

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിദേശനിക്ഷേപം എത്തിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ വിജയം എന്ന് അവകാശപ്പെട്ട ദേശാഭിമാനി നിലപാട് മാറ്റി. വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ ഇന്നത്തെ ദേശാഭിമാനി റിപ്പോര്‍ട്ടില്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഓഹരി കൈമാറ്റത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് യൂടേണ്‍. വിഴിഞ്ഞത്തെ ഓഹരികൈമാറ്റം എല്‍ഡിഎഫ് നേട്ടമാണെന്നായിരുന്നു കഴിഞ്ഞ ദിവസം സിപിഐഎം മുഖപത്രമായ ദേശാഭിമാനി നിലപാടെടുത്തത്. പിണറയി വിജയന്‍ വിഷയത്തില്‍ ആശങ്ക ഉന്നയിച്ചതോടെ വെബ്‌സൈറ്റിലെ ഇത് സംബന്ധിച്ച വാര്‍ത്തയും ദേശാഭിമാനി പിന്‍വലിച്ചിരുന്നു.
കരാര്‍ ലംഘിച്ചാണ് വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം നടക്കുന്നതെന്നും വില്‍പ്പന യാഥാര്‍ത്ഥ്യമായാല്‍ തുറമുഖം എംഎസ്‌സി കമ്പനിയുടെ കുത്തകയായി മാറുമെന്നും ഇന്നത്തെ ദേശാഭിമാനി വിമര്‍ശിക്കുന്നു. തുറമുഖത്തിന്റെ നേട്ടം ആരിലേക്ക് പോകുമെന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവെയ്ക്കുന്നുണ്ട്. 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരി കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം വേണമെന്ന് സഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചുകൊണ്ട് പിണറായി വിജയന്‍ സംസാരിച്ചതും റിപ്പോര്‍ട്ടിലുണ്ട്.
വിദേശ നിക്ഷേപം എല്‍ഡിഎഫ് നേട്ടമെന്ന ദേശാഭിമാനി വാര്‍ത്തയ്‌ക്കെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പരസ്യനിലപാട് എടുത്തിരുന്നു. കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കാന്‍ ഓടരുതെന്നായിരുന്നു തോമസ് ഐസക്കിന്റെ പരിഹാസം. ദേശാഭിമാനി തെറ്റിദ്ധരിച്ചു അവര്‍ തിരുത്തിക്കോളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്നലെയാണ് അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികള്‍ ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്സി സ്വന്തമാക്കുമെന്ന വാര്‍ത്ത പുറത്ത് വന്നത്.
Content Highlights: Deshabhimani Changes Stand on Vizhinjam Foreign Investment