

തിരുവന്തനപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വിവാദ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം മോശമാകാന്‍ കാരണം വിഡി സതീശനെന്ന നിലപാടിലാണ് മിക്ക നേതാക്കളും. മുഖ്യമന്ത്രിയുടെ ശൈലിയെ എതിര്‍ക്കാനും നീക്കമുണ്ടെന്നാണ് വിവരം. പാര്‍ട്ടിയുമായോ മുന്നണിയുമായോ കൂടിയാലോചന നടത്താതെ നയപരമായ കാര്യങ്ങളില്‍ അടക്കം മുഖ്യമന്ത്രി സ്വന്തം നിലക്ക് തീരുമാനം എടുക്കുവെന്നാണ് വിമര്‍ശനം.
സര്‍ക്കാരിന്റേത് കോണ്‍ഗ്രസ് ശൈലി അല്ലെന്നും നേതാക്കള്‍ പറയുന്നു. അക്കാദമികളുടെ ഭാരവാഹിത്വം തീരുമാനിച്ചതിലും വലിയൊരു വിഭാഗം നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. വിമാനയാത്ര ജനങ്ങളോട് വിശദീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു. എന്നാല്‍, അടൂര്‍ അതൃപ്തി പരസ്യമാക്കിയത് പോലെ തുറന്നു പറയേണ്ടെന്ന നിലപാടിലാണ് നേതാക്കളുള്ളത്.
എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. പാര്‍ട്ടിയോ മുന്നണിയോ ഒന്നും അറിയുന്നില്ല. നയപരമായ കാര്യങ്ങളില്‍ പോലും ആശയവിനിമയം ഇല്ലെന്നാണ് നേതാക്കള്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ശൈലിയെ എതിര്‍ക്കാനാണ് ഇവരുടെ നീക്കം. വിമാനയാത്ര ജനങ്ങളോട് വിശദീകരിക്കണമെന്ന് പറഞ്ഞതും ഇതിന്റെ ഭാഗമെന്നാണ് വിവരം.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഏതാനും മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് യുഡിഎഫ് കണ്‍വീനര്‍ തന്നെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത്. ഇന്നലെയായിരുന്നു അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ തന്റെ അതൃപ്തി വ്യക്തമാക്കിയത്. യുഡിഎഫില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും ചര്‍ച്ചയില്ലാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുഡിഎഫ് യോഗം പോലും വിളിക്കുന്നില്ല. തീരുമാനങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഇന്ന് അടൂര്‍ പ്രകാശ് നടത്തിയ പ്രതികരണത്തിലും പറഞ്ഞതില്‍ ഉറച്ചുതന്നെ നില്‍ക്കുകയാണ്. ആരുടേയും പിന്തുണ തേടിയിട്ടില്ലെന്നും പറയേണ്ടത് ഇന്നലെ പറഞ്ഞെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. അനുഭവത്തിന്റെ വെളിച്ചത്തിലുള്ള പ്രതികരണമാണ് നടത്തിയത്. പറയാനുള്ളത് എഐസിസി നേതൃത്വത്തെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി
Content Highlights: Discontent against V D Satheesan is reportedly growing within the Congress following UDF Convener Adoor Prakash’s controversial press conference.