

തിരുവനന്തപുരം: വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് തടയിടാനുള്ള കേരള സര്‍വകലാശാലയുടെ ഗൂഢ നീക്കം വിവാദത്തില്‍. കോളേജുകളിലോ സര്‍വകലാശാലയിലോ വിദ്യാര്‍ഥികള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പെടരുതെന്നാണ് സിന്‍ഡിക്കേറ്റ് കരട് മാര്‍ഗരേഖ. ചട്ടലംഘനമുണ്ടായാല്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത നടപടി നേരിടേണ്ടി വരും. വിഷയത്തില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് സംഘടനകള്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് കൂടി വിമര്‍ശനമുയര്‍ത്തിയതോടെ വലിയ രാഷ്ട്രീയ വിവാദത്തിനാണ് മാര്‍ഗരേഖ വഴിവെച്ചിരിക്കുന്നത്.
മാര്‍ഗരേഖ ലംഘിച്ചാല്‍ കോളേജുകളില്‍ പ്രിന്‍സിപ്പലിനും സര്‍വ്വകലാശാല ക്യാമ്പസില്‍ വിസിക്കും നടപടി എടുക്കാമെന്നും നിര്‍ദ്ദേശമുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സര്‍വകലാശാലയുടെ ഇടപെടല്‍ എന്നാണ് വിവരം. മാഹാരാജാസില്‍ അഭിമന്യുവിന്റെ കൊലപാതകം അടക്കമുള്ള വിഷയങ്ങള്‍ പരിഗണിച്ചുകൊണ്ട് വന്ന പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ച് സര്‍വകലാശാലകളോട് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഒരു പെരുമാറ്റച്ചട്ടം രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെ എംജി സര്‍വകലാശാലയില്‍ ഒരു കരട് പെരുമാറ്റച്ചട്ടം രൂപീകരിച്ചിരുന്നു. ഇതില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കം ഹൈക്കോടതിയെ സമീപിച്ച് മാര്‍ഗരേഖയില്‍ സ്റ്റേ വാങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കേരളയിലും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാനുള്ള ഗൂഢ നീക്കം നടക്കുന്നത്.
എന്നാല്‍ കരട് മാര്‍ഗ്ഗരേഖ അന്തിമമല്ലെന്നാണ് സര്‍വ്വകലാശാല നല്‍കുന്ന വിശദീകരണം. എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നതാണ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്. അതേസമയം കരട് പെരുമാറ്റച്ചട്ടത്തിലെ ഭൂരിഭാഗം പരാമര്‍ശങ്ങളും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തെ തടയിടാനാണെന്നാണ് വിലയിരുത്തല്‍. ക്യാമ്പസിനുള്ളില്‍ മുദ്രാവാക്യം വിളിക്കാന്‍ പാടില്ല, പ്രതിഷേധങ്ങള്‍ പാടില്ല, സമരങ്ങള്‍ പാടില്ല, കൊടിതോരണങ്ങള്‍, രാഷ്ട്രീയ പ്രചാരണ ബോര്‍ഡുകള്‍, ഫ്‌ളെക്‌സുകള്‍ എന്നിവ സ്ഥാപിക്കാന്‍ പാടില്ല തുടങ്ങിയവയാണ് മാര്‍ഗനിര്‍ദ്ദേശത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു തരത്തിലുമുള്ള കൂട്ടംകൂടലുകളോ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള പരിപാടികളോ സംഘടിപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. കൂടാതെ ഇത് ലംഘിച്ചാല്‍ 5000 രൂപ മുതല്‍ 20000 രൂപ വരെ പിഴ ചുമത്തും എന്നാണ് മാര്‍ഗരേഖയിലുള്ളത്. പിഴക്ക് പുറമേ ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളെ സര്‍വകലാശാലയ്ക്ക് കീഴിലെ ഒരു കോളേജിലും പഠിക്കാന്‍ കഴിയാത്ത വിധം ഡിസ്മിസ് ചെയ്യുന്നത് വരെ നീളുന്നതാണ് ശിക്ഷാ നടപടി. കൂടാതെ ഏത് രാഷ്ട്രീയ പാര്‍ട്ടിയോട് ബന്ധപ്പെട്ട സംഘടനയാണോ സമരം ചെയ്യുന്നത് ആ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും പിഴ ഈടാക്കാമെന്നും നിര്‍ദ്ദേശമുണ്ട്.
Content Highlights: A draft guideline prepared by the Kerala University Syndicate proposing restrictions on student political activities in colleges and the university has sparked controversy. The proposal reportedly includes action against students for violations, while Congress organisations have criticised the move. The Leader of the Opposition has also raised concerns over the draft.