'അന്ന് തുറമുഖ സെക്രട്ടറി, ഇപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറി'; രത്തൻ ഖേൽക്കറുടെ നിയമനത്തിൽ വി എൻ വാസവൻ

തുറമുഖ വകുപ്പിന്റെ എല്ലാ കാര്യങ്ങളും അറിയാം എന്നുള്ളതുകൊണ്ടാണ് രത്തന്‍ ഖേല്‍ക്കറെ സതീശന്‍ സെക്രട്ടറിയാക്കിയതെന്നും വാസവന്‍ ആരോപിച്ചു

'അന്ന് തുറമുഖ സെക്രട്ടറി, ഇപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറി'; രത്തൻ ഖേൽക്കറുടെ നിയമനത്തിൽ വി എൻ വാസവൻ
dot image

കോട്ടയം: വിഴിഞ്ഞം തുറമുഖ കരാര്‍ കൈമാറ്റം വിവാദമായി നില്‍ക്കെ മുഖ്യമന്ത്രി വി ഡി സതീശൻ്റെ സെക്രട്ടറിയായി രത്തന്‍ ഖേല്‍ക്കറെ നിയമിച്ചതിൽ സംശയം പ്രകടിപ്പിച്ച് മുന്‍ തുറമുഖ മന്ത്രി വി എന്‍ വാസവന്‍. തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിലാണ് വി എന്‍ വാസവന്‍ സംശയം പ്രകടിപ്പിച്ചത്. തന്റെ കാലത്ത് തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്നു രത്തന്‍ ഖേല്‍ക്കല്‍. അദ്ദേഹത്തെ പിന്നീട് ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ഇതിന് ശേഷം വി ഡി സതീശന്‍ അദ്ദേഹത്തെ സെക്രട്ടറിയാക്കി. തുറമുഖ വകുപ്പിന്റെ എല്ലാ കാര്യങ്ങളും അറിയാം എന്നുള്ളതുകൊണ്ടാണ് രത്തന്‍ ഖേല്‍ക്കറെ സതീശന്‍ സെക്രട്ടറിയാക്കിയതെന്നും വാസവന്‍ ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു വാസവന്റെ പ്രതികരണം.

രത്തന്‍ ഖേല്‍ക്കറുടെ നിയമനം അടക്കം സര്‍ക്കാര്‍ മുന്‍കൂട്ടി തയ്യാറാക്കി നടപ്പാക്കിയതാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ എല്‍ഡിഎഫ് ഒരുകാരണവശാലും അനുവദിക്കില്ലെന്നും വി എന്‍ വാസവന്‍ പറഞ്ഞു. ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖത്തിന്റെ എം ഡി സ്ഥാനത്ത് നിന്ന് മാറ്റിയതിലും വി എന്‍ വാസവന്‍ പ്രതികരിച്ചു. സഹകരിച്ച് പോവാന്‍ കഴിയാത്ത ആളുകളെ മാറ്റിയതിന്റെ ഭാഗമാണ് ദിവ്യ എസ് അയ്യരുടെ മാറ്റം.
ആഗ്രഹത്തിന് ഒപ്പം നില്‍ക്കുന്നവരെയല്ലേ ഒപ്പം നിര്‍ത്തൂ എന്നും വാസവന്‍ ചോദിച്ചു. തന്റെ കാലത്ത് ദിവ്യ എസ് അയ്യരെ മാറ്റണമെന്ന ആവശ്യം മുന്നില്‍ വന്നിട്ടില്ല. മുന്‍പ് അങ്ങനെ നടന്നിട്ടുണ്ടോ എന്ന് തനിക്കറിയില്ല. വകുപ്പ് സെക്രട്ടറിമാരെ നിയമിക്കുന്നത് അന്നത്തെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മുമ്പിലാണ് ഇത്തരം കാര്യങ്ങള്‍ വരിക. അവര്‍ക്ക് വേണ്ടിയുള്ള ആളുകളെ കൂടി നിശ്ചയിച്ചാണ് മുന്നോട്ടുപോയത്. തിരക്കഥയും സംഭാഷണം സംവിധാനവും അഭിനയവും എല്ലാം ഒരാള്‍ തന്നെയാണെന്നും മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ച് വി എന്‍ വാസവന്‍ പറഞ്ഞു

മുഖ്യമന്ത്രി വി ഡി സതീശന്റെ മംഗലാപുരം യാത്രയ്ക്ക് പിന്നില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടിയും പറഞ്ഞു. പോര്‍ട്ടുമായി ബന്ധപ്പെട്ട വകുപ്പുകളെല്ലാം മുഖ്യമന്ത്രി കയ്യടക്കിവെച്ചിരിക്കുകയാണ്. പോര്‍ട്ട് സാധാരണ ഘടകകക്ഷികള്‍ക്ക് കൊടുക്കുന്ന ചെറിയ വകുപ്പാണ്. എന്നാല്‍ ധനകാര്യ വകുപ്പ് അടക്കം പോര്‍ട്ടിന്റെ ഫയലുകള്‍ നീങ്ങുന്ന എല്ലാ വകുപ്പും മുഖ്യമന്ത്രി കയ്യടക്കി. മംഗലാപുരത്ത് പോയി അദാനി ഗ്രൂപ്പിന്റെ പ്രസിഡന്റുമായി ചര്‍ച്ച നടത്തി. യാത്രയുടെ ഒരു വിവരങ്ങളും ഇപ്പോഴും പുറത്തുവിടുന്നില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. മുന്‍ എം ഡി ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിക്ക് വേണ്ടിയാണെന്ന ആരോപണത്തിലും വി ശിവന്‍കുട്ടി പ്രതികരിച്ചു. താന്‍ പോര്‍ട്ടിന്റെ കമ്മറ്റി മെമ്പര്‍ ആയിരുന്നുവെന്നും ദിവ്യ എസ് അയ്യരെ മാറ്റാന്‍ അദാനി ആവശ്യപ്പെട്ടതായി അറിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ബോര്‍ഡില്‍ അത്തരം അക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

വിഴിഞ്ഞം കരാറില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ മന്ത്രിയും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസും പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്നത് പോലെ കേരളത്തിലും അദാനിക്ക് നടത്താന്‍ കഴിയുന്നുവെന്ന് റിയാസ് പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി. ഭരണം തുടങ്ങി ഒന്നര മാസത്തിനകം തന്നെ സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ന്നു. വിഴിഞ്ഞവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യുന്നത് വി ഡി സതീശനാണ്. ഇതെങ്ങനെ സംഭവിച്ചു എന്ന് ഇപ്പോള്‍ ചര്‍ച്ച നടക്കുകയാണ്. എല്‍ഡിഎഫിന്റെ പ്രതിഷേധം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പൂപോലുമറിയാതെ പൂമ്പാറ്റ തേന്‍ നുകരുന്നതുപോലെ വി ഡി സതീശന്‍ വകുപ്പുകള്‍ കവര്‍ന്നുവെന്നും ഇപ്പോള്‍ കടലും കവരുകയാണെന്നും എ എ റഹീം എംപിയും പരിഹസിച്ചു.

Content Highlights- V. N. Vasavan expressed doubts over the appointment of Rathan Khelkar as the Chief Minister's Secretary. Referring to Khelkar's earlier role as Port Secretary,

dot image
To advertise here,contact us
dot image