

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ദേശീയകായിക ദിനപരിപാടിയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതില്‍ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതികരിച്ച് പി എ മുഹമ്മദ് റിയാസ് എംഎല്‍എ.
ചോദ്യങ്ങള്‍ ചോദിക്കുന്ന യുവത്വത്തിന്റെ ശബ്ദത്തെ ലാത്തികൊണ്ട് നിശ്ശബ്ദമാക്കാമെന്ന് ആരും കരുതേണ്ടെന്ന് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റെന്നും സ്വന്തം മക്കളുടെ പ്രായമുള്ള വിദ്യാര്‍ത്ഥിനികളെ പോലും വനിതാ പൊലീസുകാരുടെ സാന്നിധ്യമില്ലാതെ ക്രൂരമായി നേരിട്ടത് മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് സര്‍ക്കാരിന്റെ സംഘപരിവാര്‍ വിധേയത്വം തുറന്നുകാട്ടപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണ് ഈ പൊലീസ് നരനായാട്ടിന് പിന്നില്‍. വിദ്യാര്‍ത്ഥികളുടെ കണ്ണീരിന് മറുപടി പറയണമെന്നും റിയാസ് ആവശ്യപ്പെട്ടു.
റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്
ചോദ്യങ്ങള്‍ ചോദിക്കുന്ന യുവത്വത്തിന്റെ ശബ്ദത്തെ ലാത്തികൊണ്ട് നിശ്ശബ്ദമാക്കാമെന്ന് ആരും കരുതേണ്ട….
കേരള സര്‍വകലാശാല ആസ്ഥാനത്ത് ഇന്ന് മുഴങ്ങിയത് വിദ്യാര്‍ത്ഥികളുടെ മുദ്രാവാക്യങ്ങള്‍ മാത്രമല്ല, ലാത്തിയടിയില്‍ പിടഞ്ഞ അവരുടെ വേദനയുടെ നിലവിളികള്‍ കൂടിയായിരുന്നു.
ഓണാഘോഷത്തിന് പിന്നാലെ സര്‍വകലാശാല പരിപാടിയിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചിന് നേരെയാണ് പൊലീസ് അതിക്രമം. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സ്വന്തം മക്കളുടെ പ്രായമുള്ള വിദ്യാര്‍ത്ഥിനികളെ പോലും വനിതാ പൊലീസുകാരുടെ സാന്നിധ്യമില്ലാതെ ക്രൂരമായി നേരിട്ടത് മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്.
യുഡിഎഫ് സര്‍ക്കാരിന്റെ സംഘപരിവാര്‍ വിധേയത്വം തുറന്നുകാട്ടപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണ് ഈ പൊലീസ് നരനായാട്ടിന് പിന്നില്‍. വിദ്യാര്‍ത്ഥികളുടെ കണ്ണീരിന് മറുപടി പറയണം.
ഈ അന്യായ നടപടിക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
സംഭവത്തില്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും പ്രതികരിച്ചു. സംഘപരിവാറിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ തെരുവില്‍ പെണ്‍കുട്ടികളുടെ രക്തം വീഴുന്ന കാഴ്ച എങ്ങനെയാണ് കോണ്‍ഗ്രസിന് ന്യായീകരിക്കാന്‍ സാധിക്കുന്നതെന്ന് ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.സംഘപരിവാര്‍ അജണ്ട ഒരു മടിയും കൂടാതെ നടപ്പിലാക്കുകയും നിശബ്ദമായി അതില്‍ പങ്കാളിയാവുകയും ഇപ്പൊ ഇതാ അതിനെതിരെ പ്രതികരിക്കുന്നവിദ്യാര്‍ത്ഥികളെ പോലും ക്രൂരമായി തല്ലി ചതയ്ക്കുകയും ചെയ്യുന്ന ഒരു കോണ്‍ഗ്രസ് ഗവണ്‍മെന്റിനെയും കേരളം കാണുന്നു. മതനിരപേക്ഷ കേരളം യുഡിഎഫിനോട് കണക്കു ചോദിക്കുമെന്നും ശിവപ്രസാദ് കൂട്ടിച്ചേർത്തു.
Content Highlights: P A Mohammed Riyas MLA responds to the police action against SFI activists protesting the full rendition of Vande Mataram at a Kerala University programme