

തിരുവനന്തപുരം: പത്ത് വര്‍ഷം ഭരിച്ചിട്ട് 500 ഗ്രാം എംഡിഎംഎ പോലും പിടിക്കാന്‍ കഴിഞ്ഞില്ല എന്ന മുന്‍ സര്‍ക്കാരിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ആഭ്യന്തര മന്ത്രി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോടെങ്കിലും ചോദിച്ചിരുന്നെങ്കില്‍ എല്‍ഡിഎഫ് കാലത്തെ മയക്കുമരുന്ന് വേട്ടയെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞേനെ എന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.
2024 ജൂലൈയില്‍ തൃശൂരില്‍ 2.4 കിലോ എംഡിഎംഎ പിടികൂടിയിരുന്നു. ഉറവിടം തേടിയെത്തിയ കേരള പൊലീസ് ഹൈദരാബാദില്‍ സിനിമാ നിര്‍മാതാവ് നടത്തി വന്ന അന്താരാഷ്ട്ര ലഹരിനിര്‍മ്മാണ ലാബ് കണ്ടെത്തി പൂട്ടിച്ചു എന്നാണ് അദ്ദേഹം വിശദീകരിച്ചത്. രേവന്ത് റെഡ്ഡിക്ക് സാധിക്കാത്ത കാര്യമാണ് കേരള പൊലീസ് അവിടെ നടപ്പിലാക്കിയതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു എന്ന് പാര്‍ലമെന്റിലെ കേന്ദ്രസര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 2021 മുതല്‍ 2025 വരെ കേരള പൊലീസ് മാത്രം 1,26,855 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2023 ല്‍ ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്ന് കേരള എക്‌സൈസ് വകുപ്പ് 80 കിലോ എംഡിഎംഎ പിടികൂടി എന്നടക്കം കണക്ക് നിരത്തിയാണ് ആഭ്യന്തര മന്ത്രിക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ പിണറായി മറുപടി നല്‍കിയത്.
മാതൃകാപരമായ നേട്ടങ്ങളെയാണ് നിലവിലെ ആഭ്യന്തര മന്ത്രി വിലകുറഞ്ഞ രീതിയില്‍ വിമര്‍ശിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഓപ്പറേഷന്‍ തൂഫാന്‍ മയക്കുമരുന്നുവേട്ടയെ പ്രതിപക്ഷം ഒരിക്കലും എതിര്‍ത്തിട്ടില്ലെന്നും വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയതെന്നും, എന്നാല്‍ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ പ്രതിയായ എംഡിഎംഎ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെയാണ് ചോദ്യം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'10 വര്‍ഷം ഭരിച്ചിട്ട് 500 ഗ്രാം എംഡിഎംഎ പോലും പിടിക്കാന്‍ കഴിഞ്ഞില്ല' എന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന കണ്ടു. കുറഞ്ഞപക്ഷം തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ രേവന്ത് റെഡ്ഡിയോടെങ്കിലും ചോദിച്ചിരുന്നെങ്കില്‍ ആഭ്യന്തര മന്ത്രിക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മയക്കുമരുന്നുവേട്ടയെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞേനെ. ?
2024 ജൂലൈയില്‍ തൃശൂരില്‍ പിടികൂടിയ 2.4 കിലോ എംഡിഎംഎയുടെ ഉറവിടം തേടിയെത്തിയ കേരള പൊലീസ്, ഹൈദരാബാദ് കുക്കട്പള്ളിയില്‍ സിനിമാ നിര്‍മ്മാതാവ് നടത്തിവന്ന അന്താരാഷ്ട്ര ലഹരിനിര്‍മ്മാണ ലാബ് കണ്ടെത്തി പൂട്ടിച്ചു. ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ രാസവസ്തുക്കളും പിടിച്ചെടുത്തു. സംസ്ഥാനം ഭരിക്കുന്ന രേവന്ത് റെഡ്ഡിക്ക് സാധിക്കാത്ത കാര്യമാണ് കേരള പൊലീസ് അവിടെ നടപ്പിലാക്കിയത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു എന്ന് പാര്‍ലമെന്റിലെ കേന്ദ്രസര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 2025 ഫെബ്രുവരി 3 ന് ലോക്‌സഭയില്‍ കേന്ദ്ര ധനമന്ത്രി നല്‍കിയ മറുപടി പ്രകാരം, 2022 മുതല്‍ മയക്കുമരുന്നിനെതിരെ ഏറ്റവും ശക്തമായ നടപടിയെടുക്കുന്നത് കേരളമാണ്. ലഹരിക്കേസുകളില്‍ രണ്ടാമതുള്ള സംസ്ഥാനത്തേക്കാള്‍ മൂന്നിരട്ടി അറസ്റ്റുകളാണ് കേരളത്തില്‍ നടന്നത്.
മയക്കുമരുന്ന് ഉപയോഗത്തില്‍ വളരെ പിന്നിലാണെങ്കിലും, ലഹരിവ്യാപനം തടയുന്നതില്‍ കേരളത്തിന്റെ പ്രതിരോധം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ഈ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. 2022 ഡിസംബര്‍ 22 ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കിയ മറുപടി പ്രകാരം, കേരളത്തില്‍ എന്‍ഡിപിഎസ് കേസുകളിലെ ശിക്ഷാ നിരക്ക് 98 ശതമാനത്തിലേറെയായിരുന്നു. ദേശീയ ശരാശരി 78 ശതമാനമായപ്പോഴാണ് കേരളം അന്ന് ഈ നേട്ടം കൈവരിച്ചത്. തെലങ്കാനയില്‍ ഇത് 25 ശതമാനം മാത്രമായിരുന്നു.
2021 മുതല്‍ 2025 വരെ കേരള പോലീസ് മാത്രം 1,26,855 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണിശമായ നിരീക്ഷണവും 'ഓപ്പറേഷന്‍ ഡി-ഹണ്ട്' പോലുള്ള ശക്തമായ ഇടപെടലുകളുമാണ് കേസ് രജിസ്‌ട്രേഷനില്‍ 538% വര്‍ധനവുണ്ടാക്കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് എക്‌സൈസ് വകുപ്പ് 41,946 എന്‍ഡിപിഎസ് കേസുകളും 4,18,403 COTPA കേസുകളും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് വകുപ്പ് മന്ത്രി എം ലിജു 2026 ജൂണ്‍ 23 ന് യുആര്‍ പ്രദീപ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. 17,587.4335 കിലോ ഗ്രാം കഞ്ചാവ്, 33,419.996 ഗ്രാം എംഡിഎംഎ, 65,943.8254 ഗ്രാം ഹാഷിഷ്, 1,60,597.093 കിലോ ഗ്രാം COTPA ഉല്പന്നങ്ങള്‍ എന്നിവ അഞ്ചു വര്‍ഷം കൊണ്ട് എക്‌സൈസ് പിടിച്ചെടുത്തതിന്റെ കണക്കും മന്ത്രി ഇതേ ചോദ്യത്തിന് മറുപടിയായി നല്‍കിയിട്ടുണ്ട്.
2023 ല്‍ ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്ന് കേരള എക്‌സൈസ് വകുപ്പ് 80 കിലോ എംഡിഎംഎ പിടികൂടിയതും 2018 ലെ കൊച്ചിയിലെ 5 കിലോ എംഡിഎംഎ വേട്ടയും 2022-2025 കാലത്തെ ഓപ്പറേഷന്‍ ഡി-ഹണ്ട് ഉള്‍പ്പെടെയുള്ള എക്‌സൈസിന്റെ വന്‍ ലഹരിപിടിത്തങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളാണ് വ്യക്തമാക്കുന്നത്. ഈ മാതൃകാപരമായ നേട്ടങ്ങളെയാണ് നിലവിലെ ആഭ്യന്തര മന്ത്രി വിലകുറഞ്ഞ രീതിയില്‍ വിമര്‍ശിക്കുന്നത്.
ഓപ്പറേഷന്‍ തൂഫാന്‍ മയക്കുമരുന്നുവേട്ടയെ പ്രതിപക്ഷം ഒരിക്കലും എതിര്‍ത്തിട്ടില്ല. പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയത്. എന്നാല്‍, മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ പ്രതിയായ അന്താരാഷ്ട്ര എംഡിഎംഎ കേസ് അട്ടിമറിക്കാനുള്ള ഉന്നതതല ശ്രമങ്ങളെയാണ് ഞങ്ങള്‍ ചോദ്യം ചെയ്തത്. ?കാസര്‍ഗോഡ് കേസില്‍ ശാസ്ത്രീയ തെളിവെടുപ്പുകള്‍ നിര്‍ത്തിവയ്ക്കാന്‍ പൊലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടായി. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാനോ ബംഗളൂരുവില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്താനോ തയ്യാറായില്ല.
സ്വന്തം ആളുകള്‍ കുടുങ്ങിയപ്പോള്‍ അന്വേഷണം അട്ടിമറിച്ചവരാണ് ഇപ്പോള്‍ 'ഓപ്പറേഷന്‍ തൂഫാ'ന്റെ പേരില്‍ പി.ആര്‍. മഹാമഹം തീര്‍ക്കുന്നത്. ?ഈ കാപട്യം തുറന്നുകാട്ടുമ്പോള്‍ അത് മയക്കുമരുന്നു വേട്ടക്കെതിരെയുള്ള ആക്ഷേപമാക്കി ചിത്രീകരിച്ച് യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ഒളിച്ചോടാനാണ് ആഭ്യന്തര വകുപ്പും മന്ത്രിയും ശ്രമിക്കുന്നത്.
കാസര്‍ഗോഡ് കേസില്‍ ആഭ്യന്തര വകുപ്പിന് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്ന സമ്മര്‍ദ്ദവും മന്ത്രിയുടെ നിസ്സഹായാവസ്ഥയുമാണ് ഇത് വ്യക്തമാക്കുന്നത്. ആഭ്യന്തര മന്ത്രി വസ്തുതകള്‍ പരിശോധിച്ച് ഉത്തരവാദിത്വ ബോധത്തോടെ സംസാരിക്കും എന്ന് പ്രത്യാശിക്കുന്നു.
Content Highlights: Former Kerala Chief Minister Pinarayi Vijayan has responded to Home Minister Ramesh Chennithala’s criticism regarding drug seizures during the previous government’s tenure. Vijayan said Chennithala could have asked Telangana Chief Minister Revanth Reddy about the LDF government’s record in combating drugs to understand the scale of enforcement during that period.