

യൂറോപ്യൻ ഫുട്ബോളില്‍ ഇത് കൂടുമാറ്റത്തിന്റെ കാലമാണ്. സമ്മർ ട്രാൻസ്ഫർ വിൻഡോയില്‍ പലപ്രമുഖരും ഇതിനോടകം തന്നെ തട്ടകങ്ങള്‍ മാറിക്കഴിഞ്ഞു. ടീമിലേക്ക് പുതുതായി ചേക്കേറിയ സൂപ്പർ താരങ്ങളെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസ്. കാപ്പിക്കുരുകൊണ്ട് തീർത്ത താരങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് വരവേല്‍പ്പ് നടത്തിയിരിക്കുന്നത്. മലയാളിയായ കാലിഗ്രഫി കലാകാരനായ അബ്ദുൾ കരീമാണ് ഈ വ്യത്യസ്തതമായ അവതരണത്തിന് പിന്നിൽ. 'കരിംഗ്രാഫി'യാണ് എന്നാണ് സമൂഹമാധ്യമത്തിൽ അദ്ദേഹം അറിയപ്പെടുന്നത്.
ഫ്രഞ്ച് സൂപ്പർ താരം കോലോ മുവാനി, ബോസ്നിയൻ താരം കരിം ബെഗോവിച്ച് എന്നിവരെയാണ് ഈ മലപ്പുറം സ്വദേശിയായ അബ്ദുൾ കരിം അവതരിപ്പിച്ചിരിക്കുന്നത്. മണിക്കൂറുകള്‍ കൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമില്‍ ഒരു മില്യണിലധികം പേർ വീഡിയോ കാണുകയും ചെയ്തു. കമന്റ് ബോക്സിലാകട്ടെ കരിംഗ്രാഫിക്ക് കയ്യടിക്കുകയാണ് യുവന്റസ് ആരാധകർ. വ്യത്യസ്ത നിറങ്ങളിലുള്ള കാപ്പിക്കുരുകളാണ് ബോസ്നിയൻ താരം കരിം ബെഗോവിചാക്കിന്റെ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ഇതാദ്യമായല്ല കരിംഗ്രാഫി വാർത്തകളില്‍ നിറയുന്ന്. നേരത്തെ എസി മിലാന് വേണ്ടി ഹോം എവേ ജേഴ്സികള്‍ ഉപയോഗിച്ച് ഇൻസ്റ്റലേഷൻ തയ്യാറാക്കിയതും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഖത്തർ ലോകകപ്പ് സമയത്തും ഏഷ്യാകപ്പ് സമയത്തും വിവിധ വേദികള്‍ക്ക് സമീപവും കരീമിന്റെ കലാസൃഷ്ടികള്‍ കയ്യടി നേടിയിരുന്നു. അറബിക് കാലിഗ്രഫി കലാകാരനായ കരീം വിവിധ രാജ്യങ്ങളില്‍ കാലിഗ്രഫി കലയുടെ പ്രചാരണത്തിന്റെ ഭാഗമായി സഞ്ചരിച്ചിട്ടുണ്ട്.
Content highlight: Malayali artist coffee bean art featured on Juventus Instagram viral video