

യുഎഇയിൽ എഐ ടൂളുകൾ ഉപയോഗത്തിൽ മുന്നറിയിപ്പുമായി സൈബർ സെക്യൂരിറ്റി കൗൺസിൽ. വ്യാജ എഐ ടൂളുകൾ വഴിയും ആപ്പുകൾ വഴിയും വ്യക്തിഗത വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഓൺലൈൻ തിരച്ചിലിലൂടെ കണ്ടെത്തുന്ന എല്ലാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങളും സുരക്ഷിതമായിരിക്കണമെന്നില്ലെന്നും ക്യാമറ, മൈക്രോഫോൺ എന്നിവയ്ക്കുള്ള പെർമിഷനുകൾ നൽകുന്നതിന് മുമ്പ് വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും അധികൃതർ പൗരന്മാർക്കും താമസക്കാർക്കും നിർദ്ദേശം നൽകി.
ഉപയോക്താക്കളുടെ അറിവോ സമ്മതമോ കൂടാതെ വ്യക്തിഗത വിവരങ്ങളും ഡാറ്റയും ശേഖരിക്കാൻ ചില എഐ ടൂളുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. അപരിചിതമായ എഐ പ്ലാറ്റ്‌ഫോമുകൾക്ക് ഉപകരണത്തിന്റെ സുപ്രധാന ഫീച്ചറുകളിലേക്ക് അനാവശ്യമായി പ്രവേശനം നൽകരുത്. വിശ്വസനീയമായതും ഔദ്യോഗികവുമായ സ്രോതസ്സുകളിൽ നിന്നുള്ള എഐ സേവനങ്ങൾ മാത്രം ഉപയോഗിക്കുക എന്നതാണ് സ്വകാര്യത സംരക്ഷിക്കാനുള്ള പ്രധാന വഴി.
എഐ ചാറ്റ്‌ബോട്ടുകൾ ഉപയോഗിക്കുമ്പോൾ മൂന്ന് കാര്യങ്ങൾ ഒരിക്കലും അപ്‌ലോഡ് ചെയ്യരുതെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് നമ്പറുകൾ എന്നിവയാണ് ആദ്യത്തേത്. പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ വ്യക്തിഗത രേഖകൾ രണ്ടാമതായും രോഗനിർണയ റിപ്പോർട്ടുകളും മെഡിക്കൽ രേഖകളും മൂന്നാമതായും എഐ ടൂളുകളിലേക്ക് നൽകുന്നത് ഒഴിവാക്കണം. രേഖകൾ വിശകലനം ചെയ്യാൻ എഐ ഉപയോഗിക്കേണ്ടി വന്നാൽ പോലും പേരും ഐഡി നമ്പറുകളും നീക്കം ചെയ്ത ശേഷം മാത്രം അപ്‌ലോഡ് ചെയ്യുക.
പരമ്പരാഗതമായി കണ്ടുവരുന്ന ഫിഷിംഗ്, വ്യാജ ഇമെയിൽ തട്ടിപ്പുകൾക്ക് അപ്പുറം കൂടുതൽ സങ്കീർണ്ണമായ സൈബർ ആക്രമണങ്ങൾക്ക് എഐ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി വ്യക്തമാക്കി. ഡാറ്റ ചോർത്തൽ, വിവരങ്ങൾ പൂർണ്ണമായി നശിപ്പിക്കൽ, വ്യാജ വിവരങ്ങളും ഡീപ്‌ഫേക്കുകളും നിർമ്മിച്ച് ഭീതി പരത്തൽ എന്നിവയ്ക്ക് വരെ എഐ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. നിർണായക അടിസ്ഥാന സൗകര്യങ്ങളെ മാത്രമല്ല, ബിസിനസുകളെയും സാധാരണ വ്യക്തികളെയും ഇത്തരം ഭീഷണികൾ ബാധിക്കാമെന്നതിനാൽ സർക്കാരും സ്വകാര്യ മേഖലയും പൊതുജനങ്ങളും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
Content Highlights: The UAE Cybersecurity Council has warned users to exercise caution when using AI tools, highlighting the importance of protecting personal information, maintaining privacy and staying alert to potential cybersecurity threats.