സ്പീക്കറുടെ പരാമര്‍ശം തികച്ചും അനുചിതം, ആ പദവിയുടെ അന്തസ്സിന് നിരക്കാത്തത്: വിമര്‍ശിച്ച് കെ എന്‍ ബാലഗോപാല്‍

'എല്‍ഡിഎഫിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുകയോ തീരുമാനമെടുക്കുകയോ ചെയ്യുക എന്നതല്ല സ്പീക്കറുടെ ചുമതല'

സ്പീക്കറുടെ പരാമര്‍ശം തികച്ചും അനുചിതം, ആ പദവിയുടെ അന്തസ്സിന് നിരക്കാത്തത്: വിമര്‍ശിച്ച് കെ എന്‍ ബാലഗോപാല്‍
dot image

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് മുറി സംബന്ധിച്ച നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണത്തില്‍ വിമര്‍ശനവുമായി കെ എന്‍ ബാലഗോപാല്‍. സ്പീക്കറുടെ പരാമര്‍ശം തികച്ചും അനുചിതമാണെന്നും ആ പദവിയുടെ അന്തസ്സിന് നിരക്കാത്തതാണെന്നും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. പ്രതിപക്ഷ ഉപനേതാവിന്റെ മുറിയോ, എന്തിന് പിഎസി (PAC) ചെയര്‍മാന്റെ മുറി പോലുമോ ആവശ്യപ്പെട്ട് ഒരു കത്തോ അനൗദ്യോഗികമായ ഒരു അഭ്യര്‍ത്ഥനയോ നല്‍കിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്നും അങ്ങനെ ഒരു കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് ജനങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്താന്‍ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നവരെ വെല്ലുവിളിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കെ എന്‍ ബാലഗോപാല്‍ കുറിച്ചു.

'എല്‍ഡിഎഫിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുകയോ തീരുമാനമെടുക്കുകയോ ചെയ്യുക എന്നതല്ല സ്പീക്കറുടെ ചുമതല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കേണ്ട, വളരെ ഉന്നതമായ ഒരു ഭരണഘടനാ പദവിയാണത്. ആ കസേരയിലിരുന്ന് ഇത്തരം അടിസ്ഥാനരഹിതമായ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും സാങ്കല്‍പ്പിക കഥകള്‍ മെനയുന്നതിന് സഹായിക്കുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതും ആ പദവിയുടെ അന്തസ്സിന് ഒട്ടും നിരക്കുന്നതല്ല. വസ്തുതകള്‍ മനസിലാക്കി, ഇനിയെങ്കിലും പദവിയുടെ ഔന്നത്യം കാത്തുസൂക്ഷിക്കുന്ന പക്വമായ സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുന്നു', കെ എന്‍ ബാലഗോപാല്‍ കുറിച്ചു.

പ്രതിപക്ഷ ഉപനേതാവ് സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചാല്‍ മതിയെന്നും ഉപനേതാവ് ആരാണെന്ന് പറഞ്ഞാല്‍ മതിയെന്നും മുറി ഉടന്‍ നല്‍കുമെന്നുമായിരുന്നു തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. ഉപനേതാവിന്റെ മുറി അവിടെ തന്നെ കാണുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. കെ എന്‍ ബാലഗോപാലിന് പിഎസി ചെയര്‍മാന്‍ എന്ന നിലയ്ക്ക് ഒരു മുറിയുണ്ട്. ഉപ നേതാവ് തര്‍ക്കം എല്‍ഡിഎഫിലെ ആഭ്യന്തര കാര്യമാണ്. പ്രതിപക്ഷ ഉപനേതാവ് എന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവിന്റെ ഒരു കത്ത് കൊണ്ടുവന്നാല്‍ മുറി അപ്പോള്‍ നല്‍കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.

Content Highlights: kn-balagopal-criticises-speaker-thiruvanchoor-radhakrishnan-opposition-deputy-leader-room

dot image
To advertise here,contact us
dot image