

ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കടന്നുവരവും മാറുന്ന ബിസിനസ്സ് സാഹചര്യങ്ങളും യുഎഇയിൽ തൊഴിൽ ചെയ്യുന്നവരുടെ ജോലിഭാരം വർദ്ധിപ്പിച്ചതായി റിപ്പോർട്ട്. തങ്ങളുടെ അടിസ്ഥാന ജോലി ചെയ്തിരുന്നതിനേക്കാൾ കൂടുതൽ ചുമതലകൾ ഇപ്പോൾ ചുമലിലുണ്ടെന്ന് യുഎഇയിലെ 80 ശതമാനത്തോളം ജീവനക്കാരും പ്രതികരിക്കുന്നു. ആഗോള റിക്രൂട്ട്‌മെന്റ് സ്ഥാപനമായ 'റോബർട്ട് വാൾട്ടേഴ്‌സ്' നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
ഔദ്യോഗികമായി തസ്തിക മാറ്റമോ ശമ്പള വർദ്ധനവോ നൽകാതെ തന്നെ അധിക ചുമതലകൾ ജീവനക്കാരിലേക്ക് വന്നുചേരുന്ന പ്രതിഭാസത്തെ 'ഷാഡോ വർക്ക്‌ലോഡ്' (Shadow Workloads) എന്നാണ് പഠനത്തിൽ വിശേഷിപ്പിക്കുന്നത്. തൊഴിലാളികളുടെ ജോലി സമയം കൂടിയതായി 49 ശതമാനം പേർ പറയുന്നു. അധികമായി വരുന്ന ഉത്തരവാദിത്തങ്ങൾ പിന്നീട് ജീവനക്കാരുടെ സാധാരണ ജോലിഭാരമായി മാറുന്നുവെന്നും റോബർട്ട് വാൾട്ടേഴ്‌സ് മിഡിൽ ഈസ്റ്റ് സീനിയർ ഡയറക്ടർ ഒലി സാൻഫോർഡ്-സ്കട്ട് പറഞ്ഞു.
അതേസമയം എഐ സാങ്കേതികവിദ്യയുടെ കടന്നുവരവ് പ്രൊഫഷണലുകളെ കൂടുതൽ കാര്യക്ഷമമായി ജോലി ചെയ്യാൻ സഹായിക്കുന്നുണ്ട്. സാധാരണഗതിയിൽ തങ്ങൾക്ക് ചെയ്യാൻ കഴിയാത്തതിലും അധികമായി വലിയ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യാൻ എഐ ടൂളുകൾ സഹായിക്കുന്നുണ്ടെന്ന് 73 ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്നാൽ, സാങ്കേതികവിദ്യ തൊഴിൽ സമ്മർദ്ദം കുറയ്ക്കുകയാണ് വേണ്ടതെന്നും മറിച്ച് ജോലിയുടെ അളവും വേഗതയും കൂട്ടാൻ കാരണമാകരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വർദ്ധിച്ചുവരുന്ന ഈ ജോലിഭാരം ജീവനക്കാരെ മാനസികമായും ശാരീരികമായും തളർത്തുന്നുണ്ട്. കഠിനമായ ജോലിക്ക് ശേഷം ഉണ്ടാകുന്ന കടുത്ത ക്ഷീണവും ശ്രദ്ധക്കുറവും തങ്ങളെ ബാധിക്കുന്നുണ്ടെന്ന് 43 ശതമാനം ജീവനക്കാരും തുറന്നുപറഞ്ഞു. ജോലിഭാരം കൃത്യമായി വീതിച്ചുനൽകാനും ജീവനക്കാരുടെ കഴിവുകൾക്കനുസരിച്ച് താൽക്കാലിക വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കാനും കമ്പനികൾ തയ്യാറാകണം. കാര്യക്ഷമതയും ജീവനക്കാരുടെ മാനസികാരോഗ്യവും ഒരുപോലെ നിലനിർത്തുന്ന സ്ഥാപനങ്ങൾക്കേ ദീർഘകാല വിജയം കൈവരിക്കാനാകൂ എന്നും സർവ്വേ വ്യക്തമാക്കുന്നു.
Content Highlights: A report indicates that the growing use of AI in UAE workplaces is not simply reducing workloads, with employees taking on additional responsibilities and facing increased work demands.