

തിരുവനന്തപുരം: തനിക്കെതിരെ അസംബന്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പി കെ ശ്രീമതി. കേസ് കൊടുക്കാനുളള നടപടികള്‍ ആരംഭിച്ചെന്നും പി കെ ശ്രീമതി വ്യക്തമാക്കി. ഏതോ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് ഫാമിലി പെന്‍ഷന്‍ വാങ്ങുന്നുവെന്നാണ് പ്രചരണമെന്നും തന്റെ മാനത്തിന് ഇത്രയധികം കോട്ടം മുന്‍പ് സംഭവിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. വൈകാരികമായാണ് ശ്രീമതി ടീച്ചര്‍ പ്രതികരിച്ചത്. ജനം ടിവി, ഭാരത് ലൈവ്, കര്‍മ്മ എന്നീ ചാനലുകളാണ് വാര്‍ത്ത കൊടുക്കുന്നതെന്നും ശ്രീമതി പറഞ്ഞു.
'ഏതോ ഒരു പിആര്‍ കൃഷ്ണന്‍ എന്നൊരു എംഎല്‍എ ഉണ്ടത്രേ. ആ വ്യക്തിയുടെ ഭാര്യയായി അഭിനയിച്ച് എംഎല്‍എയുടെ ഫാമിലി പെന്‍ഷന്‍ ഞാന്‍ വാങ്ങുന്നു എന്നതാണ് വാര്‍ത്ത. കേട്ടാല്‍ വിശ്വസിച്ചുപോകുന്ന തരത്തില്‍ വള്‍ഗറായാണ് വാര്‍ത്ത അവതരിപ്പിക്കുന്നത്. 50 കൊല്ലമായി പൊതുമേഖലയില്‍ ഞാനുണ്ട്. ഒരു വാക്ക് എന്നോട് എന്താണ് സംഭവം, ഇങ്ങനൊന്നുണ്ടോ എന്ന് ചോദിക്കാതെയാണ് വാര്‍ത്ത കൊടുത്തത്. പൊതുപ്രവര്‍ത്തകയെ നാറ്റിക്കാന്‍, അവമതിപ്പുണ്ടാക്കുക എന്ന ദുരുദ്ദേശത്തോടെ വാര്‍ത്ത കൊടുക്കുകയാണ്': പി കെ ശ്രീമതി പറഞ്ഞു.
'പാലക്കാട്, തൃശൂര്‍ ഭാഗങ്ങളില്‍ ഇങ്ങനൊരു എംഎല്‍എയുണ്ടോ എന്ന് അന്വേഷിച്ചു. ഇല്ലെന്നാണ് അറിഞ്ഞത്. അങ്ങനൊരു എംഎല്‍എയുടെ ഭാര്യയായി ഞാന്‍ പെന്‍ഷന്‍ വാങ്ങുന്നുവെന്നാണ് പറയുന്നത്. പതിനേഴാം വയസ് മുതല്‍ പൊതുരംഗത്തുളള ആളാണ് ഞാന്‍. എന്നെക്കുറിച്ചാണ് പണത്തിന് വേണ്ടി എന്തും ചെയ്യുന്നു എന്നൊക്കെ പറയുന്നത്. നിങ്ങള്‍ക്കും അമ്മമാരുണ്ടല്ലോ. ഒരാളും വസ്തുതയെന്താണ് എന്ന് ചോദിച്ചില്ല. മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ പോവുകയാണ്. മാനത്തിന് കോട്ടം തട്ടുന്ന വിധമാണിത്. എന്റെ ഭര്‍ത്താവ് മരിച്ചു. അദ്ദേഹം അധ്യാപകനായിരുന്നു. ഞാനും അധ്യാപികയായിരുന്നു. 45 വയസ് വരെ സ്‌കൂളില്‍ പഠിപ്പിച്ചു. സ്ത്രീയോടും പുരുഷനോടും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. എന്റെ ഭര്‍ത്താവിന്റെ പെന്‍ഷന്‍ എനിക്ക് കിട്ടും. അധ്യാപകനെന്ന നിലയ്ക്കുളള പെൻഷൻ.
വേറൊരാളുടെ പെന്‍ഷന്‍ തേടി പോകേണ്ട വ്യക്തിയല്ല ഞാന്‍. അങ്ങനെ പണത്തിനുവേണ്ടി പോകുന്ന ആളല്ല ഞാന്‍. എന്റെ കുടുംബത്തില്‍ എല്ലാവരും അധ്യാപകരാണ്. ആ പണം വെച്ച് സുഖമായി ജീവിക്കാന്‍ കഴിയും. അങ്ങനുളള എന്നെ ഏതോ എംഎല്‍എയുടെ ഭാര്യയായി നടിച്ച് പെന്‍ഷന്‍ വാങ്ങുന്നു എന്ന് വിവരാവകാശ രേഖ കിട്ടിയെന്നാണ് പറയുന്നത്. എന്നോട് ഒരു വാക്ക് ചോദിക്കാമായിരുന്നു. വസ്തുത എന്താണെന്ന്. ഇന്നുവരെ ഒരു പൈസയുടെ അഴിമതി ആരോപണം ഉന്നയിക്കാന്‍ ഇടകൊടുക്കാത്ത ആളാണ് ഞാന്‍. പൊതുപ്രവര്‍ത്തകയായ എന്നെ അപമാനിക്കുകയായിരുന്നു അവര്‍ ഇതുവഴി ലക്ഷ്യമിട്ടത്', പി കെ ശ്രീമതി പറഞ്ഞു.
Content Highlights: Senior CPIM leader PK Sreemathi emotionally responds to online fake propaganda claiming she draws pension as an MLA's wife, clarifying her late husband was not an MLA.