

തിരുവന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. നിലവില്‍ എട്ടാം ക്ലാസു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കുന്നത്.
കേന്ദ്രാവിഷ്‌കൃത പിഎം പോഷണ്‍ പദ്ധതിയുടെ ഭാഗമായി ഒമ്പത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്നതില്‍ കേരളത്തിന്റെ നിലപാട് കേന്ദ്രം തേടിയിരുന്നു. കഴിഞ്ഞമാസം ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളം ഇതിന് സമ്മതം അറിയിച്ചതായും മന്ത്രി പറഞ്ഞു.
പൊതു വിദ്യാലയങ്ങളിലെ 23.5 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് നാല് കിലോ വീതം സൗജന്യ അരി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സപ്ലൈക്കോ വഴിയാണ് 905 മെട്രിക് ടണ്‍ അരി വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്യുന്നത്. പൊതു വിപണിയിലെ വിലക്കയറ്റം നിയന്തിക്കാന്‍ സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ഫെഡ്,കൃഷിവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടലുകള്‍ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.
വഖഫ് വിഷയത്തിലും മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രിതികരിച്ചു. ബോര്‍ഡ് പുനസംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ അധികാരമെന്നാണ് കോടതി പറഞ്ഞത്. നിലവിലുള്ള ബോര്‍ഡിലെ പിഴവ് തിരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിലവില്‍ സുപ്രീം കോടതിയില്‍ ഹര്‍ജിയുണ്ട് . മുസ്‌ലിം- അമുസ്‌ലിം പ്രശ്‌നമല്ല. വഖഫിനെ ദുര്‍ബലപ്പെടുത്തുക എന്നുള്ളതായിരുന്നു കേന്ദ്രത്തിന്റെ നീക്കം. അതൊരു നയപരമായ പ്രശ്നമാണെന്നും ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെട്ട തര്‍ക്കമല്ലെന്നും സര്‍ക്കാര്‍ ആരേയും ടാര്‍ഗറ്റ് ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Content Highlight : School midday meal scheme to be extended up to the Plus Two level; Minister N. Shamsuddeen