

കോട്ടയം/തൊടുപുഴ: കോട്ടയത്ത് നവജാത ശിശുക്കളുടെ വില്‍പ്പനയെന്ന് കാട്ടി അസം സ്വദേശി നല്‍കിയ പരാതിയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്ത കേസില്‍ കുഞ്ഞിനെ വാങ്ങിയത് കൊല്ലം സ്വദേശിയായ കൃഷ്ണശ്രീ എന്ന യുവതിയാണെന്ന് വ്യക്തമായി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ആറുമാസം മുമ്പാണ് ഇതരസംസ്ഥാനത്ത് നിന്നുള്ള യുവതി പ്രസവിച്ചത്. പ്രസവത്തിന്റെ ചെലവുകള്‍ വഹിച്ചതും കൊല്ലം സ്വദേശികളായ ദമ്പതികളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.
തിരുനെല്‍വേലി സ്വദേശിയായ മുപ്പിലിരാജ എന്നയാളാണ് വിൽപനയ്ക്ക് പിന്നിലെ മുഖ്യ സൂത്രധാരന്‍. ഇയാളുടെ മൊബൈലില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. മുപ്പിലിരാജ, കൃഷ്ണശ്രീ എന്നിവരടക്കം നാലുപേരെ പ്രതി ചേര്‍ത്ത് തൊടുപുഴ പൊലീസ് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തൊടുപുഴ സിഐ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതിനിടയില്‍ അസം സ്വദേശിനിയുമായി പ്രതികള്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നിട്ടുണ്ട്. കുട്ടിയെ വില്‍ക്കാനുണ്ടോ എന്ന് പ്രതികള്‍ ഇവരോട് ചോദിച്ചിരുന്നു. ഇല്ലെന്ന് മറുപടി നല്‍കിയപ്പോള്‍ രണ്ട് ലക്ഷം രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവതിയെ ഇവര്‍ ബന്ധപ്പെടുന്നത്. പിന്നീടാണ് വാട്‌സ്ആപ്പ് നമ്പര്‍ കൈമാറുന്നത്. ആദ്യം അറസ്റ്റിലായ പ്രതികളിലൊരാളായ അര്‍ജുനും ഇയാളുടെ പങ്കാളിയായ യുവതിയുമാണ് അസം സ്വദേശിയെ റെയില്‍വേ സ്റ്റേഷനിലെത്തി ഒപ്പം കൂട്ടിയത്. സ്‌കാനിങ് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് സംഘം ഗര്‍ഭിണികളെ കേരളത്തില്‍ എത്തിക്കുന്നത്.
സംസ്ഥാനത്ത് നവജാത ശിശുക്കളെ വില്‍പ്പന നടത്തിയ സംഭവത്തില്‍ അന്വേഷണം ഇടുക്കിയിലേക്കും നീളുകയാണ്. ആദ്യം കോട്ടയത്ത് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാംപ്രതി മൂപ്പിലിരാജ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൊടുപുഴ പൊലീസ് പുതിയ കേസെടുത്തത്. പ്രസവം നടന്ന ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിക്കും. നിയമാനുസൃതമായല്ല കുട്ടിയെ കൈമാറിയത് എന്നതാണ് കണ്ടെത്തല്‍. ദമ്പതികള്‍ക്ക് നോട്ടീസ് നല്‍കിയ ശേഷം ഉടന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. അതേസമയം നേരത്തെ അറസ്റ്റിലായ പ്രതികള്‍ക്കായി തൊടുപുഴ പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.
Content Highlights: A suspected newborn baby sale case is under investigation after an infant delivered in Thodupuzha was allegedly handed over to a woman from Kollam. Chat messages related to the alleged transfer have surfaced and are being examined as part of the ongoing investigation.