ചിറയിന്‍കീഴ് കയ്യാങ്കളി വിവാദം; കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ കണ്ട് രമ്യ ഹരിദാസ് എംഎല്‍എ

ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ രമ്യാ ഹരിദാസ് എംഎല്‍എക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ കണ്ടത്തിയിരുന്നു

ചിറയിന്‍കീഴ് കയ്യാങ്കളി വിവാദം; കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ കണ്ട് രമ്യ ഹരിദാസ് എംഎല്‍എ
dot image

തിരുവനന്തപുരം: ചിറയിന്‍കീഴ് കയ്യാങ്കളി വിവാദത്തില്‍ വീണ്ടും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ കണ്ട് രമ്യ ഹരിദാസ് എംഎല്‍എ. നേരത്തെ രമ്യ ഹരിദാസ് ഉപസമിതിക്ക് മുന്നില്‍ വിശദീകരണം നല്‍കിയിരുന്നു. കടുത്ത നടപടിയിലേക്ക് കടക്കേണ്ടെന്നായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍ പരസ്യ താക്കീത് നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ രമ്യാ ഹരിദാസ് എംഎല്‍എക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ കണ്ടത്തിയിരുന്നു.
എം എം ഹസന്‍ അധ്യക്ഷനായ സമിതി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എംഎല്‍എക്കെതിരായ പരാമര്‍ശം ഉണ്ടായിരുന്നത്. രമ്യാ ഹരിദാസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും പക്വതയോടെ ഇടപെട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായപ്പോള്‍ കെപിസിസിയോട് പരാതിപ്പെടുന്നതിന് പകരം അനാവശ്യമായി വിവാദം ഉണ്ടാക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്.

കഴിഞ്ഞ കെപിസിസി യോഗത്തില്‍ രമ്യാ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ കയ്യാങ്കളി വിവാദത്തില്‍ എംഎല്‍എയ്ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും അഭിപ്രായം ഉയര്‍ന്നു. ഇതോടെ രമ്യക്കെതിരെ നടപടിയെടുക്കാന്‍ കെപിസിസി നിര്‍ബന്ധിതരായേക്കും എന്നായിരുന്നു റിപ്പോര്‍ട്ട്. നിലവില്‍ കെപിസിസി ഉപാധ്യക്ഷയാണ് രമ്യാ ഹരിദാസ്. അന്വേഷണ സമിതി റിപ്പോര്‍ട്ടും നേതാക്കളുടെ അഭിപ്രായവും കണക്കിലെടുത്ത് രമ്യാ ഹരിദാസിനെ ചുമതലയില്‍ നിന്ന് നീക്കാന്‍ എഐസിസിയോട് ആവശ്യപ്പെടാനുള്ള സാധ്യതയും മുന്നിലുണ്ട്.

കയ്യാങ്കളി വിവാദത്തില്‍ അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ ആദ്യഘട്ടത്തില്‍ രമ്യാ ഹരിദാസ് തയ്യാറായിരുന്നില്ല. എല്ലാം പാര്‍ട്ടി പറയും എന്നായിരുന്നു വിഷയത്തില്‍ രമ്യാ ഹരിദാസ് പ്രതികരിച്ചത്. തുടര്‍ന്ന് ഇന്നലെയാണ് സമിതിക്ക് മുന്നില്‍ ഹാജരായത്. നിലവില്‍ വിഷയത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സജാദിനെയും പാളയം പ്രദീപിനെയുമാണ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയായിരുന്നു ചിറയിന്‍കീഴില്‍ രമ്യാ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്. എംഎല്‍എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ എംഎല്‍എയുടെ പിഎ ആയ പാളയം പ്രദീപ് പങ്കെടുത്തതാണ് തര്‍ക്കത്തിന്റെ തുടക്കം. പ്രദീപ് യോഗത്തില്‍ പങ്കെടുക്കുകയും ചില കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതില്‍ പ്രാദേശിക തലത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്ന പ്രദീപിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ തന്നെ പിന്നീട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ആയ സജാദ് ഗ്രൂപ്പില്‍ സന്ദേശം അയക്കുകയായിരുന്നു. പിന്നാലെ രാത്രി രമ്യാ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങള്‍ വായിപ്പിക്കാന്‍ ശ്രമിച്ചെന്ന് ഇവര്‍ ആരോപിച്ചിരുന്നു. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സാപ് ഗ്രൂപ്പ് അഡ്മിനുമായ സജിത് മുട്ടമ്പലം അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് തര്‍ക്കം കയ്യാങ്കളിയിലേക്കു നീങ്ങിയത്.

Content Highlights: Congress MLA Remya Haridas met KPCC president Sunny Joseph again in connection with the Chirayinkeezhu controversy. She had earlier appeared before a party subcommittee and submitted her explanation. The party had decided not to proceed with strict action, while a section had reportedly demanded a public warning.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us