

കോഴിക്കോട്: പൈതൃക നെൽവിത്തുകളുടെ കാവലാളായിരുന്ന പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമൻ്റെ അന്ത്യം ആകസ്മികമായിരുന്നു. വയനാട് എടവക പഞ്ചായത്തിലെ കമ്മനയിൽ ചെറുവയൽ കുറിച്യ തറവാട്ടിൽ ജനിച്ച രാമൻ വയനാട്ടിലെ പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷകനെന്ന നിലയിലാണ് പ്രസിദ്ധനായത്. രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ച ചെറുവയൽ രാമന് അടുത്തിടെയാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി കാർഷിക പുരസ്കാരം ലഭിച്ചത്.
പാരമ്പരാഗത കൃഷിയുടെയും പാരിസ്ഥിതിക അറിവിൻ്റെയും പാഠപുസ്തകമായിരുന്നു ചെറുവയൽ രാമൻ. പരാമ്പരാഗത കൃഷിരീതിയെക്കുറിച്ച് പഠിക്കാനായി കമ്മനയിലെ ചെറുവയൽ വീട്ടിലേയ്ക്ക് എത്തുന്നവർക്കെല്ലാം കൃഷിയെക്കുറിച്ചുള്ള പാഠം പകർന്ന് നൽകാൻ ഏറെ തൽപ്പരനായിരുന്നു ചെറുവയൽ രാമൻ. തന്നെ കാണാന് വരുന്നവര്ക്കെല്ലാം തനത് കൃഷി പാഠം പകര്ന്നു നല്കിയിരുന്ന രാമനെ തേടി കാർഷിക ശാസ്ത്രജ്ഞരും ഭരണാധികാരികളും പൊതുപ്രവർത്തകരുമെല്ലാം കമ്മനയിലെ പുല്ലുമേഞ്ഞ നൂറ്റാണ്ടിൻ്റെ പഴക്കമുള്ള കമ്മനവയിലെ തറവാട്ട് വീട്ടിലേയ്ക്ക് എത്തിയിരുന്നു.
കാലാവസ്ഥ വ്യതിയാനങ്ങളെ പോലും അതിജീവിക്കാൻ ശേഷിയുള്ള ഏതാണ്ട് 55ഓളം നെൽവിത്തുകൾ അദ്ദേഹം സരക്ഷിച്ച് സൂക്ഷിച്ചിരുന്നു. കുന്നുംകുളമ്പൻ, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടൻ, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം അടക്കം 30ഓളം നെൽവിത്തുകൾ നിരവധി വെല്ലുവിളികളെ അതിജീവിച്ചും അദ്ദേഹം കൃഷിയിറക്കിയിരുന്നു. അക്കാദമിക് വിദ്യാഭ്യാസമില്ലാതിരുന്ന ചെറുവയൽ രാമൻ കാർഷിക സർവ്വകലാശാലയുടെ സെനറ്റ് അംഗമായി മാറിയത് കാർഷിക മേഖലയിലെ അദ്ദേഹത്തിൻ്റെ സമഗ്രമായ അറിവിന് ലഭിച്ച അംഗീകാരം കൂടിയായിരുന്നു. ബ്രസീലിലിൽ നടന്ന ലോക കാർഷിക സെമിനാറിൽ അടക്കം ലോകത്തിലെ 11ഓളം രാജ്യങ്ങളിലാണ് അദ്ദേഹം കൃഷിയുമായി ബന്ധപ്പെട്ട വിവിധ സമ്മേളനങ്ങളിൽ ചെറുവയൽ രാമൻ ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തിട്ടുണ്ട്.
സ്വന്തം അമ്മാവൻ്റെ മരണശേഷം കൗമാരക്കാനായിരിക്കെ തന്നെ കൂട്ടികുടുംബ വ്യവസ്ഥ നിലനിന്നിരുന്ന തറവാട്ടിലെ നെൽവിത്തുകളുടെയും ഏക്കറ് കണക്കിന് കാർഷിക ഭൂമിയുടെയും സംരക്ഷകനായി നെൽവയൽ രാമന് മാറേണ്ടി വന്നു. കമ്മന നവോദയ എൽ പി സ്കൂളിൽ അഞ്ചാം ക്ലാസ് വരെ മാത്രമായിരുന്നു വിദ്യാഭ്യാസം. പത്താം വയസ്സുമുതൽ കാർഷിക ജീവിതം ആരംഭിച്ചു. 1969-ൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കണ്ണൂർ ഡിഎംഒ ഓഫീസിൽ വാർഡനായി ജോലിക്ക് പോയില്ലെങ്കിലും അമ്മാവൻ്റെ ആഗ്രഹ പ്രകാരം തറവാട് ഭൂമിയുടെയും നെൽവിത്തുകളുടെയും സംരക്ഷകനായി മാറാൻ ചെറുവയൽ രാമൻ തീരുമാനിച്ചത്. 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ജിനോം സേവിയർ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
Content Highlights: Padma Shri awardee Cheruvayal Raman, renowned for preserving traditional paddy seeds and indigenous rice varieties in Kerala's Wayanad district, has passed away