

തിരുവനന്തപുരം: സിഎംആര്എല്-എക്സാലോജിക്ക് സാമ്പത്തിക ഇടപാടില് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുത്ത് ഇ ഡി. എംഎല്എ മുഹമ്മദ് റിയാസിനെതിരെയും ഇ ഡി കേസെടുത്തിട്ടുണ്ട്. വിജിലന്സിന്റെ രണ്ട് എഫ്ഐആറുകളുടെ ചുവടുപിടിച്ചാണ് ഇ ഡിയുടെ നടപടി. ഇവര്ക്കെതിരെ ഇ ഡി ഇസിഐആര് രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഇ ഡിയുടെ ഉന്നതല യോഗത്തിന് പിന്നാലെയാണ് ഇസിഐആർ രജിസ്റ്റർ ചെയ്തത്. സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില് വിജിലന്സ് കേസെടുത്തതിന് പിന്നാലെയാണ് ഇ ഡി നടപടി.
നേരത്തെ സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ എഫ്ഐആർ ഇടണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സംസ്ഥാന ഡിജിപിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പ്രാഥമിക അന്വേഷണം നടത്താനായിരുന്നു സംസ്ഥാന സർക്കാരിൻ്റെ തീരുമാനം. എന്നാൽ ഇതിനെതിരെ പൊതുപ്രവർത്തകനായ കെ എം ഷാജഹാൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ ഇ ഡി കത്തിൻ്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച സർക്കാർ ഉത്തരവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന വിജിലൻസ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയതത്.
സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില് വിജിലന്സ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു . രണ്ട് എസ്ഐടി സംഘങ്ങളെയാണ് രൂപീകരിച്ചത്. പിണറായി വിജയന് പ്രതിയായ കേസ് എസ്പി ഇ എല് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുക. പി എ മുഹമ്മദ് റിയാസ് പ്രതിയായ കേസിന്റെ അന്വേഷണം എസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലാകും നടക്കുക. വിജിലന്സിന്റെ പ്രത്യേക വിഭാഗമാണ് ആദ്യത്തെ കേസ് അന്വേഷിക്കുന്നത്. രണ്ടാമത്തെ കേസ് അന്വേഷിക്കുന്നത് കോഴിക്കോട് പ്രത്യേക വിജിലന്സ് സെല്ലുമാകും. വിജിലന്സ് ഐജിയുടെ മേല്നോട്ടത്തിലാകും അന്വേഷണം നടത്തുക. സിഎംആര്എല്-എക്സാലോജിക് ഇടപാടില് പിണറായി വിജയന് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്സ് എഫ്ഐആറില് പറയുന്നത്. പിണറായി വിജയന്, വീണ, ശശിധരന് കര്ത്ത എന്നിവര് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിലെ പരാമര്ശം. ഇതിന് പിന്നാലെയാണ് ഇ ഡിയും കേസ് രജിസ്റ്റർ ചെയ്യുന്നത്.
അതേസമയം, വിജിലന്സ് കേസിനെതിരെ റിയാസും വീണയും ഉള്പ്പെടെയുള്ളവര് സമര്പ്പിച്ച അപ്പീല് ഹൈക്കോടതി ഇന്നലെ പരിഗണിച്ചിരുന്നു. എന്നാല് എഫ്ഐആര് അടിയന്തരമായി സ്റ്റേ ചെയ്യാന് കോടതി വിസമ്മതിക്കുകയായിരുന്നു. പ്രത്യേക അനുമതിക്ക് ശേഷമേ സ്റ്റേ ആവശ്യം പരിഗണിക്കാനാകൂ എന്നാണ് ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയത്. ഈ കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണനയ്ക്ക് എടുക്കും.
സെപ്റ്റംബർ എട്ടാം തീയതിയായിരുന്നു സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഡിജിപിക്ക് ഇ ഡി കത്ത് നൽകിയത്. കത്തിൽ പിണറായി വിജയൻ, വീണ ടി, മുൻ മന്ത്രിയും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഗുരുതര പരാമർശമായിരുന്നു ഉണ്ടായിരുന്നത്. വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ സിഎംആർഎല്ലിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കത്തിൽ പറഞ്ഞിരുന്നത്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകൾ വഴിയും ദുബായിലേക്ക് അയച്ചുവെന്നും കത്തിൽ പറഞ്ഞിരുന്നു. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ പിതാവ് പിണറായി വിജയനെയും ഭർത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തിലുണ്ടായിരുന്നു.
ഇടപാടുകൾക്കായി എക്സാലോജിക് സൊല്യൂഷൻസ് വാഹനം ഉപയോഗിച്ചു, സിഎംആർഎൽ എം ഡി കൈക്കൂലി പണം നൽകി, സിഎംആർഎൽ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി സുരേഷ് കുമാർ കൈക്കൂലി ഇടപാടുകൾ നടത്തുന്നതിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങളും കത്തിൽ പരാമർശിച്ചിരുന്നു. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജൽ, പി നിഖിൽ, ഹസ്സൻ വാരിഷ്, ഫൈസാജ് വി പി, നന്ദുലാൽ എം എന്നിവർ സഹായിച്ചതായും കത്തിൽ പറഞ്ഞിരുന്നു.
Content Highlights: The Enforcement Directorate (ED) has reportedly registered a case against Kerala Chief Minister Pinarayi Vijayan and Minister Mohammed Riyas in connection with the CMRL–Exalogic financial transaction case.