

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തില്‍ പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് സി ദിവാകരന്‍. പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ മറുപടി പറയേണ്ടത് സിപിഐഎമ്മാണെന്നും പിണറായി വിജയനോ എം വി ഗോവിന്ദനോ അല്ലെന്നും സി ദിവാകരന്‍ തുറന്നടിച്ചു. പിണറായി കാര്യങ്ങളെ നിസാരവല്‍ക്കരിച്ചാണ് മറുപടി പറയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇടതുപക്ഷ പ്രസ്ഥാനത്തിന് പുതിയ മുഖങ്ങള്‍ വരണമെന്നും എന്നും ഒരേ മുഖങ്ങള്‍ കൊണ്ടുനടന്നിട്ട് കാര്യമില്ലെന്നും സി ദിവാകരന്‍ പറയുന്നുണ്ട്. ഉപനേതാവ് സ്ഥാനത്തിന് സിപിഐക്ക് അര്‍ഹതയുണ്ട്. സിപിഐയുടെ പാര്‍ട്ടി ഘടകങ്ങള്‍ ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമാണെന്നും സി ദിവാകരന്‍ പ്രതികരിച്ചു.
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നരേന്ദ്രമോദിയുടെ നയമല്ല വേണ്ടത്. ഉപനേതാവ് സ്ഥാനം ചോദിച്ചപ്പോള്‍ പെറ്റി പൊളിറ്റിക്‌സ് ആണ് സിപിഐഎം പറയുന്നത്. പിണറായി വിജയനോ ഗോവിന്ദനോ അല്ല മറുപടി പറയേണ്ടത്, ഉപനേതാവ് സ്ഥാനത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് സിപിഐഎമ്മാണ്. സിപിഐഎമ്മിനെയാണ് ഞങ്ങള്‍ അംഗീകരിക്കുന്നത്. ഇടതുപക്ഷത്തിന്റെ കുത്തക ആര്‍ക്കും കൊടുത്തിട്ടില്ല. പിണറായി വിജയന്‍ കാര്യങ്ങളെ നിസാരവല്‍ക്കരിച്ചാണ് മറുപടി പറഞ്ഞത്.
പത്തുകൊല്ലം പിണറായി വിജയനെതിരെ ഞങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. പറയാന്‍ ഇല്ലാത്തതുകൊണ്ടാണോ? വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞ നേതാവല്ലേ പിണറായി വിജയന്‍. ഉപനേതാവ് സ്ഥാനത്തെ കുറിച്ചുള്ള കാര്യത്തില്‍ സിപിഐഎം മൗനത്തിലാണ്. കീഴ്‌വഴക്കങ്ങള്‍ മാറാന്‍ ഉള്ളതാണ്. അഭിപ്രായങ്ങള്‍ വരുമ്പോള്‍ എന്തിനാണ് ഇത്ര അസഹിഷ്ണുത. വിശാല കമ്മ്യൂണിസ്റ്റുകാരനായിരുന്നു വി എസ് അച്യുതാനന്ദന്‍. വിഎസ് എല്‍ഡിഎഫ് കണ്‍വീനര്‍ ആയിരുന്നപ്പോള്‍ ഒരു തര്‍ക്കങ്ങളും ഉണ്ടായിരുന്നില്ല', സി ദിവാകരന്‍ പറഞ്ഞു.
പാർട്ടി വലതുപക്ഷ വ്യതിയാനത്തിലേക്ക് പോകുന്നുവെന്ന് ജനങ്ങള്‍ക്ക് മനസിലായതിനാലാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടത്. ജനങ്ങള്‍ താല്‍ക്കാലിക ഷോക്ക് ട്രീറ്റ്‌മെന്റാണ് കൊടുത്തതെന്നും സി ദിവാകരന്‍ വിമര്‍ശിച്ചു.
അതേസമയം പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ നിര്‍ണായക തീരുമാനമെടുക്കാന്‍ ഒരുങ്ങുകയാണ് സിപിഐ എന്നാണ് വിവരം. സെപ്റ്റംബര്‍ ഒന്നിന് സംസ്ഥാന എക്‌സിക്യൂട്ടീവ് ചേര്‍ന്നേക്കും. ഡല്‍ഹിയില്‍ വെച്ചാകും യോഗം നടക്കുകയെന്നും വിവരമുണ്ട്. പിണറായി വിജയന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തി സിപിഐയില്‍ നിലനില്‍ക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമേ ഇരു പാര്‍ട്ടികളുടെയും യുവ നേതാക്കള്‍ കൂടി വിഷയം ഏറ്റെടുത്തതോടെ പ്രശ്‌നം ഗുരുതരമായി.
പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നേരത്തെ പറഞ്ഞത്. പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐഎമ്മിന് തന്നെയായിരിക്കുമെന്നും താനാണ് കത്ത് നല്‍കേണ്ടതെന്നും സിപിഐഎം നേതാവിന്റെ പേരാകും കത്തിലുണ്ടാവുകയെന്നും പിണറായി പറഞ്ഞിരുന്നു. പിണറായിയുടെ പ്രതികരണത്തിനെതിരെ ബിനോയ് വിശ്വം അടക്കമുള്ള സിപിഐ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Content Highlights: CPI leader C Divakaran has strongly criticised Pinarayi Vijayan over the ongoing controversy surrounding the Opposition Deputy Leader post.