

അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനായ ഫിഫയുടെ തലപ്പത്തുനിന്ന് പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇൻഫാന്റിനോയെ മാറ്റുന്നത് ഫിഫ ചെയ്യുന്ന വലിയ അബദ്ധമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഇൻഫാന്റിനോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ഫിഫ ലോകകപ്പിന്റെയും ക്ലബ് ലോകകപ്പിന്റെയും ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദമായ നീക്കത്തെത്തുടർന്ന് ഇൻഫാന്റിനോ രാജ്യാന്തര തലത്തിൽ വലിയ പ്രതിഷേധം നേരിടുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ ഇടപെടൽ.
വിവിധ ഫെഡറേഷനുകളും അംഗ രാജ്യങ്ങളും ഇൻഫാന്റിനോയ്ക്കെതിരെ രംഗത്തുവരികയും പദ്ധതി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇൻഫാന്റിനോയ്ക്കെതിരെ സാമ്പത്തിക ആരോപണങ്ങൾ അടക്കം നിരവധി ആരോപണങ്ങളും ഉണ്ടായി. ഇതോടെ ട്രംപിന്റെ അടക്കം പിന്തുണ തേടി ഇൻഫാന്റിനോ രംഗത്തെത്തി. ഇതിന് പ്രതികരണമെന്നോണമാണ് ട്രംപിന്റെ ഈ മുന്നറിയിപ്പ്.
ഇൻഫാന്റിനോ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പോയാൽ ഫിഫയ്ക്ക് പഴയ വിജയം ആവർത്തിക്കാനോ ലാഭമുണ്ടാക്കാനോ കഴിയില്ലെന്നും ട്രംപ് കുറിച്ചു. 'ലോകകപ്പിനെ ഇത്രയധികം വിജയകരമാക്കിയ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് പോലും ഫിഫ ചെയ്യുന്ന വലിയ അബദ്ധമായിരിക്കും. അദ്ദേഹം ഫന്റാസ്റ്റിക് ആണ്,' ട്രംപ് പറഞ്ഞു.
content highlights: donald trump supports gianni= infantino fifa president