മൂവാറ്റുപുഴ ജില്ലാ രൂപീകരണം: വിയോജിപ്പുമായി കേരള കോൺഗ്രസ്; നിലപാട് നേരത്തെ UDFൽ അറിയിച്ചിട്ടുണ്ടെന്ന് മോൻസ്

'യുഡിഎഫിൽ ചർച്ച ചെയ്യുമ്പോൾ കേരള കോൺ​ഗ്രസിൻ്റെ അഭിപ്രായം പറയും'

മൂവാറ്റുപുഴ ജില്ലാ രൂപീകരണം: വിയോജിപ്പുമായി കേരള കോൺഗ്രസ്; നിലപാട് നേരത്തെ UDFൽ അറിയിച്ചിട്ടുണ്ടെന്ന് മോൻസ്
dot image

തൊടുപുഴ: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് കേരള കോൺ​ഗ്രസ്. പുതിയ ജില്ലയുമായി ബന്ധപ്പെട്ട തീരുമാനം യുഡിഎഫിൽ ചർച്ച ചെയ്യണമെന്നും കേരള കോൺ​ഗ്രസ് നേതാവും ജലവിഭവ മന്ത്രിയുമായ മോൻസ് ജോസഫ് ആവശ്യപ്പെട്ടു. തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവുമാണെന്നും അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ലെന്നും മോൻസ് ജോസഫ് വ്യക്തമാക്കി. കേരള കോൺഗ്രസ് നിലപാട് നേരത്തെ മുന്നണിയിൽ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

'ഇടുക്കി ജില്ലയിൽ നിന്ന് തൊടുപുഴ ഉൾപ്പെടെയുള്ള നിയോജക മണ്ഡലങ്ങൾ മറ്റൊരു ജില്ലയിലേയ്ക്ക് പോകുക എന്ന് പറഞ്ഞാൽ ഇടുക്കി ജില്ലയുടെ ആത്മാവും ഹൃദയവുമെല്ലാം പറിച്ച് കൊണ്ട് പോകുകയെന്നാവും. അതിനോട് കേരള കോൺ​ഗ്രസ് പാർട്ടിയുടെ ചെയർമാൻ പി ജെ ജോസഫ് തുടക്കത്തിൽ തന്നെ വിയോജിപ്പ് പറഞ്ഞിട്ടുണ്ട്. നേരത്തെ ഒരിക്കൽ മൂവാറ്റുപുഴ എംഎൽഎ ആയിരുന്ന ജോസഫ് വാഴയ്ക്കൻ ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ ചർച്ച ചെയ്ത് ഇത് വേണ്ടായെന്ന് വെച്ചതുമാണ്. ഇനി അതിന് വേറെ സാധ്യതയുണ്ടോയെന്ന് പരിശോധിക്കുന്നതിൽ വിരോധമില്ല. എംഎൽഎയ്ക്ക് നിർദ്ദേശം വെയ്ക്കുന്നതിനും മുഖ്യമന്ത്രിക്ക് അതിൽ പ്രതികരിക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഇത് വിശദമായി പരിശോധിക്കേണ്ടത് യുഡിഎഫ് ആണ്. യുഡിഎഫിൽ ചർച്ച ചെയ്യുമ്പോൾ കേരള കോൺ​ഗ്രസിൻ്റെ അഭിപ്രായം പറയും' എന്നായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. പുതിയ ജില്ലയാക്കുന്നത് പരി​ഗണനയിലുണ്ടെന്നും ഡീലിമിറ്റേഷൻ കമ്മീഷൻ കൊണ്ടുവരുമ്പോൾ സ‍‍‍ർക്കാ‍ർ ഉറപ്പായും പരി​ഗണിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സമഗ്ര സുരക്ഷ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് ഡാമിലെത്തുമെന്നും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. സുപ്രീം കോടതി നിർദേശിച്ച പോലെ സമ്പൂർണ്ണ സുരക്ഷ പരിശോധന നടത്തണമെന്ന് കേരളം ആവശ്യപ്പെടും. തയ്യാറായില്ലെങ്കിൽ കേരളം സുപ്രീംകോടതിയെ സമീപിക്കും. മുൻ സർക്കാരിന് കേസ് നടത്തിപ്പിൽ വീഴ്ച്ച പറ്റിയെന്നും മോൻസ് ജോസഫ് കുറ്റപ്പെടുത്തി. കേരളം പുതിയ അഭിഭാഷക സംഘത്തെ സുപ്രീം കോടതിയിൽ നിയോഗിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സമഗ്ര സുരക്ഷ പരിശോധനയ്ക്കു ശേഷം കേരളം ഉന്നതല യോഗം വിളിച്ചു ചേർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂവാറ്റുപുഴ ജില്ല വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനെ വേദിയിലിരുത്തി നേരത്തെ മൂവാറ്റുപുഴ ന​ഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടതോടെയാണ് പുതിയ ജില്ല എന്ന ആവശ്യം ശക്തമായത്. ഞങ്ങൾ മൂവാറ്റുപുഴക്കാർക്ക് ഒരു ഓണസമ്മാനം നൽകിയിട്ടേ പോകാവൂ എന്ന് ആമുഖമായി പറഞ്ഞായിരുന്നു പുതിയ ജില്ല എന്ന ആവശ്യം മാത്യു കുഴൽനാടൻ ഉന്നയിച്ചത്. 'ഞങ്ങൾ മൂവാറ്റുപുഴക്കാർക്ക് ഒരു ഓണസമ്മാനം നൽകിയിട്ടേ പോകാവൂ. സത്യം പറഞ്ഞാൽ ഏറെക്കാലമായി ഞങ്ങൾ വറുതിയിലും പട്ടിണിയിലുമാണ്. ഞാനും ഡീനും അടക്കം എല്ലാ നേതാക്കന്മാരും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി മുവാറ്റുപുഴയ്ക്ക് ഒന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. പ്രത്യേകമായ കരുതലും പരി​ഗണനയും മൂവാറ്റുപുഴയ്ക്ക് വേണ്ടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും ആ​ഗ്രഹിക്കുന്ന ഓണസമ്മാനം ഒരു പുതിയ ജില്ല രൂപീകൃതമാകുമെങ്കിൽ ആദ്യത്തെ ജില്ല മൂവാറ്റുപുഴ ജില്ല ആയിരിക്കണം' എന്നായിരുന്നു മാത്യു കുഴൽനാടൻ പറഞ്ഞത്.

ആവശ്യം ഗൗരവമായി പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 'എഎംഎൽ സംസാരിച്ചപ്പോൾ മൂവാറ്റുപുഴയുടെ സങ്കടങ്ങളെക്കുറിച്ച് പറഞ്ഞു. ഒരുപാട് നാളുകൾ പാർശ്വവത്കരിക്കപ്പെട്ടതിനെക്കുറിച്ച് പറഞ്ഞു. പ്രതികാര ബുദ്ധിയോട് കൂടി ഇവിടുത്തെ വികസന പ്രവ‍ർത്തനങ്ങളെ തടസ്സപ്പെടുത്തുത്തി നിർത്തിയതിനെക്കുറിച്ച് പറഞ്ഞു. എല്ലാ സങ്കടങ്ങളും എല്ലാ വിഷമങ്ങളും മാറ്റും. ഒരു കാര്യം നഷ്ടപ്പെട്ടാൽ പലിശ സഹിതം കിട്ടണമെന്നാണ് എല്ലാവരും ആ​ഗ്രഹിക്കുന്നത്. അതിൻ്റെ പലിശ സഹിതം മൂവാറ്റുപുഴയ്ക്ക് നൽകും. മൂവാറ്റുപുഴ ജില്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് ചെറിയൊരു വിഷമം വന്നു. എൻ്റെ ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേറിട്ട് പോകൂന്നാണല്ലോ. എന്നാലും ആ കാര്യം കൂടി ​ഗൗരവമായി പരിശോധിക്കുന്നുണ്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരിച്ചിരുന്നു. ഡീലിമിറ്റേഷൻ കമ്മീഷൻ സർക്കാർ കൊണ്ടുവരുമെന്നും അക്കാര്യത്തിൽ ഇത് കൂടി ഉറപ്പായി പരി​ഗണിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു.

Content Highlights: Kerala Congress has expressed its disagreement with the proposal to form Muvattupuzha as a new district. Party leader Mons Joseph said the party had already conveyed its position to the UDF earlier

dot image
To advertise here,contact us
dot image