

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ട് ലഭിക്കാതായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പാലിയേറ്റീവ് കെയര്‍ ജീവനക്കാരും ഭിന്നശേഷി വിദ്യാര്‍ത്ഥികളും. ശമ്പളം ലഭിച്ചിട്ട് നാല് മാസമായെന്നും മാര്‍ച്ചിന് ശേഷം ഒരു രൂപ പോലും ശമ്പളം ലഭിച്ചിട്ടില്ലെന്നും പാലിയേറ്റീവ് കെയര്‍ ജീവനക്കാർ പറഞ്ഞു. സഹപ്രവര്‍ത്തകരായ നഴ്‌സുമാര്‍ക്കും ശമ്പളം ലഭിച്ചിട്ട് മാസങ്ങളായെന്ന് ജീവനക്കാര്‍ ആരോപിച്ചു. പാലിയേറ്റീവ് കെയര്‍ മുഖേന ചികിത്സ നല്‍കിയിരുന്ന രോഗികള്‍ക്ക് മരുന്ന് നല്‍കാന്‍ പോലും തുക ലഭിക്കുന്നില്ലെന്നും നിലവില്‍ പെട്രോള്‍ പമ്പുകളില്‍ കടം പറഞ്ഞാണ് പാലിയേറ്റീവ് കെയറിന്റെ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു.
പാലക്കാട് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിജുവും എലപ്പുള്ളി പാലിയേറ്റീവ് കെയറിലെ ജീവനക്കാരനായ ഡ്രൈവര്‍ ബാബുവും റിപ്പോര്‍ട്ടറിന് നല്‍കിയ പ്രതികരണത്തിലായിരുന്നു വിഷയം ഉന്നയിച്ചത്. സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതാണ് പാലിയേറ്റീവ് കെയര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്തതിന് കാരണമെന്ന് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിജു പറഞ്ഞു. വെട്ടികുറച്ച ഫണ്ട് പോലും സര്‍ക്കാര്‍ കൃത്യമായി നല്‍കുന്നില്ലെന്ന ആരോപണവും പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ട് ലഭിക്കാതായതോടെ അങ്കണവാടി കുട്ടികള്‍ക്കുള്ള പോഷകാഹാര വിതരണവും നിലച്ച സ്ഥിതിയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ പഠനവും പ്രതിസന്ധിയിലായിരിക്കുകയാണ്. ഫണ്ട് ലഭിക്കാതായതോടെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ ചേര്‍ന്ന് നല്‍കേണ്ട സ്‌കോളര്‍ഷിപ്പ് വിതരണം മുടങ്ങി. സര്‍ക്കാര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്നാണ് പഞ്ചായത്തുകളുടെ വിശദീകരണം. 28,500 രൂപയാണ് ശാരീരിക- മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ഒരു വര്‍ഷം നല്‍കുന്നത്. ആദ്യ ഗഡു സര്‍ക്കാര്‍ രണ്ടര മാസമായിട്ടും റിലീസ് ചെയിതിട്ടില്ല.
വാര്‍ത്തയെ തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്ലാന്‍ ഫണ്ടിലെ ആദ്യഗഡു കൊടുക്കാന്‍ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. സ്പില്‍ ഓവര്‍ പദ്ധതികള്‍ ഉടന്‍ സമര്‍പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആസൂത്രണ സമിതികളുടെ അംഗീകാരത്തിനായി മെയ് 31 ന് മുന്‍പ് സമര്‍പ്പിക്കാനാണ് നിര്‍ദേശം. 2029.15 കോടി രൂപയാണ് സര്‍ക്കാര്‍ അടിയന്തിരമായി നല്‍കേണ്ടത്.
Content Highlights: Kerala Local Bodies Fund Crisis Hits Palliative Care Services and Education of Differently Abled Students