

തിരുവനന്തപുരം: അച്ഛനായും ഭര്‍ത്താവായും മകനായും ഒരു വീടിന്റെ കരുത്തായിരുന്നു രാജേഷ്… രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെടുന്നതിന് മുമ്പ് മക്കളെ വിളിച്ച രാജേഷ് 'ഓണത്തിന് പുതിയ ഉടുപ്പുകളുമായി വരാം' എന്ന വാക്ക് ആ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിരുന്നു. ദിവസങ്ങളോളം അച്ഛനെ കാത്തിരുന്ന മക്കള്‍ക്ക് ഒടുവില്‍ കാണേണ്ടി വന്നത് രാജേഷിന്റെ ചേതനയറ്റ ശരീരമായിരുന്നു.
'അച്ഛന്‍ നമ്മളോട് പറഞ്ഞിട്ടുണ്ട്, നിങ്ങളെ മക്കളായിട്ട് മാത്രമല്ല കാണുന്നത്, ഫ്രണ്ടായിട്ട് കൂടിയാണെന്ന്… എന്തുണ്ടെങ്കിലും അച്ഛനോട് പറയും, ഇതുവരെ വഴക്ക് പറയുകയോ അടിക്കുകയോ ചെയ്തിട്ടില്ല, അത്രയും സ്‌നേഹമുള്ള ഒരച്ഛനെ വേറെ എവിടെ കിട്ടും?', മകന്റെ ചോദ്യത്തിന് ആർക്കും ഉത്തരമില്ല.
'കഴിഞ്ഞ ശനിയാഴ്ച വീഡിയോ കോള്‍ ചെയ്തിരുന്നു. മകന്റെ കൈ പ്ലാസ്റ്റര്‍ ഇട്ടിട്ടുള്ളത് കണ്ട് ചേട്ടന്‍ കരഞ്ഞു. നമുക്ക് കടങ്ങളൊക്കെ വീട്ടണം, മക്കളെ നന്നായി വളര്‍ത്തണം, വീടുവെച്ച് സന്തോഷമായി ജീവിക്കണമെന്ന് പറഞ്ഞതാണ്', ഭാര്യ ലക്ഷ്മി വിതുമ്പിക്കൊണ്ട് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'എല്ലാവരെയും കണ്ട് കെട്ടിപ്പിടിച്ച് പോയതാണ്.. എന്നോട് എല്ലാം ശരിയാവുമെന്നും, എനിക്ക് നീയും നിനക്ക് ഞാനുമേ ഉള്ളൂവെന്നും പറഞ്ഞിരുന്നു. അവന്റെ വില മനസിലാവുന്നതും എന്തൊക്കെ ചെയ്തിരുന്നുവെന്നും മനസിലാവുന്നത് ഇപ്പോഴാണ്. എല്ലാവര്‍ക്കും വേണ്ടി സഹായം ചെയ്യുമായിരുന്നു', സഹോദരി പറയുന്നു.
സര്‍ക്കാരിന്റെ ഉറപ്പുകളും സഹായവാഗ്ദാനങ്ങളും കുടുംബത്തിന് മുന്നിലുണ്ട്. പക്ഷേ, കുടുംബത്തിന്റെ എല്ലാ ചുമതലകളും ചുമലിലേറ്റിയിരുന്ന ഒരാളുടെ അഭാവം ആ വീട്ടില്‍ ഓരോ നിമിഷവും നിറഞ്ഞുനില്‍ക്കുകയാണ്. ഇനി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ചോദ്യമാണ് ഭാര്യയുടെയും കുട്ടികളുടെയുമടക്കം കണ്ണീരിലും വാക്കുകളിലും മുഴങ്ങുന്നത്. രാജേഷിന്റെ ധീരതയ്ക്ക് കേരളം ആദരാഞ്ജലി അര്‍പ്പിക്കുമ്പോള്‍, ആ കുടുംബത്തിന് ഇനി വേണ്ടത് അനുശോചന വാക്കുകള്‍ മാത്രമല്ല, പ്രഖ്യാപിച്ച സഹായങ്ങള്‍ വേഗത്തില്‍ യാഥാര്‍ഥ്യമാകുമെന്ന ഉറപ്പും ഒപ്പമുണ്ടാകുമെന്ന കരുതലുമാണ്.
Content Highlights: Rajesh Was the Strength of His Family as a Father, Husband and Son