

മലപ്പുറം: കേരളത്തിലെ വി സിമാരുടെ പ്രവര്‍ത്തനങ്ങളെ അപലപിച്ച് എസ്എഫ്‌ഐ ദേശീയ നേതാവ് ഐഷി ഘോഷ്. വിസിമാര്‍ രാഷ്ട്രീയ അജണ്ടയോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഐഷി ഘോഷ് വിമർശിച്ചു. വി സിമാര്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എഷി ഘോഷ് ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് പരിപാടികളില്‍ വി സിമാര്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നത് ശരിയായ നടപടിയല്ലെന്നും ഐഷി ഘോഷ് പറഞ്ഞു. അതുകൊണ്ടാണ് വി സിമാര്‍ എസ്എഫ്‌ഐയെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നതെന്നും ഐഷി ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് സ്ഥാപനങ്ങളെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്, യുഡിഎഫ് സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കണമെന്നും ഐഷി ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ എന്തുകൊണ്ട് വിഷയത്തില്‍ ഇടപെടുന്നില്ലെന്നും യുഡിഎഫ് സര്‍ക്കാരില്‍നിന്ന് സംഘപരിവാര്‍ വിരുദ്ധ നിലപാട് പ്രതീക്ഷിച്ചിരുന്നു എന്നും ഐഷി ഘോഷ് പറഞ്ഞു.
ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിപാടി നടത്തിയതിൻ്റെ പേരിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയെന്ന വിവരങ്ങൾ പുറത്ത് -വന്നതിന് പിന്നാലെയാണ് സര്‍വകലാശാല വി സിമാരെ വിമര്‍ശിച്ച് ഐഷി ഘോഷ് രംഗത്ത് വന്നത്.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും മുന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിനന്ദിനെയാണ് പ്രതികാര നടപടിയുടെ ഭാഗമായി വിസി പി രവീന്ദ്രന്‍ പുറത്താക്കിയതായി എസ്എഫ്ഐ പറഞ്ഞത്.
ഇത് സംബന്ധിച്ച് പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ സര്‍വകലാശാലകള്‍ ഇവരുടെയൊക്കെ സ്വകാര്യ സ്വത്തായാണ് വിസിമാര്‍ കാണുന്നതെന്നായിരുന്നു സഞ്ജീവിൻ്റെ വിമര്‍ശനം. സംഘപരിവാര്‍ അനുകൂല നിലപാട് സര്‍ക്കാരും വകുപ്പ് മന്ത്രിയും തുടരുകയാണെന്നും സഞ്ജീവ് പറഞ്ഞിരുന്നു. അഭിനന്ദിനെ തിരിച്ചെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധം തുടരുമെന്നും സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: SFI national leader Aishi Ghosh criticised the functioning of vice chancellors in Kerala, alleging that they are working with a specific agenda.