എം ലിജു നിർദ്ദേശം നൽകിയിരുന്നു. മാളുകളിലും ബേക്കറികളിലും വൈൻ വില്പന നടക്കുന്നില്ല എന്ന് കമ്മീഷണർ ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്.

ഹോർട്ടി വൈൻ വിൽക്കാൻ ഉത്തരവ് പുറത്തിറക്കിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ തൽസ്ഥാനത്ത് നിന്ന് മാറ്റാനും നേരത്തെ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ബേക്കറി വഴി വൈൻ കൊടുക്കുന്നത് സമൂഹത്തെ ദോഷകരമായി ബാധിക്കും. സർക്കാരിന്റെ മദ്യനയ ചർച്ച നടന്നു വരികയാണ്. നിലവിലെ ചട്ടഭേഗതി മാറ്റണമോ എന്ന് മദ്യനയത്തിൽ തീരുമാനിക്കും. സർക്കാരിന്റെ മദ്യനയത്തിൽ ബേക്കറി വഴിയുള്ള വൈൻ വിൽപന ഉണ്ടാകാൻ സാധ്യതയില്ല. അങ്ങനെ മദ്യം കൊടുക്കുന്നതല്ല യുഡിഎഫിന്റെ പൊതുനിലപാടെന്നും മന്ത്രി പറഞ്ഞിരുന്നു. എൽഡിഎഫ് സർക്കാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത് പ്രകാരമാണ് ഉദ്യോഗസ്ഥർ തീരുമാനമെടുത്തത്. യുഡിഎഫ് സർക്കാർ നയം തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ സർക്കാർ നയമല്ല ഉദ്യോഗസ്ഥർ നടപ്പാക്കേണ്ടത്. വകുപ്പുമന്ത്രിയെ അറിയിച്ച് തീരുമാനം എടുക്കണമായിരുന്നുവെന്നും എം ലിജു വ്യക്തമാക്കിയിരുന്നു.

Content Highlights: Kerala Excise Commissioner explains that the department was misled in the Horti wine license issue, amid controversy over the license granted for wine production

dot image
To advertise here,contact us
dot image