'വിരാടിനും ഗംഭീറിനുമിടയില്‍ മധ്യസ്ഥന്റെ ആവശ്യമില്ല' -ബാറ്റിങ് കോച്ച് സിതാന്‍ഷു കൊട്ടക്

രണ്ടാം ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെയാണ് ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്റെ പ്രതികരണം

'വിരാടിനും ഗംഭീറിനുമിടയില്‍ മധ്യസ്ഥന്റെ ആവശ്യമില്ല' -ബാറ്റിങ് കോച്ച് സിതാന്‍ഷു കൊട്ടക്
dot image

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീറും മുന്‍നിര ബാറ്റര്‍ വിരാട് കോഹ്ലിയും തമ്മിലുള്ള ആശയവിനിമയത്തിന് താന്‍ ഒരു ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി ബാറ്റിങ് കോച്ച് സിതാന്‍ഷു കൊട്ടക്. ഇരുവരും നിരന്തരം സംസാരിക്കുന്നുണ്ടെന്നും അവര്‍ക്കിടയില്‍ ഒരു മധ്യസ്ഥന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് പരാജയപ്പെട്ടതിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിതാന്‍ഷു കൊട്ടക്. പരിശീലനത്തിനിടെ കോഹ്ലിയുമായി നടത്തിയ ചര്‍ച്ചകള്‍ ബാറ്റിങ്ങുമായി മാത്രം ബന്ധപ്പെട്ടതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. നെറ്റ്‌സ് പരിശീലനത്തിന് ശേഷം കോഹ്ലിക്കൊപ്പം സമയം ചെലവഴിച്ചതിനെക്കുറിച്ചും, ഗംഭീറിനും കോഹ്ലിക്കും ഇടയില്‍ ഒരു പാലമായി പ്രവര്‍ത്തിക്കുകയാണോ എന്ന ചോദ്യത്തിനും കൊട്ടക് മറുപടി നല്‍കി. 'ഒരിക്കലുമല്ല, വിരാടും ഗംഭീറും ഇന്ന് മാത്രം ഒരുപക്ഷേ 10-12 തവണയെങ്കിലും സംസാരിച്ചിട്ടുണ്ടാകും. അവര്‍ക്കിടയില്‍ ഒരു മധ്യസ്ഥന്റെ ആവശ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല,' -കൊട്ടക് പറഞ്ഞു.

ബാറ്റിങ്ങിലെ ചില പ്രത്യേക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കോഹ്ലി തന്നെ സമീപിച്ചതെന്നും, സീനിയര്‍ ബാറ്റര്‍ ഉപദേശം ചോദിക്കാതെ സാങ്കേതിക കാര്യങ്ങളില്‍ താന്‍ സാധാരണയായി ഇടപെടാറില്ലെന്നും കൊട്ടക് കൂട്ടിച്ചേര്‍ത്തു. 'വിരാട് കോഹ്ലി ബാറ്റിങ്ങിന് ഇറങ്ങുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ സംസാരിച്ചിരുന്നു. വിരാടിനെപ്പോലെയുള്ള ഒരു ബാറ്ററുടെ ബാറ്റിങ്ങില്‍ എന്തെങ്കിലും വലിയ പോരായ്മകള്‍ കണ്ണില്‍ പെടാത്ത പക്ഷം, ഒരു ബാറ്റിങ് കോച്ച് എന്ന നിലയില്‍ അധികം ഇടപെടലുകള്‍ നടത്തേണ്ടതില്ല. എന്നാല്‍ മത്സരത്തെക്കുറിച്ചും ബാറ്റിങ്ങിനെക്കുറിച്ചും മറ്റു കാര്യങ്ങള്‍ അദ്ദേഹം എന്നോട് ചോദിച്ചിരുന്നു. നെറ്റ്‌സ് പരിശീലനത്തിന് ശേഷവും ഞങ്ങള്‍ അത് സംസാരിച്ചു,' -അദ്ദേഹം വ്യക്തമാക്കി. ഗംഭീറും കോഹ്ലിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികളെ ബാറ്റിങ് കോച്ച് തള്ളിക്കളഞ്ഞു. 'ഇത്തരം അഭ്യൂഹങ്ങള്‍ എവിടെ നിന്ന് വരുന്നു എന്ന് എനിക്കറിയില്ല, പക്ഷേ അവ പ്രചരിക്കുന്നുണ്ട്,' -കൊട്ടക് കൂട്ടിച്ചേര്‍ത്തു.

കാര്‍ഡിഫിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-1 ന് ഒപ്പമെത്തി. ഇന്ത്യ ഉയര്‍ത്തിയ 234 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനായി ജോ റൂട്ട് പുറത്താകാതെ 99 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഒരു ഘട്ടത്തില്‍ 125 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ വില്‍ ജാക്‌സുമൊത്തുള്ള (30) 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 35 പന്തുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു.

ഇന്ത്യക്കായി ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും അരങ്ങേറ്റക്കാരന്‍ ഗുര്‍നൂര്‍ ബ്രാര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 44 ഓവറില്‍ 233 റണ്‍സിന് പുറത്തായിരുന്നു. വിരാട് കോഹ്ലി (65), ശ്രേയസ് അയ്യര്‍ (66) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് ശര്‍മ്മ 26 റണ്‍സും ശുഭ്മന്‍ ഗില്‍ 31 റണ്‍സുമെടുത്തു. അസുഖബാധിതനായ കെ.എല്‍ രാഹുലിന് പകരം കളിച്ച ഇഷാന്‍ കിഷന്‍ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറും ഗുസ് ആറ്റ്കിന്‍സണും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ജൂലൈ 19-ന് ലോര്‍ഡ്‌സില്‍ നടക്കും.

content highlights: 'No mediator needed between Virat and Gambhir' - Batting coach Sitanshu Kotak

dot image
To advertise here,contact us
dot image