ഇ ഡിയുടെ വിഷയത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പ്, AICCയുടെ നിലപാട് എന്ത്? എം എ ബേബി

ഇ ഡിയെ ഭയന്ന് ബിജെപിയില്‍ ചേരാന്‍ സിപിഐഎമ്മുകാരെ കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

ഇ ഡിയുടെ വിഷയത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പ്, AICCയുടെ നിലപാട് എന്ത്? എം എ ബേബി
dot image

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഇ ഡിയെ പരിഹസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഇ ഡി ഭാവനാപൂര്‍വ്വം എഴുതുന്നുവെന്നും എം ടി എഴുതിയത് കേട്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നത് പോലെ ഇ ഡി എഴുതിയത് കേട്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ടി വരുമെന്ന് എം എ ബേബി പറഞ്ഞു. ഇ ഡി പുതിയ വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും കേസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും അദ്ദേഹം ആരോപിച്ചു. ഇ ഡിയെ ഭയന്ന് ബിജെപിയില്‍ ചേരാന്‍ സിപിഐഎമ്മുകാരെ കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് സുപ്രീംകോടതി തള്ളിയതാണെന്നും എം എ ബേബി ചൂണ്ടിക്കാട്ടി.

കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സംഘമായി ഇ ഡി മാറിയെന്നും റിയാസിനെതിരെ കള്ള തെളിവുണ്ടാക്കാന്‍ ഇ ഡി ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശന്‍ സര്‍ക്കാര്‍ ഇതില്‍ വലിയ കാര്യമുണ്ടെന്ന മട്ടിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന് വിഷയത്തില്‍ ഇരട്ടത്താപ്പാണെന്നും കേസ് സിപിഎമ്മിനെതിരെ ആകുമ്പോള്‍ സന്തോഷിക്കുന്നുണ്ടെന്നും എം എ ബേബി പറഞ്ഞു. എന്നാല്‍ ഇത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ ആകുമ്പോള്‍ വിമര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നിലപാട് എഐസിസി അംഗീകരിക്കുന്നുണ്ടോയെന്നും എം എ ബേബി ചോദിച്ചു.

അതേസമയം, ഇ ഡി നീക്കത്തെ രാഷ്ട്രീയമായും നിമപരമായും നേരിടാനാണ് സിപിഐഎമ്മിന്റെ തീരുമാനം. ഇ ഡിക്ക് രാഷ്ട്രീയ ലക്ഷ്യമാണെന്നും പ്രതിരോധിച്ച് മുന്നോട്ടുപോകുമെന്നുമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. ഒരു കത്തിനൊന്നും വലിയ വിലയില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ എന്ത് നിലപാടാണ് സ്വീകരിക്കുമെന്നാണ് അറിയേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. തനിക്കെതിരെ വേട്ടയാടല്‍ തുടങ്ങിയിട്ട് ഏറെക്കാലമായെന്നും തന്നെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ ആ തരത്തില്‍ ഉയര്‍ന്നിട്ടില്ലെന്നും പിണറായി വിജയനും പറഞ്ഞിരുന്നു. രാഷ്ട്രീയമായതിനെ രാഷ്ട്രീയമായും നിയമപരമായതിനെ നിയമപരമായും നേരിടുമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇ ഡി നീക്കത്തില്‍ പിണറായി വിജയനെ പിന്തുണച്ച് പൊളിറ്റ് ബ്യൂറോയും രംഗത്തുവന്നിരുന്നു. ഇ ഡി രാഷ്ട്രീയ വേട്ട തുരുമ്പിച്ച ആയുധമാണെന്ന് ദേശാഭിമാനിയിലെ മുഖപ്രസംഗത്തിലും പറഞ്ഞിരുന്നു.

Content Highlights: CPI(M) General Secretary M A Baby takes a dig at the Enforcement Directorate over the CMRL Exalogic financial transaction case.

dot image
To advertise here,contact us
dot image