

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പിലെ സിബിഐ അന്വേഷണ ആവശ്യത്തില്‍ സുപ്രിംകോടതിയുടെ നോട്ടീസ്. അയോധ്യാ രാമക്ഷേത്ര ട്രസ്റ്റിനോടാണ് സുപ്രിംകോടതി മറുപടി തേടിയത്. ഹര്‍ജികളില്‍ ക്ഷേത്രം ട്രസ്റ്റ് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം. എസ്ഐടി രൂപീകരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കണമെന്നുമാണ് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച എസ്ഐടി അന്വേഷണം പര്യാപ്തമല്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ സമഗ്ര ഫൊറന്‍സിക് ഓഡിറ്റ് വേണമെന്നാണ് ആര്‍ജെഡി എംപി സുധാകര്‍ സിംഗിന്റെ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
നേരത്തെ ലഖ്നൗ കോടതിയിലടക്കം വിഷയത്തില്‍ ഹര്‍ജി വന്നിരുന്നെങ്കിലും സുപ്രീം കോടതി പരിഗണിക്കുന്നുണ്ടെന്ന് കാട്ടി തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് ഇതില്‍ തേടാനും സാധ്യതയുണ്ടെന്നും നേരത്തെ വിലയിരുത്തലുണ്ടായിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ട്രസ്റ്റിന് കോടതി നോട്ടിസ് അയച്ചിരിക്കുന്നത്. അതേസമയം, ട്രസ്റ്റ് അംഗങ്ങളെ ചോദ്യം ചെയ്യാനും എസ്ഐടി നീക്കമുണ്ട്. പ്രധാന പ്രതികളെ എല്ലാം കഴിഞ്ഞ ദിവസം ചോദ്യം ചോയ്തിരുന്നു. ഈ മാസം 15 വരെയാണ് എസ്ഐടിക്ക് നല്‍കിയിരിക്കുന്ന സമയം. ഇതിന് മുന്‍പ് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്ഐടി നീക്കം. ടിന്റു യാദവ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനും എസ്ഐടി കോടതിയില്‍ നോട്ടീസ് നല്‍കും.
അതേസമയം ബദ്രിനാഥ് ക്ഷേത്ര കൊള്ളയില്‍ ക്ഷേത്ര സമിതി ചെയര്‍മാന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പ്രമോദ് നൗട്ടിയാല്‍ എന്ന ആളാണ് അറസ്റ്റിലായത്. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ബദിനാഥ് ക്ഷേത്രത്തില്‍ നിന്ന് സംഭാവന മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഡെറാഡൂണിലെ വസതിയില്‍ നിന്നാണ് ഉത്തരാഖണ്ഡ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Content Highlights: The Supreme Court has sought a response from the Ayodhya Ram Temple Trust on petitions seeking a CBI probe into the alleged donation scam. It also directed the Uttar Pradesh government to submit a report on the SIT investigation, while petitioners argued that a comprehensive forensic audit of the temple's financial transactions is necessary.