

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും എംപിയുമായ ജോസ് കെ മാണി. തോമസ് ഉണ്ണിടായന്‍ സീനിയര്‍ നേതാവാണ്. അദ്ദേഹം പാര്‍ട്ടിയില്‍ അഗണന നേരിടുന്നുണ്ട്. അദ്ദേഹത്തിന് കൂടുതല്‍ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. ജോസഫ് വിഭാഗത്തില്‍ കൂടുതല്‍ അതൃപ്തരുണ്ട്. ജനാധിപത്യപരമായല്ല അവിടെ കാര്യങ്ങള്‍ നടക്കുന്നത് എന്നാണ് അറിഞ്ഞത്. അവിടെ ചിലത് സംഭവിക്കാന്‍ പോവുകയാണെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിലായിരുന്നു ജോസ് കെ മാണി ഇക്കാര്യം പറഞ്ഞത്. തോമസ് ഉണ്ണിയാടനുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുനാളായി വിവാദങ്ങളുണ്ടായിരുന്നു. തോമസ് ഉണ്ണിയാടന്‍ പാര്‍ട്ടി വിടുന്നുവെന്ന തരത്തിലും വാര്‍ത്തകളുണ്ടായിരുന്നു.
പാര്‍ട്ടിയുമായി കഴിഞ്ഞ കുറച്ചുനാളായി അകല്‍ച്ചയിലാണ് തോമസ് ഉണ്ണിയാടന്‍. മുതിര്‍ന്ന നേതാവായ തന്നെ പാര്‍ട്ടി വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നായിരുന്നു തോമസ് ഉണ്ണിയാടന്റെ പരിഭവം. യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ തന്നെ മന്ത്രിയാക്കണമെന്ന് തോമസ് ഉണ്ണിയാടന്‍ പി ജെ ജോസഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മോന്‍സ് ജോസഫിന് മന്ത്രി സ്ഥാനം എന്ന നിലപാടില്‍ പി ജെ ജോസഫ് ഉറച്ചുനിന്നു. ഒരു മന്ത്രി സ്ഥാനം കൂടി ചോദിച്ചെങ്കിലും കിട്ടിയില്ല. പകരം ലഭിച്ച ചീഫ് വിപ്പ് സ്ഥാനം മകന്‍ അപു ജോസഫിനും നല്‍കി. ഇതിന് പിന്നാലെയാണ് തോമസ് ഉണ്ണിയാടന്‍ നിലപാട് കടുപ്പിച്ചത്.
ജോസഫ് ഗ്രൂപ്പ് ഇരിങ്ങാലക്കുട മണ്ഡലം കണ്‍വെന്‍ഷൻ വിളിച്ച ദിവസം തന്നെ സമാന്തരമായി ഉണ്ണിയാടന്‍ തൃശൂരില്‍ സ്‌നേഹാദരം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. സുഹൃത്തുക്കള്‍ സംഘടിപ്പിച്ച പരിപാടിയെന്ന് പറഞ്ഞ് വിവാദങ്ങളില്‍ നിന്ന് ഒഴിയാനായിരുന്നു തോമസ് ഉണ്ണിടായന്‍ ശ്രമിച്ചത്. ഇതോടെ തോമസ് ഉണ്ണിയാടന്‍ പാര്‍ട്ടി വിടുന്നു എന്ന നിലയില്‍ വാര്‍ത്തകള്‍ വന്നു. ഇതോടെ വിശദീകരണവുമായി തോമസ് ഉണ്ണിയാടന്‍ രംഗത്തുവന്നിരുന്നു. സ്ഥാനമാനങ്ങള്‍ കിട്ടാത്തതല്ല പ്രശ്‌നമെന്നും അവഗണനയില്‍ വിഷമമുണ്ടെന്നും തോമസ് ഉണ്ണിടായന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. എന്തുകൊണ്ട് അവഗണിച്ചു എന്ന് പാര്‍ട്ടി മറുപടി പറയണം. കഠിനാധ്വാനം ചെയ്ത് മുന്നോട്ടുപോകുമ്പോള്‍ വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും തോമസ് ഉണ്ണിയാടന്‍ പറഞ്ഞിരുന്നു.
Content Highlights- Jose K Mani expressed support for Thomas Unniyadan, stating that Unniyadan is facing neglect and deserves greater consideration.