സതീശൻ-കുഞ്ഞാലിക്കുട്ടി ഭരണകാലം RSSന് വെടിമരുന്ന് ഉണക്കാനുള്ള കാലമാണ്: രൂക്ഷ വിമർശനവുമായി പി ജയരാജൻ

കോൺഗ്രസ് അധികാരത്തിൽ വന്നതിന് ശേഷം കൂടുതൽ സന്തോഷിക്കുന്നത് ആർഎസ്എസ് ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി ജയരാജൻ

സതീശൻ-കുഞ്ഞാലിക്കുട്ടി ഭരണകാലം RSSന് വെടിമരുന്ന് ഉണക്കാനുള്ള കാലമാണ്: രൂക്ഷ വിമർശനവുമായി പി ജയരാജൻ
dot image

കണ്ണൂർ: കോൺഗ്രസ് അധികാരത്തിൽ വന്നതിന് ശേഷം കൂടുതൽ സന്തോഷിക്കുന്നത് ആർഎസ്എസ് ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി ജയരാജൻ. ആർഎസിഎസിന് കേരളം കീഴടക്കണമെങ്കിൽ സിപിഐഎമ്മിനെ തകർക്കണമെന്നും പി ജയരാജൻ ചൂണ്ടിക്കാണിച്ചു. 'കേരളത്തിൽ പിടിമുറക്കാനുള്ള ആർഎസ്എസിൻ്റെ പദ്ധതി എത്രയോ ദശകങ്ങളായി നടക്കുകയാണ്. 1940കൾ മുതൽ ആർഎസ്എസിൻ്റെ ശാഖാ പ്രവർത്തനം കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ശാഖാ പ്രവർത്തനം നടക്കുന്നത് കേരളത്തിലാണെന്നാണ് ആർഎസ്എസ് അവകാശപ്പെടുന്നത്. പക്ഷെ എന്തേ കേരളം ഒരു ​ഗുജറാത്തോ മധ്യപ്രദേശോ ആയി മാറാത്തത്. അത് കോൺ​ഗ്രസിൻ്റെയോ മുസ്ലിം ലീ​ഗിൻ്റെയോ ബലം കൊണ്ടല്ല. മറിച്ച് സിപിഐഎം ജനങ്ങളെ അണിനിരത്തി സംഘപരിവാർ ആശയങ്ങൾക്കെതിരായി നടത്തിയിട്ടുള്ള ധീരമായ ചെറുത്ത് നിൽപ്പിൻ്റെ ഫലമായിട്ടാണ്. അത് കമ്മ്യൂണിസ്റ്റുകാരുടെ മാത്രം പങ്കാളിത്തത്തോടെ നടത്തേണ്ട കാര്യമാണെന്ന് ഞങ്ങൾ കണക്കാക്കുന്നില്ല. കേരളത്തിലെ നവോത്ഥാന പാരമ്പര്യങ്ങളില്ലെല്ലാം സംഘപരിവാറിനെ ചെറുക്കേണ്ട ആശയങ്ങളുടെ സ്രോതസ് കിടക്കുന്നുണ്ട്. അതിനെ അടക്കം ഉപയോ​ഗപ്പെടുത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റുകാരും മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ള നാനാവിധത്തിലുള്ള വർ​ഗ്​ഗ സംഘടനകളുമാണ് ആർഎസ്എസിനെ ചെറുത്തതെന്നും' പി ജയരാജൻ പ്രതികരിച്ചു.

അമേരിക്കയിലെ മാഡിസൺ സ്ക്വയറിൽ ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത് പറഞ്ഞ ഏകത എന്ന നിലപാടിനെയും പി ജയരാജൻ വിമർശിച്ചു. രാജ്യത്തെ സംഘപരിവാറും ആർഎസ്എസും രാജ്യത്ത് ഏകതയാണോ നടപ്പിലാക്കുന്നത്. ഭിന്നത സൃഷ്ടിക്കുന്ന ശക്തിയാണതെന്നും പി ജയരാജൻ കുറ്റപ്പെടുത്തി. ഉജ്ജയിനിയിലെ യുവ ധർമ്മ സൻസദിലെ മോഹൻ ഭാ​ഗവതിൻ്റെ പ്രസം​ഗത്തെയും പി ജയരാജൻ കുറ്റപ്പെടുത്തി. 'മതനിരപേക്ഷത എന്നത് പാശ്ചാത്യ ആശയമാണ് എന്നാണ് മോഹൻ ഭാ​ഗവത് പറഞ്ഞത്. ഇന്ത്യൻ ഭരണഘടനയുടെ ആദ്യത്തെ വാചകത്തിൽ ഉൾപ്പെട്ടതാണ് മതനിരപേക്ഷത. ഇന്ത്യയിൽ മതനിരപേക്ഷത ശക്തിപ്പെട്ടത് രാജാക്കന്മാർക്ക് എതിരായി മതനേതാക്കന്മാർ നടത്തിയ യുദ്ധത്തെ തുടർന്നാണ് എന്നാണ് മോഹൻ ഭാ​ഗവത് പറഞ്ഞത്. ശ്രീനാരായണ ​ഗുരുവിനെപ്പോലുള്ളവർ ജാതിക്കും മതത്തിനും അതീതമായ സാമൂഹ്യബോധത്തിൻ്റെ ആശയം വളർത്തിയ കേരളത്തിൻ്റെ മണ്ണിൽ വളരാൻ ഏകത പറയുകയും മതനിരപേക്ഷത പാശ്ചാത്യ ആശയമാണെന്ന് പറയുകയും ചെയ്യുന്ന സംഘപരിവാർ വഴിതേടുകയാണ്. അതിന് പശ്ചാത്ത സൗകര്യം ഒരുക്കുകയാണ് കേരളത്തിലെ വി ഡി സതീശൻ സർക്കാർ' എന്നും പി ജയരാജൻ കുറ്റപ്പെടുത്തി.

എസ്എൻഡിപി ജനറൽ സെക്രട്ടറിയായിരുന്ന സി കേശവൻ്റെ നിലപാടുകൾ ചൂണ്ടിക്കാണിച്ച് വെള്ളാപ്പള്ളി നടേശനെതിരെയും പി ജയരാജൻ വിമ‍ർശനം ഉന്നയിച്ചു. 'ഹിന്ദുമതം എന്ന മതമേ ഇല്ലല്ലോ എന്നാണ് ശ്രീനാരായണ ​ഗുരു പറഞ്ഞത്. ഈഴവർക്കും ക്രിസ്ത്യാനികൾക്കും മുസ്ളിങ്ങൾക്കും തിരുവിതാംകൂറിലെ ഹിന്ദു സ്റ്റേറ്റിൽ രക്ഷയില്ല. അതിനാൽ സർ സി പി ഉള്ളിടത്തോളം കാലം നമുക്ക് സ്വാതന്ത്ര്യം കിട്ടില്ലെന്ന് സി കേശവൻ പ്രഖ്യാപിച്ചിരുന്നു. സർ സി പി ഒരു ജന്തുവാണെന്നും സി കേശവൻ പറഞ്ഞിരുന്നു. ജന്തു എന്ന് വിശേഷിപ്പിച്ചത് ഹിന്ദു എന്നാണ് എന്നും സി കേശവൻ വിശദീകരിച്ചിരുന്നു. ഹിന്ദു എന്ന് പോലും വിശേഷിപ്പിക്കാൻ അന്നത്തെ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറിയായിരുന്ന സി കേശവൻ തയ്യാറായില്ല. എന്നാൽ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറയുന്നത് നായാടി മുതൽ നമ്പൂതിരി വരെ യോജിക്കണം എന്നാണ്. മാത്രമല്ല നസ്രാണി കൂടി അതിനൊപ്പം ചേരണമെന്നാണ്' എന്നും പി ജയരാജൻ പരിഹസിച്ചു.

സതീശൻ-കുഞ്ഞാലിക്കുട്ടി ഭരണകാലം ആർഎസ്എസിന് വെടിമരുന്ന് ഉണക്കാനുള്ള കാലമാണെന്നും പി ജയരാജൻ കുറ്റപ്പെടുത്തി. ലീഗ് മുസ്‌ലിം ബിജെപിയായി മാറി ക്കൊണ്ടിരിക്കുന്നു.വഖഫ് ബോർഡിലേക്ക് അമുസ്‌ലിങ്ങളെ ഉൾപ്പെടുത്താൻ സതീശൻ-കുഞ്ഞാലിക്കുട്ടി ഭരണം തീരുമാനിച്ചു. വഖഫ് സംരക്ഷണ റാലി എന്താണ് ലീഗ് ഇപ്പോൾ നടത്താത്തതെന്ന ചോദ്യമുയർത്തി പി ജയരാജൻ മുസ്‌ലിം ലീ​ഗിനെയും കടന്നാക്രമിച്ചു. ലീഗ് നേതാക്കൾക്ക് എല്ലാം കച്ചവടമാണെന്നും പി ജയരാജൻ കുറ്റപ്പെടുത്തി. കെഎം ഷാജി അഴീക്കോട് എംഎൽഎയായിരുന്നപ്പോൾ തന്നെ നിയമലംഘനമുണ്ടായി. പലതവണ നിയമലംഘനം നടത്തി കോടതിയുടെ പിടിയിൽപ്പെട്ട ആളാണ് കെഎം ഷാജി. സ്വകാര്യ വ്യക്തിയുടെ കാർ മന്ത്രി ഉപയോഗിക്കുന്നത് സാധാരണ അത്ഭുതമാണ്. ജനങ്ങളോടും നിയമവ്യവസ്ഥയോടും ഉള്ള വെല്ലുവിളിയാണ് ഷാജി നടത്തിയതെന്നും പി ജയരാജൻ കുറ്റപ്പെടുത്തി.

വിപുലീകൃത സംസ്ഥാന കമ്മിറ്റി പാർട്ടി പ്രവർത്തകരിൽ ആവേശവും ആത്മവിശ്വാസവും ഉണ്ടാക്കിയെന്നും പി ജയരാജൻ പ്രതികരിച്ചു. പാർട്ടിക്ക് അകത്ത് നടന്ന ചർച്ചകൾ ഉൾപാർട്ടി സമരമാണെന്നും പി ജയരാജൻ വ്യക്തമാക്കി. ഉൾപ്പാർട്ടി ചർച്ചയുടെ ഉൽപ്പന്നമാണ് കേന്ദ്രകമ്മിറ്റിയുടെ റിപ്പോർട്ട്. അതിന്റെ ഭാഗമായിട്ടാണ് യുവതലമുറയെയും വനിതകളെയും ഉൾക്കൊണ്ടുകൊണ്ട് പുനഃസംഘടന നടത്തിയതെന്നും പി ജയരാജൻ ചൂണ്ടിക്കാണിച്ചു. പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരെ ഇനിയും ഉൾപാർട്ടി സമരം തുടരുമെന്നും പി ജയരാജൻ വ്യക്തമാക്കി. മൂർച്ചയേറിയ ആയുധമായി പാർട്ടി മാറണമെന്നും ജയരാജൻ പറഞ്ഞു. തെറ്റിധരിക്കപ്പെട്ട ആളുകളുണ്ടെന്നും അവരെ പാർട്ടിയുടെ ധാരണയ്ക്ക് അനുസരിച്ച് ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രചരണത്തിലൂടെ സിപിഐഎമ്മികത്ത് ആശയ കുഴപ്പം ഉണ്ടാക്കാൻ ശ്രമ നടക്കുന്നു. മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളും ഗൗരവപൂർവ്വം പരിഗണിക്കും. 'എല്ലാ മാധ്യമങ്ങളും എന്നെ പൊക്കിപ്പിടിച്ചു കൊണ്ടാണ് നടക്കുന്നത്. കുറച്ചു കഴിഞ്ഞ് എന്നെയും താഴ്ത്തി കെട്ടും. ഞാൻ വല്ലാതെ സ്വപ്നലോകത്ത് പോകില്ല ഭൂമിയിൽ തന്നെ നിൽക്കും. സെക്രട്ടറിയേറ്റ് അംഗം ആക്കിയത് വൈകിയെന്ന് നിങ്ങൾക്ക് തോന്നും. പക്ഷേ എനിക്ക് തോന്നിയിട്ടില്ലെ'ന്നും പി ജയരാജൻ വ്യക്തമാക്കി.

സിപിഐഎമ്മിനെ തകർക്കാനാണ് ഇഡി കേരളത്തിലെത്തിയതെന്നും പി ജയരാജൻ വിമർശിച്ചു. അതാണ് പിണറായിയെയും റിയാസിനെയും കേസിൽ പെടുത്തുന്നത് ആ നടപടിയെ രാഷ്ട്രീയമായും നിയമപരമായും എതിർക്കേണ്ടതാണെന്നും പി ജയരാജൻ ചൂണ്ടിക്കാണിച്ചു,

Content Highlights: P Jayarajan has sharply criticised the Satheesan-Kunhalikutty leadership, alleging that their period in power provides an opportunity for the RSS to strengthen its activities.

dot image
To advertise here,contact us
dot image