

കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കി ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. മുല്ലപ്പെരിയാറിന്റെ ജലനിലപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി തലത്തിലുള്ള ചര്‍ച്ചയ്ക്കുള്ള ശ്രമം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ ഭാഗത്തുനിന്നും അതിനുള്ള സാധ്യതകള്‍ തേടും. തമിഴ്‌നാടിന്റെ പ്രഖ്യാപനം ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സുരക്ഷാ പരിശോധനകള്‍ നടന്നിട്ടില്ല. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് 142 അടിയായി ജലനിരപ്പ് നിലനിര്‍ത്തുന്നത്. ഇതില്‍ മാറ്റം വരുത്താന്‍ കേരളത്തിനോ തമിഴ്‌നാടിനോ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായ നിലപാട് സുപ്രീംകോടതി പരിശോധിച്ച് തീരുമാനമെടുക്കണം എന്നാണ് കേരളത്തിന്റെ അഭിപ്രായം. പുതിയ ഡാം വേണം എന്നുള്ളത് തന്നെയാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും അതില്‍ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കേരളത്തിന്റെ താല്‍പര്യ സംരക്ഷണത്തിന് വേണ്ടിയുള്ള ഉറച്ച നിലപാട് സംസ്ഥാനം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്നായിരുന്നു ഇന്നലെ അവതരിപ്പിച്ച വിജയ് സര്‍ക്കാറിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം. നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. സംസ്ഥാനത്തിന്റെ അവകാശങ്ങളെ ബാധിച്ചേക്കാവുന്ന മേഘദാതു പദ്ധതി പോലെയുള്ള പദ്ധതികളെ എതിര്‍ക്കുന്നത് ഉള്‍പ്പെടെ തമിഴ്നാടിന്റെ ജലാവകാശങ്ങള്‍ സംരക്ഷിക്കും. അന്തര്‍സംസ്ഥാന നദീജല പങ്കുവെക്കലില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കും. ദീര്‍ഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തല്‍, ആനമലയാര്‍, നല്ലൂര്‍ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കല്‍, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ ദ്രുതഗതിയിലുള്ള പൂര്‍ത്തീകരണം എന്നിവയ്ക്കായും സര്‍ക്കാര്‍ പരിശ്രമിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തോട്ടപ്പള്ളി സ്പില്‍വേയിലെ മാലിന്യം നീക്കാത്ത വിഷയത്തിലും മന്ത്രി മോണ്‍സ് ജോസഫ് പ്രതികരിച്ചു. വീഴ്ച സംഭവിച്ചിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. പിന്നീട് വന്ന് അടിഞ്ഞ മാലിന്യങ്ങള്‍ മാത്രമാണ് അവിടെ ഉള്ളതെന്നും അത് നീക്കാനുള്ള നടപടികള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Content Highlights: Kerala Water Resources Minister Mons Joseph has said the state will initiate talks with the Tamil Nadu government following its budget announcement on the Mullaperiyar dam water level. He reiterated that any change in the reservoir level requires Supreme Court consideration and affirmed that Kerala continues to seek the construction of a new dam.