കേരളത്തിൽ ഗുരുതര വൈദ്യുതി പ്രതിസന്ധി;പീക്ക് ഡിമാൻഡ് 5400 MW, നിര്‍ദേശങ്ങളുമായി KSEB എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍

350 മെഗാവാട്ട് സ്വാപ്പ് വൈദ്യുതി തിരികെ നല്‍കുന്നത് അടുത്ത കാലവര്‍ഷത്തിലേക്ക് മാറ്റുന്നതും നിലവിലെ പ്രതിസന്ധിക്ക് അയവു വരുത്തും

കേരളത്തിൽ ഗുരുതര വൈദ്യുതി പ്രതിസന്ധി;പീക്ക് ഡിമാൻഡ് 5400 MW, നിര്‍ദേശങ്ങളുമായി KSEB എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയെന്ന് കെഎസ്ഇബി എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍. വൈദ്യുതിമന്ത്രി സണ്ണി ജോസഫിന് പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായും ചരിത്രത്തിലാദ്യമായാണ് സെപ്റ്റംബറില്‍ ഒരു ദിവസം പലതവണ ലോഡ് ഷെഡ്ഡിംഗ് നടത്തേണ്ടി വരുന്നതെന്നും എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.

എല്‍നിനോയും ചൂടും മൂലം പീക്ക് സമയ വൈദ്യുതി ഉപയോഗത്തില്‍ 20% വര്‍ദ്ധനവുണ്ടായി. 4800 മെഗാവാട്ട് പ്രതീക്ഷിച്ച സ്ഥാനത്ത് സെപ്റ്റംബറിലെ പീക്ക് ആവശ്യകത 5400 മെഗാവാട്ട് ആയി ഉയര്‍ന്നു. പീക്ക് സമയത്ത് ലഭ്യത 4200 മാത്രമാണെന്നും പ്രതിദിന കമ്മി 1200-1300 മെഗാവാട്ട് എ.സി, ഇ വി ചാര്‍ജിങ് വര്‍ദ്ധിച്ചതിനാല്‍ പീക്ക് സമയം പുലര്‍ച്ചെ 2 മണി വരെ നീളുന്നുമുണ്ട്. പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് 800 മെഗാവാട്ട് മാത്രമാണ് ലഭിക്കുന്നത്. ബാക്കി 500 മെഗാവാട്ട് ലോഡ് ഷെഡ്ഡിങിലൂടെ നിയന്ത്രിക്കുന്നുവെന്നും അസോസിയേഷന്‍ പറഞ്ഞു.

അടിയന്തര പരിഹാര നിര്‍ദ്ദേശങ്ങളും അസോസിയേഷന്‍ നിര്‍ദേശിച്ചു. ഇടുക്കിയിലെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കി ജലവൈദ്യുതി ഉത്പാദനം പരമാവധിയാക്കാനും കോഴിക്കോട്, ബ്രഹ്‌മപുരം ഡീസല്‍ നിലയങ്ങള്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കുന്നതിനും മുന്‍കയ്യെടുക്കാനാണ് നിര്‍ദേശം.

350 മെഗാവാട്ട് സ്വാപ്പ് വൈദ്യുതി തിരികെ നല്‍കുന്നത് അടുത്ത കാലവര്‍ഷത്തിലേക്ക് മാറ്റുന്നതും നിലവിലെ പ്രതിസന്ധിക്ക് അയവു വരുത്തും. അല്ലെങ്കില്‍ ഓഫ്-പീക്ക് സമയത്തേക്ക് ക്രമീകരിക്കണമെന്നും നിര്‍ദേശിച്ചു. വലിയ വ്യാവസായിക ഉപഭോക്താക്കളുടെ ഉപയോഗം പീക്ക് സമയത്ത് നിന്ന് മറ്റ് സമയങ്ങളിലേക്ക് മാറ്റുക, വാട്ടര്‍ അതോറിറ്റിയുടെ പമ്പിങും കാര്‍ഷിക പമ്പുകളും സൗരോര്‍ജ്ജ ലഭ്യതയുള്ള പകല്‍ സമയത്തേക്ക് മാറ്റുക എന്നിവയും നിര്‍ദേശത്തിലുണ്ട്. വേനല്‍ക്കാലത്തേക്ക് ഡാമുകളിലെ വെള്ളം സംരക്ഷിക്കാന്‍ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ അധിക വൈദ്യുതി വാങ്ങല്‍ കരാറുകള്‍ ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.

സര്‍ക്കാരിന് നടപ്പാക്കാവുന്ന ദീര്‍ഘകാല പദ്ധതികളും കെഎസ്ഇബി എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ നിര്‍ദ്ദേശിച്ചു. 2026 നവംബര്‍-ഡിസംബര്‍ കാലയളില്‍ 10 ലക്ഷം ഫാനുകള്‍ ബില്‍എല്‍ഡിസി ആക്കി മാറ്റിയാല്‍ 42 മെഗാവാട്ട് ലാഭിക്കാനാവും. പഴയ എസി, ഫ്രിഡ്ജ് എന്നിവ മാറ്റാന്‍ സബ്സിഡി നല്‍കുന്നതും സര്‍ക്കാരിന് പരിഗണിക്കാനാവും.

12 മെഗാവാട്ട് മണിയാര്‍ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കുന്നതിന്റെ സാധ്യത പരിശോധിക്കുക, സബ്സ്റ്റേഷനുകളില്‍ 1 മെഗാവാട്ട് BESS യൂണിറ്റുകളും, പുരപ്പുറ സൗരോര്‍ജ്ജത്തില്‍ ബാറ്ററി സ്റ്റോറേജും ഏര്‍പ്പെടുത്തുക എന്നിവയും നിര്‍ദേശത്തിലുണ്ട്. ഡ്രോണ്‍ സര്‍വേ വഴി പദ്ധതിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കി 2031ഓടെ നിര്‍മ്മാണം ആരംഭിക്കുകയും 2036ഓടെ കമ്മീഷന്‍ ചെയ്യുകയും ചെയ്യണമെന്നും നിര്‍ദേശിച്ചു.

പൊതുജനങ്ങള്‍ വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെ എസി, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീന്‍, പമ്പുകള്‍ എന്നിവയുടെ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കുക, ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് പകല്‍ സമയത്തേക്ക് മാറ്റുക എന്നിവയും പരിഗണിക്കാന്‍ നിര്‍ദേശമുണ്ട്.

Content Highlights: Kerala Faces Severe Power Crisis as Peak Demand Hits 5,400 MW; KSEB Engineers Suggest Solutions

dot image
To advertise here,contact us
dot image