

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെയും മത്സ്യബന്ധത്തിനിടെ ബോട്ട് മറിഞ്ഞ് കാണാതായ ജോണിന്റെയും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാജേഷിന്റെ പെരിങ്ങമലയിലെ വീട്ടിലെത്തിയ അദ്ദേഹം രണ്ട് മക്കളെയും ചേര്‍ത്ത് പിടിച്ചു.
അങ്ങേയറ്റം അനാദരവാണ് രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചതെന്നും സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്നും സന്ദര്‍ശന ശേഷം അദ്ദേഹം പ്രതികരിച്ചു. രാജേഷിന്റെ കുടുംബം വഴിയാധാരമാകാന്‍ പാടില്ല. സംസ്ഥാനത്തെ മുന്‍ സര്‍ക്കാരുകള്‍ സ്വീകരിച്ച മാതൃകകള്‍ പിന്തുടരണം, കുടുംബത്തെ രക്ഷിക്കണം. രാജേഷിന്റെ കടം തിരിച്ചടക്കണം. രാജേഷിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടിയന്തരമായി തീരുമാനിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
കുട്ടികളുടെ വിദ്യാഭ്യാസത്തിത്തിന് സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കണം. നല്ല വീട് നിര്‍മ്മിക്കാന്‍ ആവശ്യമായ സഹായം ഉണ്ടാകണം. എന്തു ചെയ്താലും ഒന്നും രാജേഷിന്റെ കാര്യത്തില്‍ അധികമാകില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ വീട്ടില്‍ എംഎല്‍എമാരായ മുഹമ്മദ് റിയാസ്, വി ജോയ്, മുന്‍ മന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ക്കൊപ്പമാണ് പ്രതിപക്ഷനേതാവ് എത്തിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും രക്ഷാപ്രവര്‍ത്തനത്തിന് ബിജെപി നേതാവിനോട് സഹായം തേടിയത് വിചിത്രമായ കാര്യമെന്നും അദ്ദേഹം ആരോപിച്ചു.
രാജീവ് ചന്ദ്രശേഖറിനോട് കേന്ദ്ര സഹായം തേടുന്ന അവസ്ഥ ഉണ്ടായി. കാര്യങ്ങള്‍ അങ്ങനെയല്ല ഏകോപിപ്പിക്കേണ്ടത്. നേവിയുടെ അടക്കം സഹായം തേടിയാല്‍ അവര്‍ ഉടന്‍ വരുന്നവരാണ്. കഴിഞ്ഞ കാലങ്ങളില്‍ ഒന്നും ഇങ്ങനെ ആയിരുന്നില്ല. ഏതെങ്കിലും ഒരു ബിജെപി നേതാവ് വഴി അല്ല സഹായം തേടേണ്ടത്. കൃത്യമായി ഇടപെടല്‍ ഉണ്ടായില്ലെന്നും പിണറായി വിജയന്‍ ആരോപിച്ചു. സര്‍ക്കാര്‍ തെറ്റ് തിരുത്തി തിരച്ചില്‍ ഊര്‍ജ്ജിതമാക്കണം. കുടുംബം അറിയിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Content Highlights: pinarayi vijayan visited rajesh and johny's house