

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വിവാദത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത കാന്തപുരം വിഭാഗം. സ്‌പോണ്‍സര്‍ഷിപ്പില്‍ അഴിമതിയുടെ മണമുണ്ടെന്ന് എപി സമസ്ത നേതാവ് റഹ്‌മത്തുള്ള സഖാഫി എളമരം ഫേസ്ബുക്കില്‍ കുറിച്ചു. ആഡംബര കാറും ചാര്‍ട്ടേഡ് വിമാനവും അഴിമതിയാണ്. സമ്മാനമായി തന്നതാണെന്ന് പറഞ്ഞാലും അതില്‍ അഴിമതിയുടെ മണമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിമർശനമുണ്ട്.
പദവിയില്ലെങ്കില്‍ ആരും വിമാനവും കാറും വിട്ടു കൊടുക്കില്ല. പകരം ഒന്നും നല്‍കിയില്ലെങ്കില്‍ പോലും പൊതുസമൂഹം അങ്ങനെ തന്നെ ധരിക്കും. ഇതിനെയെല്ലാം ന്യായീകരിക്കുന്നവരാണ് എല്ലാവര്‍ക്കും ധൈര്യം പകരുന്നതെന്നും രൂക്ഷമായ ഭാഷയില്‍ റഹ്‌മത്തുള്ള സഖാഫി വിമര്‍ശിച്ചു. പൊതുഖജനാവില്‍ നിന്ന് മന്ത്രിമാര്‍ക്കായി വിവിധ ഇനങ്ങളില്‍ വലിയ തുക ചെലവഴിക്കുന്നുണ്ട്. വാഹനം, വീട് മോടിപിടിപ്പിക്കല്‍, സല്‍ക്കാരം, വിദേശയാത്ര, ചികിത്സ തുടങ്ങിയവയ്ക്കുള്ള അധിക ചെലവുകള്‍ ഖജനാവിന് ബാധ്യതയാകുന്നുണ്ട്. കാലിയായ പൊതുഖജനാവിനെ കൂടുതല്‍ ചോര്‍ത്തുന്ന പ്രവണത അവസാനിപ്പിക്കണം. ഇത്തരം സൗകര്യങ്ങള്‍ പൊതുസമൂഹത്തില്‍ തെറ്റായ ധാരണയ്ക്ക് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രിമാര്‍ ആഡംബര കാറുകളില്‍ യാത്ര ചെയ്യുന്നതിലും പൊതുസമൂഹത്തിന് സംശയമുണ്ടാകുന്ന സാഹചര്യമാണ്. സൗജന്യമായി ലഭിക്കുന്ന സൗകര്യങ്ങളാണെന്ന് പറഞ്ഞാലും പദവിയില്ലായിരുന്നെങ്കില്‍ ഇത്തരം സൗകര്യങ്ങള്‍ ലഭിക്കുമായിരുന്നോ എന്ന ചോദ്യം ഉയരും. ഭരണാധികാരികള്‍ പൊതുപണം ചെലവഴിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തവും സുതാര്യതയും പുലര്‍ത്തണമെന്നും റഹ്‌മത്തുള്ള സഖാഫി ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂർണ രൂപം
ഉമവി ഖലീഫ ഉമറുബ്നു അബ്ദുൽ അസീസ് (റ) സെയ്ത്തെണ്ണ വിളക്കിൻ്റെ വെളിച്ചത്തിൽ
ഫയലുകൾ പരിശോധിക്കുകയായിരുന്നു.
അപ്പോഴാണ് ഭാര്യ വീട്ടുകാര്യങ്ങൾ സംസാരിക്കാൻ
വേണ്ടി അങ്ങോട്ട് കടന്നു ചെന്നത്. ഖലീഫ ഉടനെ
വിളക്ക് അണച്ചു.ഇത് കണ്ട ഭാര്യ ചോദിച്ചു, ഞാൻ വന്നത് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ നിങ്ങൾ വിളക്കണച്ചത്?. ഒരിക്കലുമല്ല നമ്മുടെ കുടുംബ കാര്യം ചർച്ചചെയ്യാൻ പൊതു ഖജനാവിൻ്റെ വിളക്ക് ഉപയോഗിക്കേണ്ടതില്ല
എന്നുകരുതിയാണ് ഖലീഫപ്രതികരിച്ചു.ഭരണാധി
കാരികൾ പൊതു മുതൽ ഉപയോഗിക്കുമ്പോൾ
പുലർത്തേണ്ട ജാഗ്രതയാണിത് വ്യക്തമാക്കുന്നത്.
ഖജനാവിൽ നിന്നും പലപേരിലായി കണക്കറ്റ പണം
ഓരോ മന്ത്രിമാർക്കും വേണ്ടി ഔദ്യോഗികമായി തന്നെ ചെലവഴിക്കുന്നുണ്ട്.പുറമെ വാഹനം വീട് മോഡികൂട്ടൽ , സൽക്കാരം ,വിദേശ യാത്ര , സുഖ ചികിത്സ തുടങ്ങി കാലിയായ നമ്മുടെ ഖജനാവിനെ വടിച്ചൂറ്റുന്ന പ്രവണ
തയും കണ്ടു വരുന്നുണ്ട്.മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യുന്നതും മറ്റൊരാളുടെ
ആഡംബര കാറിൽ മന്ത്രിമാർ യാത്ര ചെയ്യുന്നതും
അവർ ഫ്രീയായി തന്നതാണെന്ന് പറഞ്ഞാലും അതിൽ
അഴിമതിയുടെ മണമുണ്ട്. ഈ പദവിയിൽ അല്ലെങ്കിൽ
അവർ വിമാനവും കാറും വിട്ടു കൊടുക്കുമോ?. പകരം ഒന്നും വഴി വിട്ട മാർഗത്തിലൂടെ തിരിച്ചു കൊടുത്തി
ല്ലെങ്കിൽ പോലും പൊതുസമൂഹം അങ്ങനെ ധരിക്കാൻ
സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ ഉമറുബിനു
അബ്ദുൽ അസീസ് തങ്ങളുടെ അത്ര സൂക്ഷ്മത
ഇല്ലങ്കിലും കുറച്ചു കൂടിയൊക്കെ ശ്രദ്ധ കാണിക്കുന്നത് നല്ലതാണ്. ഇത് വായിച്ചു, പിണറായി ഭരിച്ചപ്പോൾ ദൂർത്തിനെതിരെ ഒന്നും പറയാത്തതെന്തായിരുന്നു
എന്ന് ചോദിച്ചു കമൻ്റ് ചെയ്യുന്നവരുണ്ടാകും .അത്തരം ന്യായീകരണക്കാരാണ് എല്ലാവർക്കും ധൈര്യം
പകരുന്നത്.
Content Highlights: AP Samastha leader Rahmathulla Saqafi criticised the Kerala government over sponsored facilities, including luxury vehicles and chartered flights. He questioned transparency in public spending and said authorities should maintain greater accountability while using public resources