സുകുമാര കുറുപ്പിന്റെ തിരോധാനം; പുറത്തുവന്ന പുതിയ വിവരങ്ങളിൽ വ്യക്തത വരുത്താൻ അന്വേഷണ സംഘം

കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം

സുകുമാര കുറുപ്പിന്റെ തിരോധാനം; പുറത്തുവന്ന പുതിയ വിവരങ്ങളിൽ വ്യക്തത വരുത്താൻ അന്വേഷണ സംഘം
dot image

തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിന്റെ തിരോധാനത്തില്‍ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. പുതുതായി പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ വ്യക്തത വരുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. സുകുമാര കുറുപ്പ് എന്ന പേരില്‍ പുറത്തുവന്ന ദാമോദര മേനോന്റെ ബന്ധുക്കളില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുക്കും.

പുതിയ വെളിപ്പെടുത്തലുകളില്‍ പൊലീസ് ഗൂഢാലോചന സംശയിക്കുന്നുണ്ട്.

സുകുമാര കുറുപ്പിന്റേത് എന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം സുകുമാരക്കുറുപ്പിന്റെതല്ലെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. ചിത്രങ്ങള്‍ കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ജോണ്‍ മേനോന്‍ എന്ന പേര് പെന്തകോസ്ത് സഭയില്‍ ചേര്‍ന്ന ശേഷം സ്വീകരിച്ചതാണെന്നുള്ള സൂചനയും പൊലീസിന് ലഭിച്ചിരുന്നു.

ചെറുപ്രായത്തില്‍ തന്നെ ജോലി തേടി ദാമോദര മേനോന്‍ വിദേശത്തേക്ക് പോയതായി സഹോദരന്‍ കരുണാകരനും പറഞ്ഞിരുന്നു. നിലവില്‍ 80 വയസ്സുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഒരുമാസം മുമ്പ് അയച്ച് തന്നിരുന്നെന്നും സഹോദരന്‍ കരുണാകരന്‍ പറഞ്ഞു. ദാമോദര മേനോന്‍ ഒരു മാസം മുമ്പ് വരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി മറ്റൊരു ബന്ധുവും പറഞ്ഞു. രണ്ടായിരത്തിലാണ് ദാമോദര മേനോന്‍ അവസാനമായി നാട്ടിലെത്തുന്നതെന്നും ബന്ധു പറഞ്ഞു. തൃശൂര്‍ എസിപി വീട്ടില്‍ എത്തി ബന്ധുക്കളെ കണ്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ചാക്കോ കൊലക്കേസിലെ പ്രതിയായ സുകുമാര കുറുപ്പിനോട് രൂപസാദൃശ്യമുള്ളയാളെ ബ്രൂണൈയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഇന്നലെയായിരുന്നു പുറത്തുവന്നത്. സൈബര്‍ വിദഗ്ധനാണ് സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികന്റെ ചിത്രം പുറത്തുവിട്ടത്. ബ്രൂണൈയില്‍ വ്യാപാരിയായ ഈ വയോധികന്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയതായും സൈബര്‍ വിദഗ്ധന്‍ പറഞ്ഞിരുന്നു. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയത്. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്. അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായവും തേടിയിരുന്നു.

Content Highlights- The investigation team is seeking to verify and clarify newly surfaced information related to the disappearance of Sukumara Kurup

dot image
To advertise here,contact us
dot image