ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് ജാമ്യമില്ല, എ അജികുമാറിന് ജാമ്യം

ചികിത്സയ്ക്ക് വേണ്ടി ആയതിനാൽ അജികുമാറിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും എതിർത്തില്ല

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് ജാമ്യമില്ല, എ അജികുമാറിന് ജാമ്യം
dot image

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യമില്ല. കേസിലെ മറ്റൊരു പ്രതിയായ എ അജികുമാറിന് ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് അജികുമാറിന് കോടതി ജാമ്യം നല്‍കിയത്. അജികുമാറിന്റെ ഇരു കിഡ്നികൾക്കും പ്രശ്നമുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട്‌ കോടതി പരിഗണിക്കുകയായിരുന്നു. ചികിത്സയ്ക്ക് വേണ്ടി ആയതിനാൽ അജികുമാറിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും എതിർത്തില്ല.

ഇക്കഴിഞ്ഞ ജൂലൈ 23-ാം തീയതിയായിരുന്നു പ്രശാന്തിനെയും അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആദ്യം പ്രശാന്തിനെ കസ്റ്റഡിയില്‍ എടുക്കുകയും പിന്നാലെ അജികുമാറിനെ വിളിച്ചുവരുത്തുകയുമായിരുന്നു. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 2025ല്‍ ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇരുവരുടെയും അറസ്റ്റ്. 2025ല്‍ ദ്വാരപാലക വിഗ്രഹങ്ങള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത് 2019ല്‍ നടന്ന സ്വര്‍ണ അപഹരണം മറച്ചുവെയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍. ഈ നടപടിക്ക് ആവശ്യമായ ഭരണാനുമതികള്‍ നല്‍കുന്നതിലും ഫയല്‍ നടപടികളിലും അന്നത്തെ ദേവസ്വം ബോര്‍ഡ് നേതൃത്വത്തിന്റെ പങ്ക് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും എസ്‌ഐടി പറഞ്ഞിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസിന് പുറമേ ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലും പി എസ് പ്രശാന്തും അജികുമാറും പ്രതികളാണ്. മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങിയ ടെന്‍ഡറില്‍ ഉള്‍പ്പെടെ ഗുരുതര ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. മില്‍മയ്ക്ക് കരാര്‍ ലഭിക്കുന്നതിന് പ്രശാന്തിന്റെ നേതൃത്വത്തില്‍ വഴിവിട്ട ഇടപെടല്‍ നടന്നതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രശാന്തിനെയും അജികുമാറിനെയും പ്രതിചേർത്തത്.

Content Highlights: In the Sabarimala gold theft case, P S Prasanth was denied bail, while A Ajikumar was granted bail by the court.

dot image
To advertise here,contact us
dot image