'കായികതാരങ്ങള്‍ക്ക് ഉത്തേജക മരുന്നുകള്‍ കുത്തിവെച്ചു';പാലക്കാട് പ്രമുഖ ക്ലബിനും പരിശീലകനുമെതിരെ ഗുരുതര ആരോപണം

കഴിഞ്ഞ 2 വര്‍ഷമായി പരിശീലകന്റെ നേതൃത്വത്തില്‍ ഉത്തേജകമരുന്ന് കുത്തിവെച്ചെന്നാണ് വെളിപ്പെടുത്തല്‍

'കായികതാരങ്ങള്‍ക്ക് ഉത്തേജക മരുന്നുകള്‍ കുത്തിവെച്ചു';പാലക്കാട് പ്രമുഖ ക്ലബിനും പരിശീലകനുമെതിരെ ഗുരുതര ആരോപണം
dot image

പാലക്കാട്: പാലക്കാട് കായിക താരങ്ങള്‍ക്ക് പരിശീലകന്‍ ഉത്തേജക മരുന്നുകള്‍ കുത്തിവെച്ചതായി ആരോപണം. നഗരത്തിലെ പ്രമുഖ അത്‌ലറ്റിക്ക് ക്ലബിനും പരിശീലകനുമെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സ്‌കൂള്‍ കായികോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാണ് പരിശീലകന്‍ പെൺകുട്ടികളെ ഉൾപ്പെടെ നിര്‍ബന്ധിച്ച് മരുന്നു കുത്തിവെപ്പിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ടെസ്റ്റോസ്റ്റിറോണ്‍, വളര്‍ച്ച ഹോര്‍മോണുകള്‍ എന്നിവയാണ് കുത്തിവെച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അത്ലറ്റിക് ക്ലബ്ബിലെ 15 വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് കഴിഞ്ഞ 2 വര്‍ഷമായി പരിശീലകന്റെ നേതൃത്വത്തില്‍ ഉത്തേജകമരുന്ന് കുത്തിവെച്ചെന്നാണ് വെളിപ്പെടുത്തല്‍.

വന്‍ തുക വാങ്ങിയാണ് ഉത്തേജകമരുന്നുകള്‍ പരിശീലകന്‍ എത്തിക്കുന്നത്. പാര്‍ശ്വഫലങ്ങള്‍ കാരണം നിരവധി കായിക താരങ്ങള്‍ ക്ലബ് വിട്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്‌കൂള്‍ കായികോത്സവത്തില്‍ ഡോപ് ടെസ്റ്റ് നിര്‍ബന്ധമാക്കാത്തത് പരിശീലകന്‍ വ്യാപകമായി ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം.

Also Read:

മത്സരങ്ങള്‍ നടക്കുന്ന സമയം മികച്ച പ്രകടനം നടത്താന്‍ മരുന്ന് എടുക്കണമെന്ന് കോച്ച് ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. എല്ലാവരിലും നിന്നും പണം ഈടാക്കിയിരുന്നു. അധ്യാപകന്റെ വാക്ക് വിശ്വസിച്ചാണ് മരുന്നെടുക്കാന്‍ തയ്യാറായത്. ഒരു സപ്ലൈയറിനെ ഉപയോഗിച്ചാണ് പരിശീലകന്‍ മരുന്ന് എത്തിച്ചിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. വര്‍ക്ക്ഔട്ട് സമയത്തും മീറ്റിനിടയിലും മരുന്ന് കുത്തിവയ്ക്കുകയാണ് ഉണ്ടായത്. ജില്ല, സംസ്ഥാന, ദേശീയ മീറ്റുകള്‍ക്ക് ഓരോരോ റേറ്റുകളിലായാണ് മരുന്നിന് പണം ഈടാക്കിയത്. ജില്ലാ തലത്തില്‍ മത്സരിക്കുമ്പോള്‍ മൂവായിരം രൂപ വാങ്ങിയ സ്ഥാനത്ത് ദേശീയ തലമായപ്പോള്‍ 28,000രൂപയോളം വാങ്ങിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. രണ്ട് ലക്ഷത്തോളം രൂപ ഒരു വിദ്യാര്‍ത്ഥിയുടെ കൈയില്‍ നിന്നും മാത്രം വാങ്ങിയിട്ടുണ്ട്. ഇപ്പോഴും ഈ ചൂഷണം തുടരുന്നതിനാല്‍ സംസ്ഥാന തലത്തിലെ മത്സരങ്ങളിലടക്കം ഡോപ്പ് ടെസ്റ്റ് നടത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

ആദ്യ ഘട്ടത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളെ കൊണ്ടാണ് മരുന്ന് കുത്തിവെപ്പിച്ചത്. മരുന്ന് എടുത്ത ശേഷം ശാരീരികമായ ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെയാണ് ശ്രദ്ധിക്കാന്‍ ആരംഭിച്ചത്. തുടര്‍ന്ന് മറ്റൊരു പരിശീലകനെ വിവരം അറിയിച്ചപ്പോഴാണ് വളര്‍ച്ചാ ഹോര്‍മോണുകളടക്കമാണ് കുത്തിവെച്ചതെന്നും ഇത് നിയമവിരുദ്ധമാണെന്ന് മനസിലാക്കുകയും ചെയ്തത്. ഇതോടെ ആ ക്ലബില്‍ നിന്നും പുറത്തുപോകുകയാണ് ഉണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും അവരുടെ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും അവര്‍ ആരോപിക്കുന്നു.

Also Read:

കായിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വലിയ അറിവില്ലാത്ത സാഹചര്യത്തില്‍ പരിശീലകന്‍ പറഞ്ഞ് വിശ്വസിച്ചാണ് തന്റെ മകള്‍ക്ക് കുത്തിവെയ്പ്പ് എടുക്കാന്‍ തീരുമാനിച്ചതെന്ന് ചൂഷണത്തിനിരയായ വിദ്യാര്‍ത്ഥിനിയുടെ മാതാവ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ഒളിമ്പ്യന്‍മാര്‍ ഉപയോഗിക്കുന്ന മരുന്ന് കുട്ടികള്‍ ഉപയോഗിച്ചാല്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് വിശ്വസിപ്പിച്ചു. വിറ്റാമിന്‍ മരുന്നുകളാണെന്നാണ് പറഞ്ഞിരുന്നത്. മത്സരത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അധ്യാപകന്റെ വീട്ടിലെത്താന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇതിന്റെ പേരില്‍ പണവും അധ്യാപകന്‍ കൈപ്പറ്റി. ഗൂഗിള്‍പേ വഴിയാണ് പണം കൈമാറിയത്. മക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ വന്നതോടെ മാതാപിതാക്കള്‍ക്ക് സംശയം ഉയര്‍ന്നിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിയപ്പോഴാണ് കാര്യം മനസിലായത്. പേപ്പറില്‍ പൊതിഞ്ഞ് മരുന്നുകള്‍ കായിക താരങ്ങള്‍ക്ക് വിതരണവും ചെയ്തിരുന്നു. ഈ മരുന്നിന്റെ ലേബലുകള്‍ ഒഴിവാക്കിയാണ് നല്‍കിയിരുന്നത്. സംഭവത്തില്‍ നിയമപരമായി നീങ്ങാനാണ് തീരുമാനമെന്നും വിദ്യാർത്ഥിനിയുടെ മാതാവ് പറഞ്ഞു.

Also Read:

എന്നാൽ കായിക താരങ്ങളുടെ ആരോപണങ്ങൾ പൂർണമായും നിഷേധിക്കുകയാണ് അത്‌ലറ്റിക് ക്ലബ്ബും പരിശീലകനും. ചില പ്രശ്നങ്ങളെ തുടർന്ന് പുറത്താക്കപ്പെട്ട വിദ്യാർത്ഥികൾ ക്ലബ്ബിനെതിരെ മനപ്പൂർവ്വം അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണ് എന്നാണ് പരിശീലകന്റെ വിശദീകരണം.

Content Highlights: Sports players raising allegations against a prominent club and coach in Palakkad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us