

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ ഭാര്യ സ്റ്റിജി. അനുനയ ചര്‍ച്ചയില്‍ മന്ത്രി നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് ഷിജിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. ഉറപ്പുകള്‍ ലഭിച്ചതല്ലാതെ സര്‍ക്കാര്‍ പിന്നീട് തിരിഞ്ഞു നോക്കിയില്ലെന്നും നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഷിജിന്റെ മുപ്പതാം ഓര്‍മ്മദിന ചടങ്ങുകള്‍ അഞ്ചുതെങ്ങ് പള്ളിയില്‍ നടക്കുന്നതിനിടയിലായിരുന്നു സ്റ്റിജിയുടെ പ്രതികരണം.
തനിക്ക് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിക്കണമെന്നും ഷിജിന്റെ ഭാര്യ ആവശ്യപ്പെട്ടു. 'ഇന്ന് 30 ദിവസമായപ്പോഴാണ് മരണാനന്തര ചടങ്ങുകള്‍ നടത്തിയത്. എനിക്ക് രണ്ട് കുഞ്ഞുമക്കളാണ്. അവരെ എനിക്ക് നോക്കണം.' സ്റ്റിജി പറഞ്ഞു. തനിക്ക് ജോലി തരാമെന്ന് ഉറപ്പൊന്നും പറഞ്ഞിരുന്നില്ലെന്നും നോക്കാമെന്ന് മാത്രമാണ് പറഞ്ഞതെന്നും എന്നാല്‍ കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കാമെന്ന് പറഞ്ഞിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സര്‍ക്കാര്‍ പിന്നീട് തിരിഞ്ഞ് നോക്കിയില്ലെന്നും മുഖം തിരിക്കുകയാണെന്നുമാണ് ആരോപണം.
സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ അടിയന്തരമായി പാലിക്കപ്പെടണമെന്നും ഇല്ലെങ്കില്‍ വലിയ പ്രതിഷേധത്തിലേക്ക് പോകുമെന്നും ഷിജിന്റെ പിതൃസഹോദരന്‍ പറഞ്ഞു. വ്യാപക പ്രതിഷേധത്തിന് പിന്നാലെ ഷിജിന്റെയും ജോണിന്റെയും വീടുകളില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറും സന്ദര്‍ശനം നടത്തിയിരുന്നു. മന്ത്രിമാര്‍ക്ക് മുന്നില്‍ തങ്ങളുടെ ആശങ്കകള്‍ ഷിജിന്റെയും ജോണിന്റെയും കുടുംബങ്ങള്‍ ഉന്നയിച്ചിരുന്നു. കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയിരുന്നു. കാലാവസ്ഥ രൂക്ഷമായതിന് പിന്നാലെയാണ് ഷിജിന്‍ ഉള്‍പ്പടെയുള്ള മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായത്.
Content Highlights: muthalappozhi fisherman shijin missing wife stiji raises criticism against government